തിരുവന്തപുരം: 2016ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി.ജലീല്‍. ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി. തോമസ് എന്നിവരാണ് ജലീലിന് മുന്‍പ് രാജിവെച്ചത്.
ഇതില്‍ ജയരാജനും ശശീന്ദ്രനും പിന്നീട് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തി. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്നാണ് അധികാരമേറ്റ് മാസങ്ങള്‍ക്കകം മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായിരുന്ന ഇ.പി. ജയരാജന്‍ രാജിവെച്ചത്.
2017 മാര്‍ച്ച് 26ന് എന്‍.സി.പിയില്‍ നിന്നുള്ള മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ രാജിവെച്ചു. ഒരു ചാനല്‍ പുറത്തുവിട്ട ശശീന്ദ്രന്റെ അശ്ലീല സംഭാഷണത്തെ തുടര്‍ന്നായിരുന്നു രാജി.
തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് എന്‍.സി.പിയില്‍ നിന്ന് തന്നെയുള്ള എം.എല്‍.എയായ തോമസ് ചാണ്ടി ഗതാഗത വകുപ്പ് മന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. കുട്ടനാട്ടില്‍ ഭൂമി കൈയേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടിക്കും രാജവെക്കേണ്ടിവന്നു.
2017 നവംബര്‍ 15 നായിരുന്നു തോമസ് ചാണ്ടിയുടെ രാജി. ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടാണ് ചാണ്ടിയുടെ രാജിക്ക് വഴിവെച്ചത്. ശേഷം നേരത്തേ രാജിവെച്ച ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു.
രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെ.ഡി.എസ് കേരളാഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ധാരണ പ്രകാരമായിരുന്നു മാത്യു ടി. തോമസിന്റെ രാജി. 2018 നവംബര്‍ 26 ലാണ് ജലവിഭവമന്ത്രിയായിരുന്ന മാത്യു ടി. തോമസ് രാജിവെക്കുന്നത്.
തുടര്‍ന്ന് പാലക്കാട് ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി മാത്യു ടി. തോമസിനു പകരം മന്ത്രിസഭയിലെത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക