icc world cup
അഭിമാനത്തോടെ രണ്ടാം സ്ഥാനത്തേക്ക് പടിയിറങ്ങൂ സംഗ, തോറ്റത് നിങ്ങളുടെ പിന്‍ഗാമിയോട് തന്നെയാണ്
ഐ.സി.സി ലോകകപ്പിലെ ശ്രീലങ്ക – പാകിസ്ഥാന്‍ മത്സരത്തില്‍ റെക്കോഡ് നേട്ടവുമായി ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസ്. ലോകകപ്പില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയുടെ റെക്കോഡാണ് മെന്‍ഡിസ് സ്വന്തമാക്കിയത്. മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്ററും ലങ്കന്‍ ലെജന്‍ഡുമായ കുമാര്‍ സംഗക്കാരയെ മറികടന്നുകൊണ്ടാണ് മെന്‍ഡിസ് ഈ നേട്ടം സ്വന്തമാക്കിയത്.
65ാം പന്തില്‍ നിന്നാണ് മെന്‍ഡിസ് മൂന്നക്കം കണ്ടത്. ഇതോടെ 2015 ലോകകപ്പില്‍ സംഗക്കാര നേടിയ റെക്കോഡാണ് മെന്‍ഡിസ് തിരുത്തിക്കുറിച്ചത്. അന്ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലാണ് സംഗ ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 73 പന്തില്‍ നിന്നായിരുന്നു സംഗക്കാര സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
അഞ്ച് ദിവസത്തിനിപ്പുറം ഈ റെക്കോഡ് സംഗക്കാര തന്നെ തിരുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ മൂന്ന് പന്ത് കുറവ് നേരിട്ടുകൊണ്ടാണ് റെക്കോഡ് പുസ്തകത്തില്‍ തന്റെ പേര് സംഗക്കാര അടിവരയിട്ടുറപ്പിച്ചത്. ഈ റെക്കോഡാണ് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തകര്‍ന്നുവീണത്.
ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശ്രീലങ്കന്‍ ബാറ്റര്‍
(താരം – എതിരാളികള്‍ – സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്ത് – വര്‍ഷം എന്നീ ക്രമത്തില്‍)
കുശാല്‍ മെന്‍ഡിസ് – പാകിസ്ഥാന്‍ – 65 – 2023
കുമാര്‍ സംഗക്കാര – ഇംഗ്ലണ്ട് – 70 – 2015
കുമാര്‍ സംഗക്കാര – ബംഗ്ലാദേശ് – 73 – 2015
മത്സരത്തില്‍ നേരത്തെ മെന്‍ഡിസിന് ജീവന്‍ തിരിച്ചുകിട്ടിയിരുന്നു. 18 പന്തില്‍ 18 റണ്‍സ് നേടി നില്‍ക്കവെ മെന്‍ഡിസിന്റെ ക്യാച്ച് ബാക്ക്‌വാര്‍ഡ് പോയിന്റില്‍ നിന്ന ഇമാം ഉള്‍ ഹഖ് കൈവിട്ടുകളയുകയായിരുന്നു.
ജീവന്‍ തിരിച്ചുകിട്ടിയ മെന്‍ഡിസ് ആ അവസരം കൃത്യമായി വിനിയോഗിക്കുകയും ചെയ്തു. 77 പന്തില്‍ 122 റണ്‍സ് നേടിയാണ് മെന്‍ഡിസ് കളം വിട്ടത്. 14 ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെടെയായിരുന്നു മെന്‍ഡിസ് റണ്‍സടിച്ചുകൂട്ടിയത്.
മെന്‍ഡിസിന് പുറമെ സൂപ്പര്‍ താരം സധീര സമരവിക്രമയും സെഞ്ച്വറി നേടിയിരുന്നു. 89 പന്തില്‍ നിന്നും 108 റണ്‍സ് നേടിയാണ് സമരവിക്രമ കളം വിട്ടത്. 11 ഫോറും രണ്ട് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഓപ്പണര്‍ പാതും നിസംഗയും ലങ്കന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. 61 പന്തില്‍ 51 റണ്‍സുമായാണ് നിസംഗ കളം വിട്ടത്.
അതേസമയം, നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് ശ്രീലങ്ക നേടിയത്.
പാകിസ്ഥാനായി ഹസന്‍ അലി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാരിസ് റൗഫ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രിദി എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
Content highlight: Kushal Mendis surpasses Kumar Sangakkara to score fastest century in World Cup by a Sri Lankan batter