Custodial Death
എന്റെ മോന്‍ പൊലയനായത് കൊണ്ടല്ലേ സാറേ അവനെ കൊന്നു കളഞ്ഞത്? പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കുഞ്ഞുമോന്റെ അമ്മ ആ ദിവസം പറയുന്നു
അമേഷ് ലാല്‍
2018 Jul 27, 10:54 am
Friday, 27th July 2018, 4:24 pm

“എന്റെ മകന്‍ മരിച്ച ശേഷം ആര്‍.എസ്.എസുകാര് ഇവിടെ വന്നു. അവരുടെ കൂടെ ഞാന്‍ കുണ്ടറ സ്റ്റേഷന്റവിടെ പോയി. ആ എസ്.ഐയോട് ഞാന്‍ ചോദിച്ച് സാറേ, എന്റെ മോന്‍ പൊലയനായത് കൊണ്ടല്ലേ സാറേ അവനെ കൊന്നു കളഞ്ഞത്? ഒരു ആര്‍.എസ്.എസ് കാരന്റെ വീട്ടീന്ന് അവരുടെ ഒരു കുഞ്ഞിനെയാണ് നിങ്ങളിങ്ങനെ പിടിച്ചോണ്ട് വന്നു ചെയ്തതെങ്കി ഇപ്പൊ ഈ സ്റ്റേഷന്‍ ഇവിടിങ്ങനെ കാണുവോ സാറേ? ” കൊല്ലം ജില്ലയിലെ കുണ്ടറ തൊണ്ടിറക്ക് മുക്കിലെ വീട്ടില്‍ മകന്റെ ഫോട്ടോയ്ക്ക് മുന്നിലിരുന്ന് ചെല്ലമ്മ സംസാരിക്കുന്നു…

2017 ഒക്ടോബറില്‍ കുണ്ടറ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട കുഞ്ഞുമോന്‍ എന്ന ദളിത് യുവാവിന്റെ അമ്മയാണ് ചെല്ലമ്മ. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പോലീസുകാര്‍ ഉരുട്ടിക്കൊന്ന തിരുവനന്തപുരത്തെ ഉദയകുമാറിന് നീതി ലഭിച്ചതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോഴും ഈ അമ്മയ്ക്ക് നീതി ഇനിയും അകലെയാണ്.

2017 ഒക്ടോബര്‍ മാസം 24 ന് പുലര്‍ച്ചെയാണ് വീട് വളഞ്ഞ പോലീസുകാര്‍ കുഞ്ഞുമോനെ കസ്റ്റഡിയില്‍ എടുത്തത്. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ അടയ്ക്കാനുള്ള 3000 രൂപ പിഴ ഒടുക്കിയില്ല എന്നതായിരുന്നു കുഞ്ഞുമോന്‍ ചെയ്ത കുറ്റം. രാത്രി കിടന്ന വേഷത്തോടെ പോലീസുകാര്‍ കൊണ്ട് പോയ മകനെ പിന്നെ ചെല്ലമ്മയ്ക്ക് തിരികെ കിട്ടുന്നത് മൃതദേഹമായിട്ടാണ്.

 

 

ഒക്ടോബര്‍ ആദ്യം ഒരു ദിവസം ഒരു പോലീസുകാരന്‍ ഇവിടെ വന്നു ഒരു സമന്‍സ് തന്നു. ഞാനത് പിറ്റേന്ന് തന്നെ മോന്റെ കയ്യില്‍ കൊടുത്തു, അടയ്ക്കാനുള്ള പൈസയും കൊടുത്തു. അപ്പോള്‍ കാല് ചൊറിഞ്ഞു പൊട്ടി ജോലിക്ക് പോകാന്‍ പറ്റാതെ വീട്ടില്‍ ഇരിക്കുവാരുന്നു മോന്‍. ആയുര്‍വേദ ചികിത്സയായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞു അപ്പുറത്തെ വീട്ടിലെ ഒരു ചെറുക്കനെ തെരക്കി പോലീസുകാര്‍ വന്നു. അപ്പൊ മോന്‍ എന്നോട് പറഞ്ഞു അമ്മേ ചെലപ്പോ എന്നേം തെരക്കി അവര് വരുവാരിക്കും എന്ന്. ഞാന്‍ ചോദിച്ച് അതെന്താ മോനെ നീ പൈസ അടച്ചില്ലേ ? മരുന്നിന് എല്ലാം കൂടി പത്ത് രണ്ടായിരം രൂപയായി അമ്മേ അത് കൊണ്ട് അടച്ചില്ല എന്നും പറഞ്ഞു. അപ്പോ ഞാന്‍ ആലോചിച്ചതേ ഇല്ല എന്റെ മോന്റെ ജീവനെടുക്കുമെന്ന്. കണ്ണീരോടെ ചെല്ലമ്മ പറയുന്നു.

