'രാജ്യം സംഘപരിവാര്‍ ഭരിക്കണമെന്ന് 'ഭീകരവാദികള്‍'ക്ക് എന്താണിത്ര നിര്‍ബന്ധം? തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള 'ഭീകര-ചാവേര്‍ ബോംബ്' ഇനി ഇന്ത്യയില്‍ പൊട്ടരുത്'
Kerala News
'രാജ്യം സംഘപരിവാര്‍ ഭരിക്കണമെന്ന് 'ഭീകരവാദികള്‍'ക്ക് എന്താണിത്ര നിര്‍ബന്ധം? തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള 'ഭീകര-ചാവേര്‍ ബോംബ്' ഇനി ഇന്ത്യയില്‍ പൊട്ടരുത്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd April 2023, 8:14 pm

മലപ്പുറം: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ സംഭവിക്കുന്നതെന്ന ചോദ്യവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ബി.ജെ.പി അധികാരത്തിലെത്തണമെന്ന് ഭീകരവാദികള്‍ക്ക് എന്താണിത്ര നിര്‍ബന്ധമെന്നും അദ്ദേഹം ചോദിച്ചു. ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കെ.ടി. ജലീല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘സത്യപാല്‍ മാലിക്കും പിന്നെ എലത്തൂരിലെ തീവണ്ടിക്ക് തീയിടലും’ എന്ന തലക്കെട്ടിലാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന ആരോപണം ഗുരുതരമാണെന്നും ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിച്ചെന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നടന്ന എല്ലാ ഭീകരാക്രമണങ്ങളും ഏതെങ്കിലും തെരഞ്ഞെടുപ്പിന്റ പശ്ചാത്തലത്തിലാണെ് സംഭവിച്ചതെന്നും കോഴിക്കോട് എലത്തൂരിലുണ്ടായ ട്രെയിന്‍ തീവെപ്പ് കേസിന് അടുത്ത വര്‍ഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. തീവെപ്പ് വര്‍ഗീയ കലാപം ലക്ഷ്യമിട്ട് നടത്തിയ തെരഞ്ഞെടുപ്പ് നാടകമാണോയെന്ന് സംശയമുണ്ടെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.

സത്യപാല്‍ മാലിക്കും പിന്നെ എലത്തൂരിലെ തീവണ്ടിക്ക് തീയ്യിടലും!

”സത്യം പറഞ്ഞവര്‍ക്ക് വെടിയുണ്ട, വഴി കാട്ടിയവര്‍ക്ക് കുരിശ്, പട്ട് സമ്മാനിച്ചവര്‍ക്ക് വെട്ട്’ എന്ന മഹത് മൊഴി ഒരോ ദിവസവും ഇന്ത്യയില്‍ അന്വര്‍ത്ഥമാവുകമാണ്. പുല്‍വാമയില്‍ 49 സൈനികരുടെ മരണത്തിന് കളമൊരുക്കിയ ചാവേര്‍ ആക്രമണം ആസൂത്രിതമായി സംഘടിപ്പിച്ചതാണെന്ന സംശയം അക്കാലത്തു തന്നെ ചിലരൊക്കെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആ ദുരൂഹത വാനോളം വര്‍ധിപ്പിച്ച് അന്നത്തെ ജമ്മു-കാശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മലിക്കിന്റെ സുവ്യക്തമായ അഭിപ്രായം പുറത്തുവന്നിരിക്കുന്നു.

കാര്‍ഗില്‍ യുദ്ധവും തുടര്‍ന്നുണ്ടായ ശവപ്പെട്ടി കുംഭകോണവും ഇന്ത്യക്കാരുടെ ഓര്‍മ്മയിലുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ലക്ഷ്യമിട്ട് നടത്തപ്പെട്ട ‘കടുംകൈകളാ’യിരുന്നോ അവയെല്ലാം? നീതിപൂര്‍വ്വമായ അന്വേഷണം നടന്നാലേ സത്യം പുറത്ത് വരൂ. മരിച്ച ജവാന്‍മാരുടെ പ്രിയപ്പെട്ടവര്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നതും ശ്രദ്ധേയമാണ്.

പ്രതിരോധ മന്ത്രാലയം വിമാനം നിഷേധിച്ചതാണ് പുല്‍വാമയില്‍ 49 പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമെന്ന തന്റെ നിലപാട് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോള്‍ ‘നീ അതാരോടും മിണ്ടേണ്ട’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന സത്യപാല്‍ മലിക്കിന്റെ തുറന്നുപറച്ചില്‍ വലിയ കോളിളക്കമാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്.

