'പെട്രോള്‍ വിലവര്‍ധനയില്‍ മുന്‍ സര്‍ക്കാരിനെതിരെ രോഷം കൊള്ളുന്ന വീഡിയോകള്‍ സ്വയം കാണുന്ന മോദി'; ട്രോളി കുനാല്‍ കമ്ര
national news
'പെട്രോള്‍ വിലവര്‍ധനയില്‍ മുന്‍ സര്‍ക്കാരിനെതിരെ രോഷം കൊള്ളുന്ന വീഡിയോകള്‍ സ്വയം കാണുന്ന മോദി'; ട്രോളി കുനാല്‍ കമ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st February 2021, 8:20 pm

ന്യൂദല്‍ഹി: ഇന്ധനവിലവര്‍ധനവില്‍ കേന്ദ്രത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ഈ സമയത്ത് പെട്രോള്‍ വിലവര്‍ധനവില്‍ മുന്‍ സര്‍ക്കാരുകള്‍ക്കെതിരെ പരസ്യവിമര്‍ശനം നടത്തിയ വീഡിയോകള്‍ സ്വയം കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്രോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. സ്റ്റാന്റ് അപ്പ് കൊമേഡിയനായ കുനാല്‍ കമ്രയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

ആഹാ! എന്തൊരു കാഴ്ചയാണ് എന്ന തലക്കെട്ടോടെയാണ് കുനാല്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്തെ ഇന്ധനവില വര്‍ധനവിനെതിരെ മോദി രൂക്ഷവിമര്‍ശനം നടത്തുന്നതും ആ പ്രസംഗങ്ങള്‍ മോദി തന്നെ ഇപ്പോള്‍ ഇരുന്ന് കാണുന്നതുമായ വീഡിയോയാണ് കുനാലിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.

അതേസമയം രാജ്യത്ത് തുടര്‍ച്ചയായി പതിമൂന്ന് ദിവസം ഇന്ധന വില കൂട്ടിയിരുന്നു. പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷം ഉയരുകയാണ്.

രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോളിന്റെ വില നൂറ് കടന്നു. ഡീസലിന്റെ വിലയും 90 രൂപക്ക് മുകളിലായിരുന്നു. ഇന്ധനവില വര്‍ധനവ് പച്ചക്കറിയുടെയും മറ്റു അവശ്യ സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ സമരങ്ങള്‍ നടന്നുവരുന്നുണ്ട്.

വില വര്‍ധനവ് തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. വലിയ നികുതി നഷ്ടമുണ്ടാക്കുന്നതിനാല്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ അനുകൂലിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ധനവില വര്‍ധനവില്‍ പരിഹാരമാവശ്യപ്പെട്ട് ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിക്കുന്നതിനോടൊപ്പം അവയ്ക്ക് മേലുള്ള എക്‌സൈസ് നികുതിയും കേന്ദ്രം കുത്തനെ വര്‍ധിപ്പിക്കുന്നതെന്തിനെന്ന് കത്തില്‍ സോണിയ ചോദിച്ചു.

ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്തം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇന്ധനവിലയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ എക്‌സൈസ് നികുതി പിന്‍വലിക്കണമെന്നും സോണിയ കത്തില്‍ ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kunal Kamra Shares Troll Video Of Narendra Modi Reacting Fuel Price