ന്യൂദല്‍ഹി:ബന്ധു നിയമനവിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിന് സുപ്രീംകോടതിയിലും തിരിച്ചടി. ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളുമെന്ന് അറിയിച്ചതോടെ ജലീല്‍ പിന്‍വലിച്ചു.
കേസില്‍ ലോകായുക്താ പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാദ നിയമനം അപേക്ഷ ക്ഷണിക്കാതെയുള്ളതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
തുടര്‍ന്ന് കേസ് തള്ളാന്‍ തീരുമാനിച്ചതോടെ ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കെ.ടി. ജലീലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു.
കേസില്‍ ജലീലിന് ഹൈക്കോടതിയിലും തിരിച്ചടിയായിരുന്നു. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഫയലില്‍ സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയത്.
ബന്ധു കെ.ടി. അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്.