പണി നിര്‍ത്തി പോടോ മോദി: കുനാല്‍ കമ്ര
national news
പണി നിര്‍ത്തി പോടോ മോദി: കുനാല്‍ കമ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th February 2021, 4:27 pm

മുംബൈ: തൊഴിലില്ലായ്മക്കെതിരെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസ ട്വീറ്റുമായി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. #modi_job_do (മോദി ജോലി തരൂ) എന്ന ഹാഷ്ടാഗിനൊപ്പമാണ് മോദി, പണി നിര്‍ത്തി  പോടോയെന്ന് കുനാല്‍ ട്വീറ്റ് ചെയ്തത്.

ഞായറാഴ്ചയിലെ പ്രധാനമന്ത്രിയുടെ മന്‍കീ ബാത്തിന് പിന്നാലെ അഞ്ച് ദിവസമായി ‘മോദി റോസ്ഗര്‍ ദോ’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പേരാണ് ഈ ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മിനുറ്റുകള്‍ക്കൊണ്ടാണ് തൊഴിലില്ലായ്മക്കെതിരെ ട്വിറ്ററില്‍ ആരംഭിച്ച ക്യാമ്പയിനില്‍ ആളുകള്‍ അണിനിരന്നത്.

ഈ ക്യാംപെയ്‌നിന്റെ ഭാഗമായി നേരത്തെയും കുനാല്‍ കമ്ര പ്രതികരിച്ചിരുന്നു. ജോലി തന്നില്ലെങ്കില്‍ ഇവിടെയുള്ളവരെല്ലാം ‘എന്റയര്‍ പൊളിറ്റിക്‌സ്’ പഠിക്കാന്‍ വരുമെന്നുമായിരുന്നു കുനാലിന്റെ ഒരു ട്വീറ്റ്. തനിക്ക് എന്റയര്‍ പൊളിറ്റിക്‌സില്‍ ബിരുദമുണ്ടെന്നായിരുന്നു മോദിയുടെ അവകാശവാദം.

സാധാരണ മനുഷ്യന്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നെന്ന് പറയുന്നു, സാധാരണ യുവാക്കള്‍ തൊഴിലില്ലായ്മയെ കുറിച്ച് പറയുന്നു. പക്ഷെ, ഭക്ത് ലോജിക്ക് മാത്രം സിയാച്ചനില്‍ നമ്മുടെ പട്ടാളക്കാര്‍ യുദ്ധം ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്.


കൂടുതലും വിദ്യാര്‍ത്ഥികളാണ് വര്‍ദ്ധിക്കുന്ന തൊഴില്‍ ഇല്ലായ്മയില്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്തെ വലിയ സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദാനന്തര ബിരുദം ഉള്‍പ്പെടെ നേടിയിട്ടും തങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.
മോദിയുടെ വാചകമടി കൊണ്ട് മാത്രം കാര്യമില്ല തങ്ങള്‍ക്ക് തൊഴില്‍ വേണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്.

റെയില്‍വേ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍വ്വീസിലേക്ക് ആളുകളെ എടുക്കാന്‍ വൈകുന്നതിലും വിദ്യാര്‍ത്ഥികള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. മോദി സര്‍ക്കാര്‍ പറഞ്ഞ രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ എവിടെയെന്നും ഒരുപാട് പേര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്.

സ്വകാര്യവത്കരണത്തിലൂടെ എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണ് എന്ന വിമര്‍ശനവും വലിയ തോതില്‍ ഉയരുന്നുണ്ട്. നേരത്തെയും കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് തൊഴില്‍രഹിതര്‍ വര്‍ദ്ധിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ ഭാഗമായി റെയില്‍വേയിലുള്‍പ്പെടെ നിയമനങ്ങള്‍ നടക്കാത്ത പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ സ്റ്റോപ്പ് പ്രൈവറ്റൈസേഷന്‍ സേവ് ഗവണ്‍മെന്റ് ജോബ് എന്ന ക്യാമ്പയിന്‍ ട്വിറ്ററില്‍ ആരംഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kunal Kamra against Narendra Modi tweets