Film News
ദുല്‍ഖര്‍ അക്കാര്യം പറഞ്ഞപ്പോള്‍ ഉണ്ടായ ആത്മവിശ്വാസം വളരെ വലുതായിരുന്നു; ദുല്‍ഖറിന്റെ വളര്‍ച്ചയാണ് കുറുപ്പിന് കാരണം; തുറന്നു പറച്ചിലുമായി ശ്രീനാഥ് രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 07, 12:52 pm
Sunday, 7th November 2021, 6:22 pm

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറുപ്പ്. നവംബര്‍ 12ന് തിയേറ്ററില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നതും ദുല്‍ഖര്‍ തന്നെയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പ് നിര്‍മിക്കാനൊരുങ്ങിയതിന്റെയും, ദുല്‍ഖര്‍ എന്ന നടന്റെ വളര്‍ച്ചയേയും കുറിച്ച് സംസാരിക്കുകയാണ് സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഇക്കാര്യം പറയുന്നത്.

‘ഒരുപാട് പഠനം ആവശ്യമായി വന്ന ചിത്രമായിരുന്നു കുറുപ്പ്. ഒരു കാലത്തെ തന്നെ പുനഃസൃഷ്ടിക്കുകയായിരുന്നു സിനിമയില്‍. ഒരുപാട് ആളുകളോട് സംസാരിച്ചും പഠനങ്ങള്‍ നടത്തിയുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

തിരക്കഥ വായിച്ചപ്പോള്‍ ‘വേറെ നിര്‍മാതാക്കളെ അന്വേഷിക്കേണ്ടാ, ഞാന്‍തന്നെ നിര്‍മിക്കും’ എന്ന് ദുല്‍ഖര്‍ പറഞ്ഞത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്,’ ശ്രീനാഥ് രാജേന്ദ്രന്‍ ഫറയുന്നു.

2012 മുതല്‍ സിനിമയുടെ ചര്‍ച്ചയുണ്ടായപ്പോള്‍ തന്നെ നായകനായി ദുല്‍ഖറിനെയാണ് കണ്ടതെന്നും, സെക്കന്റ് ഷോയില്‍ കേവലം പുതുമുഖതാരമായിരുന്ന ദുല്‍ഖര്‍ കഠിനാധ്വാനം കൊണ്ട് മാര്‍ക്കറ്റിലെ മൂല്യമേറിയ താരമായി മാറിയെന്നും ശ്രീനാഥ് പറയുന്നു.

തമിഴിലും തെലുങ്കിലും ഹിന്ദിയിലും പോയി മികച്ച സിനിമകള്‍ ചെയ്ത് താരം അവിടെയും മാര്‍ക്കറ്റ് വാല്യു ഉണ്ടാക്കിയെടുത്തെന്നും, ദുല്‍ഖറിന്റെ വളര്‍ച്ചതന്നെയാണ് വിവിധ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യാനുള്ള ധൈര്യം തങ്ങള്‍ക്ക് തരുന്നതെന്നും ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ്.

നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kurup director Sreenath Rajendran about Dulquer Salman