മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി എടുത്തതിലല്ല, മുസ്‌ലിം സമുദായത്തിലെ ഒരു മന്ത്രിക്ക് കൊടുത്തിട്ട് തിരിച്ചെടുത്തതാണ് പ്രശ്‌നമെന്ന് കുഞ്ഞാലിക്കുട്ടി. ഇത് വലിയ ഇന്‍സള്‍ട്ടാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി. അബ്ദുറഹ്‌മാന് നല്‍കാന്‍ തീരുമാനിച്ച ശേഷം മാറ്റിയതിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
‘ഒരു മന്ത്രിക്ക് എന്ത് വകുപ്പ് കൊടുത്തു കൊടുത്തില്ല എന്നതല്ല, കൊടുത്തിട്ട് തിരിച്ചെടുത്തു എന്നതാണ്. തിരിച്ചെടുക്കാനുള്ള കാരണം ബന്ധപ്പെട്ട ഒരു സമുദായം കൈകാര്യം ചെയ്യുന്നത് ശരിയല്ല എന്നതുകൊണ്ടാണെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.
ഇതിനെക്കാള്‍ വലിയൊരു ഇന്‍സള്‍ട്ട് വേറെയുണ്ടോ? ആര്‍ക്ക് എന്ത് കൊടുത്താലും അത് കുഴപ്പമില്ല. കൊടുത്തിട്ട് തിരിച്ചെടുത്തു എന്നതാണ് കാരണം. ഇത് വലിയ ഇന്‍സള്‍ട്ട് ആണ്.
മതേതര പാരമ്പര്യത്തിന് തിരിച്ചടിയാണ്. ഇവിടെ ആര് എന്ത് കൈകാര്യം ചെയ്താലെന്താ? അതൊരു സമുദായക്കാരന്‍ കൈകാര്യം ചെയ്താലെന്താ?, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം ലീഗ് നേതൃമാറ്റത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും വരുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ലീഗ് നേതൃത്വം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര സമിതി ഇന്ന് യോഗം ചേര്‍ന്നതിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍.
സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. പാര്‍ട്ടി ശത്രുക്കള്‍ പടച്ചുവിടുന്ന ഇത്രയും വാര്‍ത്തകള്‍ മാധ്യമങ്ങളിലടക്കം വന്നിട്ടുണ്ട്. പാണക്കാട് കുടുംബത്തെ പേരെടുത്ത് പറയുന്നുണ്ടെന്നും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
കൊവിഡിന്റെ രൂക്ഷത കുറഞ്ഞ് വരുന്നതിന്റെ സാഹചര്യത്തില്‍ പാര്‍ട്ടി ഭാരവാഹികളുടെ യോഗം വിളിച്ച് ചേര്‍ത്ത് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും മറ്റുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്നും അത് മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ കഴിഞ്ഞ ശേഷം തീരുമാനിക്കേണ്ട കാര്യമാണെന്നുമാണ് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്.