രാത്രി ഒരു മണി ഒക്കെ കഴിഞ്ഞു കാണും. വാതിലില്‍ തട്ടുന്ന കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ആരാന്നു ചോദിച്ചപ്പോ കുഞ്ഞുമോന്‍ ഉണ്ടോന്നു ചോദിച്ചു. ഞാന്‍ ഈ അടുക്കള വാതിക്കല്‍ ചെന്ന് നോക്കിയപ്പോ പോലീസുകാരാണ്. ഞാന്‍ ചോദിച്ച് എന്താ സാറേ കാര്യം? അപ്പോഴേക്കും മോന്‍ എണീറ്റ് ഈ വാതിലും തുറന്നു. ഒരു പോലീസുകാരന്‍ ചാടി അകത്തേക്കും കേറി. ഞാന്‍ പിന്നേം ചോദിച്ച് എന്താ സാറേ കാര്യമെന്ന്. അപ്പൊ ഒരു പോലീസുകാരന്‍ പറഞ്ഞ് പെറ്റി അടയ്ക്കാത്തോണ്ട് വാറന്റായി. അറസ്റ്റ് ചെയ്യുകയാണെന്ന്. സാറേ എന്റെ അമ്മ ഒറ്റയ്‌ക്കേ ഉള്ളൂ, നാളെ രാവിലെ ഞാന്‍ പൈസ കൊണ്ടടയ്ക്കാം എന്നൊക്കെ എന്നൊക്കെ മോന്‍ പറഞ്ഞു നോക്കി. അവര് കേട്ടില്ല.

ഞാന്‍ കരഞ്ഞു പറഞ്ഞതാ സാറേ കൊണ്ട് പോകല്ലേ സാറേ, നാളെ രാവിലെ ഞാന്‍ പൈസ അടയ്ക്കാം എന്ന്. ആ ഇട്ടിരുന്ന ബനിയനോടെ തന്നെ അവനെ കൊണ്ട് പോയി. അവന് സേതു വക്കീലിനെ വിളിക്കണമെന്ന് പറഞ്ഞപ്പോ അതൊക്കെ ഞങ്ങള് വിളിച്ചോളാമെടാ നീ ഇറങ്ങെന്നാ അവര് പറഞ്ഞത്. ഞാന് ആ വഴി വരെ അവരുടെ പിറകേ ചെന്ന് സാറേ എന്റെ മോനെ കൊണ്ട് പോകല്ലേ സാറേന്ന് പറഞ്ഞപ്പോ അങ്ങോട്ട് മാറി നിക്ക് തള്ളേ, വെറുതെ അയല്ക്കാരെ എളക്കാതെ എന്നും പറഞ്ഞ് എന്നെ പിടിച്ച് മാറ്റി. അതിലൊരു പോലീസുകാരന് അമ്മേ അമ്മയൊരു കാര്യം ചെയ്യ് നാളെ എട്ടു മണിയാകുമ്പം ഒരു 3000 രൂപയുമായിട്ട് സ്റ്റേഷനിലോട്ട് വാ എന്നും പറഞ്ഞു.

 

