കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബോഗെയ്ന്‍വില്ല. ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന സിനിമയാണ് ഇത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പുറമെ ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങളാണ് ഒന്നിക്കുന്നത്.
ഈയിടെ ആയിരുന്നു സിനിമയിലെ ഒരു പ്രൊമോ ഗാനം പുറത്തിറങ്ങിയത്. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ച ‘സ്തുതി’ എന്ന ആ പാട്ട് നിമിഷങ്ങള്‍ക്കകം തന്നെ ശ്രദ്ധ നേടിയിരുന്നു. അതില്‍ കുഞ്ചാക്കോ ബോബന്റെ ഡാന്‍സും ജ്യോതിര്‍മയിയുടെ ഗെറ്റപ്പുമായിരുന്നു വലിയ ചര്‍ച്ചയായത്. ഇപ്പോള്‍ പാട്ടിലെ തന്റെ ഡാന്‍സിനെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘എനിക്ക് സ്തുതി എന്ന പാട്ടിലെ ഡാന്‍സ് ഒരു ബുദ്ധിമുട്ടായിരുന്നില്ല, പകരം ടെന്‍ഷന്‍ ആയിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് പഠിച്ച് ചെയ്യുന്ന ആളാണ് എന്നത് എല്ലാവരുടെയും ഒരു തെറ്റിദ്ധാരണയാണ്. ഞാന്‍ സത്യത്തില്‍ ഡാന്‍സ് പഠിച്ചിട്ടില്ല. ഒരു വര്‍ഷം ഭരതനാട്യമായിരുന്നു പഠിച്ചത്. അതും അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു.
ഞാന്‍ ചെയ്ത സിനിമകളില്‍ ഒരുപാട് നല്ല ഗാന രംഗങ്ങളും ഡാന്‍സ് സ്റ്റെപ്പുകളും വന്നിരുന്നു. അത് അത്യാവശ്യം ഹിറ്റായത് കൊണ്ടാകണം അങ്ങനെയൊരു മുള്‍കിരീടം എന്റെ മേല്‍ വന്നത്. ഇപ്പോള്‍ ഒരുപാട് നാളായി ഡാന്‍സോ പരിപാടികളോ ഇല്ലായിരുന്നു. പിന്നെ ഒരുപാട് നാളിന് ശേഷമാണ് ഈ അവസരം ലഭിക്കുന്നത്.
ഇന്‍സ്റ്റയിലും റീല്‍സിലുമൊക്കെ ഓരോ പയ്യന്മാര്‍ വന്ന് പിടക്കുന്നത് നമ്മള്‍ കണ്ടതാണ്. അങ്ങനെയൊക്കെ ചെയ്താല്‍ കയ്യും കാലും ഒടിയുമോയെന്ന് സംശയിച്ചു. അതുകൊണ്ട് എന്റെ കാല് വിറക്കുകയായിരുന്നു. അത് എന്റെ സ്റ്റെപ്പായിരുന്നോ അതോ കാലിന്റെ വിറയല്‍ കറക്ട് മീറ്ററില്‍ സിങ്കായതാണോ എന്ന് സംശയമുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Content Highlight: Kunchacko Boban Talks About His Dance In Bougainvillea