Entertainment
ചെറിയൊരു അഹങ്കാരം ഉണ്ടായിരുന്നു; പക്ഷെ ബോഗെയ്ന്‍വില്ലയിലെ ഡാന്‍സ് കണ്ട് ഇസഹാക്ക് പറഞ്ഞത്..: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 16, 03:18 am
Wednesday, 16th October 2024, 8:48 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമയില്‍ നന്നായി ഡാന്‍സ് ചെയ്യുന്ന ഒരു നടന്‍ കൂടെയാണ് അദ്ദേഹം. ഈയിടെ കുഞ്ചാക്കോ ബോബന്‍ തന്റെ മകന്‍ ഇസഹാക്കിന്റെ കൂടെ ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.

ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ബോഗെയ്ന്‍വില്ലയിലെ ഡാന്‍സ് കണ്ടിട്ട് ഇസഹാക്ക് എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കുഞ്ചാക്കോ ബോബന്‍. സ്തുതി പാട്ടില്‍ താന്‍ കളിച്ച ഡാന്‍സിന്റെ ഹുക്ക് സ്റ്റെപ്പ് ഇസഹാക്കിന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവിടെയാണ് ഞാന്‍ വളരെ ഹാപ്പിയായത്. അവന്‍ ഡാന്‍സില്‍ അത്യാവശ്യം ടൈമിങ്ങും കാര്യങ്ങളുമുള്ള ആളാണ്. അവന് ഡാന്‍സില്‍ സ്വന്തമായുള്ള മൂവ്‌സും കാര്യങ്ങളുമൊക്കെയുണ്ട്. വളരെ രസമുള്ള പരിപാടികളാണ് അവന്റേത്.

അതുകൊണ്ട് തന്നെ അവന് ചെറിയ ഒരു അഹങ്കാരം ഉണ്ടായിരുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. താന്‍ അത്യാവശ്യം അടിപൊളി ഡാന്‍സറാണോ എന്നുള്ള സംശയം അവന് തന്നെ ഉണ്ടായിരുന്നു. എനിക്കാണെങ്കില്‍ ഒരു ചെറിയ പെരുന്തച്ചന്‍ കോംപ്ലെക്‌സ് അവനോട് തോന്നി തുടങ്ങിയിരുന്നു (ചിരി).

കാരണം ഇടക്ക് എന്നെക്കാള്‍ കൂടുതല്‍ അറ്റന്‍ഷന്‍ അവന് കിട്ടുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. പക്ഷെ സ്തുതിയിലെ ഹുക്ക് സ്റ്റെപ്പ് ആശാന് ഇതുവരെ പിടികിട്ടിയിട്ടില്ല (ചിരി). ഞാന്‍ അപ്പോള്‍ അവനോട് പറഞ്ഞത് ‘മോനേ, അയാം യുവര്‍ ഡാഡ്’ എന്നാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന സിനിമയാണ് ബോഗെയ്ന്‍വില്ല. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പുറമെ ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങളാണ് ഒന്നിക്കുന്നത്.

Content Highlight: Kunchacko Boban Talks About His Son Izahaak Boban Kunchacko And Bougainvillea Movie