ഞാന് പിറ്റേന്ന് രാവിലെ അടുത്തൊരു വീട്ടീന്ന് പൈസയും വാങ്ങി സ്റ്റേഷനില് ചെന്നപ്പോ എന്റെ മോന് അവിടെ ഇരിക്കുന്നുണ്ട്. വേറെയും അഞ്ചാറ് പേര് അവന്റെ കൂടെ പിടിച്ചവരും ഉണ്ടായിരുന്നു. അപ്പൊ മോന് പറഞ്ഞു അമ്മേ ഇനി കോടതീ കൊണ്ട് പോയിട്ടേ വിടൂ അമ്മ പൊക്കോ എന്ന്. ഞാന് പറഞ്ഞു സാരമില്ല ഞാന് പിന്നെ പോകാം എന്നും പറഞ്ഞ് അവിടെ നിന്നതാ, അപ്പൊ ഒരു പോലീസുകാരന് എന്നോട് പറഞ്ഞ് നിങ്ങക്കെന്താ നിങ്ങടെ മോനെ വിശ്വാസമില്ലേ പൈസ അവന്റെ കൈയില് കൊടുത്തിട്ട് പൊക്കോ എന്ന്. എന്റെ മോനെ എനിക്ക് വിശ്വാസക്കുറവൊന്നും ഇല്ല സാറേ എന്ന് ഞാനും പറഞ്ഞു. അപ്പൊ മോന് പറഞ്ഞു , അമ്മ പൊക്കോ അമ്മേ സാരമില്ല, ഇവിടെ വേറേം ആളുകളുണ്ട്. ഞാന് വേഗം വരാം എന്ന്. അങ്ങനെ ഞാനാ മൂവായിരം രൂപയും കൊടുത്തിട്ട് വീട്ടില് വന്നു അരി അടുപ്പത്തിട്ട് കഴിഞ്ഞപ്പോ ഒരു ഫോണ് വന്നു.

അമ്മേ ഞാന് കുഞ്ഞുമോന് അണ്ണന്റെ കൂടെ സ്റ്റേഷനില് ഉണ്ടായിരുന്നതാ, കുഞ്ഞുമോന് അണ്ണന് തല കറങ്ങി വീണ് ആശുപത്രിയിലോട്ട് കൊണ്ട് പോയെന്ന് പറഞ്ഞു. ഞാനിവിടെ കെടന്ന് നെലവിളിച്ച് എല്ലാരും കൂടി. അപ്പുറത്തുള്ള ഒരു കൊച്ച് പെണ്ണിനേം കൂട്ടി ഞാന് ഓടി സ്റ്റേഷനില് ചെന്നപ്പോ പറഞ്ഞ് ജില്ലാ ആശുപത്രിയിലോട്ട് കൊണ്ട് പോയെന്ന്. ഞങ്ങളവിടെ ചെന്നപ്പോ എന്റെ മോന് അനക്കമില്ലാതെ കിടക്കുവാ, രണ്ടു പോലീസുകാര് അപ്പറോം ഇപ്പുറോം കാലുമാട്ടി ഇരിപ്പുണ്ട്. ഞാന് എന്റെ കുഞ്ഞിനെ എന്ത് ചെയ്തു സാറേന്നും ചോദിച്ച് കരഞ്ഞപ്പോ അവര് പറഞ്ഞു നിങ്ങടെ മോന് തല കറങ്ങി വീണതാണെന്ന്. ഞാന്‍ മോനേ മോനെന്ന് വിളിച്ചപ്പോ അനക്കം പോലുമില്ല. ഡോക്ടര് വന്നപ്പോ പറഞ്ഞു വേഗം മെഡിക്കല് കോളേജില് കൊണ്ട് പോകാന്.

 

മോനെ ആംബുലന്‌സില് കയറ്റി ഞങ്ങളോടും കേറാന് പറഞ്ഞു പോലീസുകാര്. ഞാന് പറഞ്ഞു സാറേ ഞങ്ങള്ക്ക് ഒറ്റയ്ക്ക് പോകാന് അറിഞ്ഞൂടാന്ന്. നിങ്ങള് പൊക്കോ ഞങ്ങള് പിറകെ വരാമെന്നും പറഞ്ഞ് പെറ്റി അടക്കാന് കൊടുത്ത മൂവായിരം രൂപയും എന്റെ കയ്യിലോട്ട് തന്നു. ഇവര്‍ കൂടെ ഉണ്ടാകുമെന്ന് കരുതി ഞങ്ങള് കേറി പോയി. അവിടെ ചെന്നപ്പോ ആരുമില്ല. അവിടെ ഒരു പരിചയോമില്ലാതെ തളര്‍ന്നു കിടക്കുന്ന മോനേം കൊണ്ട് ഞാന് ഇങ്ങനെ നിന്നു. ഒരു ഡോക്ടര് വന്നു നോക്കിയിട്ട് ചോദിച്ചു ആരാ ഇയാളുടെ തലക്ക് അടിച്ചതെന്ന്. എന്റെ മോനെ അവര് അടിച്ച് കൊന്നതാരിക്കും. അല്ലാതെ അവനു ഒരു അസുഖവും ഇല്ലാരുന്നു. അങ്ങനെ അവിടെ കിടന്നു നാല് ദിവസം കഴിഞ്ഞപ്പോ ഒക്ടോബര് 26 ന് എന്റെ മോന് പോയി. എനിക്കാരും ഇല്ലാതായി.