മാലിക്കിന്റെ പ്രസ്താവനക്കെതിരെ ഒരക്ഷരം പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ ആഭ്യന്തരമന്ത്രിയോ മിണ്ടിയിട്ടില്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ള പ്രധാനമന്ത്രി പുലര്‍ത്തുന്ന അര്‍ത്ഥഗര്‍ഭമായ മൗനം സംശയം ഇരട്ടിപ്പിക്കുകയാണ്.

വിവാദമായ തന്റെ പരാമര്‍ശത്തില്‍ വിശദ മൊഴി എടുക്കാനല്ല സത്യപാല്‍ മാലിക്കിനെ സി.ബി.ഐ വിളിപ്പിച്ചിരിക്കുന്നത്. ജമ്മുകാശ്മീരിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷൂറന്‍സ് പദ്ധതി നടത്തിപ്പ് അനില്‍ അംബാനിയുടെ കമ്പനിക്ക് കൈമാറാന്‍ തനിക്ക് 300 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന 2021 ഒക്ടോബറില്‍ മാലിക് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ അദ്ദേഹത്തോട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

സത്യം പറയുന്നവരുടെ വായടപ്പിക്കാനുള്ള ഉപകരണങ്ങളായി സി.ബി.ഐ ഉള്‍പ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മാറുന്നുവെന്ന ശക്തമായ ആക്ഷേപം നിലനില്‍ക്കെയാണ് അതിനെ ബലപ്പെടുത്തുന്ന ഉത്തരം നടപടികള്‍.

ഇന്ത്യയില്‍ നടന്ന ഏതാണ്ടെല്ലാ ഭീകരാക്രമണങ്ങളും ഏതെങ്കിലും തെരഞ്ഞെടുപ്പുകളുടെ പശ്ചാതലത്തിലായതിന്റെ കാരണമെന്താകും? രാജ്യം സംഘ്പരിവാരങ്ങള്‍ തന്നെ ഭരിക്കണമെന്ന് ‘ഭീകരവാദികള്‍’ക്ക് എന്താണിത്ര നിര്‍ബന്ധം? തെരഞ്ഞെടുപ്പുകളുടെ പശ്ചാതലത്തില്‍ പൊട്ടുന്ന വല്ല ബോംബും ആരെങ്കിലും ഇന്ത്യയില്‍ കണ്ടുപിടിച്ചിട്ടുണ്ടോ? കോഴിക്കോട് എലത്തൂരിലെ ട്രെയിന്‍ ദുരന്തത്തിന്, ഒരു വിളിപ്പാടകലെ എത്തി നില്‍ക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പുമായി വല്ല ബന്ധവുമുണ്ടോ?

സാക്കിര്‍ നായിക്കിന്റെ പ്രസംഗം കേട്ട് ആവേശം കൊണ്ടാണ് സൈഫി ട്രെയിനില്‍ തീയിട്ടതെങ്കില്‍ എന്തിനാണ് അയാള്‍ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടെത്തി കൃത്യം നിര്‍വ്വഹിച്ചത്?

സംഭവത്തില്‍ മരിച്ചത് മറ്റേതെങ്കിലും മതത്തില്‍ പെട്ടവരായിരുന്നെങ്കില്‍ അതിന്റെ മറപിടിച്ച് കോഴിക്കോട്ട് വല്ല കലാപത്തിനും തീയിടലിന്റെ ആസൂത്രകര്‍ പദ്ധതി ഇട്ടിരുന്നോ? അതിലൂടെ കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ കടക്ക് കത്തിവെക്കാന്‍ തല്‍പ്പര കക്ഷികള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നോ? ഏറ്റവും ലാഭകരമായ വ്യാപാരമായി ലോക കമ്പോളത്തില്‍ ‘ഭീകരവാദം’ മാറിയ കാലത്ത്, പലതും കണക്കുകൂട്ടി സൈഫിയെ വല്ല ‘തെരഞ്ഞെടുപ്പ് ഇവന്റ് മാനേജ്‌മെന്റു’കളും വിലക്കെടുത്തതാകുമോ?

ഈ ചോദ്യങ്ങളൊക്കെ അന്വേഷണ ഉദ്യോഗസ്ഥരുടെ സ്മൃതിപഥങ്ങളില്‍ തെളിഞ്ഞ് വരണം. ഗോധ്രയിലെ തീവണ്ടി ദുരന്തവും അനുബന്ധ കലാപങ്ങളും രാജ്യത്തിന് മറക്കാന്‍ കഴിയാത്ത ദുരന്തമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പൊട്ടുകയും ചിലര്‍ക്ക് വലിയ രാഷ്ട്രീയ ലാഭം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന ‘ഭീകര-ചാവേര്‍ ബോംബ്’ഇനി ഇന്ത്യയില്‍ പൊട്ടരുത്. അതിനായി രാജ്യസ്‌നേഹികള്‍ ഒന്നടങ്കം രംഗത്ത് വരണം.

Content Highlight: kt jaleel facebook post on pulwama attack