കുഞ്ഞുമോന്റെ മരണത്തെ തുടര്ന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള് സ്റ്റേഷന്‍ ചുമതലയുള്ള എസ്.ഐക്ക് സ്ഥലം മാറ്റം നല്‍കിയതില്‍ ഒതുങ്ങി സര്‍ക്കാര്‍ നടപടി. കസ്റ്റഡി മരണത്തെ കുറിച്ച് അന്വേഷിക്കാനോ കുറ്റക്കാരെ ശിക്ഷിക്കാനോ യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. നിയമത്തിന്റെ നൂലാമാലകളെ കുറിച്ച് അറിവില്ലാത്ത ഈ അമ്മ പല സ്ഥലങ്ങളിലും പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇത് വരെ ഒരു അന്വേഷണവും നടന്നിട്ടില്ലെന്ന് ബന്ധുവായ മനുവും പറയുന്നു. തലയില് രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും മനു പറഞ്ഞു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായതോടെ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കുഞ്ഞുമോന്റെ വീട് സന്ദര്‍ശിക്കുകയും ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

 

മന്ത്രി വന്നു പൈസയൊക്കെ തരുമെന്നൊക്കെ പറഞ്ഞു, ഇതുവരെ ആരും എനിക്ക് ഒരു രൂപ പോലും തന്നിട്ടില്ല. ഒരു പാര്‍ട്ടിക്കാരും പിന്നെ ഇവിടെ വന്നിട്ടില്ല. ആരൊക്കെയോ വന്നു എഴുതി കൊണ്ട് പോയി, ഈ പേപ്പറുകളൊക്കെ എന്റെ കയ്യീന്ന് വാങ്ങിക്കൊണ്ട് പോയി. ഒരു അന്വേഷണവും ഒന്നും നടന്നിട്ടില്ല. അതൊക്കെ എന്തായി എന്നും എനിക്കറിയില്ല. ഇനി ഈ വയസ്സായ ഒന്നും അറിയാത്ത ഞാന്‍ എങ്ങനെ അതിന്റെയൊക്കെ പിറകേ പോകാനാണ്? എന്റെ മോനേം അവര്‍ കൊണ്ട് പോയി. ഈ കുണ്ടറ ഇരിക്കുന്ന പോലത്തെ ദുഷ്ടന്മാര് വേറെ എവിടേം കാണത്തില്ല. ഇനി ഒരു കുഞ്ഞിനും ഇങ്ങനൊരു ഗതി വരാതിരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. നിറകണ്ണുകളോടെ ചെല്ലമ്മ പറഞ്ഞു നിര്‍ത്തി.

അമ്മയ്ക്ക് ഓണക്കോടി വാങ്ങാന്‍ ബോണസ് വാങ്ങി സൂക്ഷിച്ചിരുന്ന പണത്തിന്റെ പേരിലാണ് ഉദയകുമാറിനെ ഉരുട്ടിക്കൊന്നത്. 2005 സെപ്റ്റംബര്‍ 27-നാണ് ഫോര്‍ട്ട് പോലീസ് സി.ഐ. ഇ.കെ.സാബുവിന്റെ ക്രൈംസ്‌ക്വാഡ് ഉദയകുമാറിനെ പിടികൂടിയത്. ഉദയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന പണത്തെചൊല്ലിയുള്ള ചോദ്യം ചെയ്യലിനെത്തുടര്‍ന്നായിരുന്നു കൊല.

പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍, എസ്.ഐ. ടി.അജിത്കുമാര്‍, സി.ഐ. ഇ.കെ.സാബു, എ.സി. ടി.കെ.ഹരിദാസ് എന്നിവരായിരുന്നു പ്രതികള്‍.

മദ്യപിച്ച് വാഹനമോടിച്ചതിന് അടയ്‌ക്കേണ്ട 3000 രൂപയുടെ പെറ്റിയുടെ പേരിലാണ് ഈ അമ്മയ്ക്ക് മകനെ നഷ്ടമായത്. പിന്തുടരാനും പിറകേ പോകാനും ആരും ഇല്ലാത്തതിനാല്‍ നീതിക്ക് വേണ്ടിയുള്ള ചെല്ലമ്മയുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. പണി പൂര്‍ത്തിയാകാത്ത ആ കൊച്ചു വീടിന്റെ പടിക്കല്‍… ഒറ്റയ്ക്ക്…