സാമ്പത്തിക സംവരണത്തില്‍ കോണ്‍ഗ്രസിനെതിരെ കെ.എസ്.യു തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ്; 'ജാതി സംവരണത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കാനുള്ള ധൈര്യം നമ്മുടെ പാര്‍ട്ടിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്?'
Forward Caste Reservation
സാമ്പത്തിക സംവരണത്തില്‍ കോണ്‍ഗ്രസിനെതിരെ കെ.എസ്.യു തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ്; 'ജാതി സംവരണത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കാനുള്ള ധൈര്യം നമ്മുടെ പാര്‍ട്ടിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്?'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st October 2020, 11:55 am

തിരുവനന്തപുരം: മുന്നാക്ക സാമ്പത്തിക സംവരണത്തില്‍ പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നിലപാടിനെ തള്ളി കെ.എസ്.യു തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ്. ബി.ജെ.പിയുടെയും സി.പി.ഐ.എമ്മിന്റെയും ദളിത്-പിന്നോക്ക വഞ്ചനയ്ക്ക് കുട പിടിച്ചുകൊടുക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് യൂണിറ്റ് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

‘സംവരണ വിഷയത്തില്‍ ഇന്നലെവരെ എഴുതിയതും സംസാരിച്ചതും തന്നെയാണ് ഇന്നും പറയുവാനും എഴുതാനുമുള്ളത്. കോണ്‍ഗ്രസിന്റെ നിലപാട് പൂര്‍ണമായും തെറ്റാണെന്ന് രേഖപ്പെടുത്താതെ കാലം കടന്ന് പോവില്ല. ഈ നിലപാടിന്റെ കറ എത്ര കഴുകിയാലും കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് മായുകയുമില്ല’, പ്രസ്താവനയില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേയും പേരെടുത്ത് പറഞ്ഞാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

സാമ്പത്തിക സംവരണം തെറ്റ് തന്നെയാണെന്നും അതിനെ കോണ്‍ഗ്രസ് അനുകൂലിച്ചാല്‍ കോണ്‍ഗ്രസ് തെറ്റാവുമെന്നല്ലാതെ സാമ്പത്തിക സംവരണം ഒരിക്കലും ശരിയാവാന്‍ പോകുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ സാമ്പത്തിക സംവരണത്തില്‍ ദേശീയ നിലപാടാണ് കോണ്‍ഗ്രസിനെന്നായിരുന്നു മുല്ലപ്പള്ളി പ്രതികരിച്ചിരുന്നത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണമേര്‍പ്പെടുത്തിയാണ് വിജ്ഞാപനം.

ഇതോടെ ഇനിമുതലുള്ള എല്ലാ പി.എസ്.സി നിയമനങ്ങള്‍ക്കും സംവരണം ബാധകമായി.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെയും പി.എസ്.സിയുടെയും ശുപാര്‍ശകള്‍ പരിഗണിച്ചു കൊണ്ടാണ് കെ.എസ്.എസ്.ആറില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല.

പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും.

കെ.എസ്.യു തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ പ്രസ്താവന

സംവരണ വിഷയത്തില്‍ ഇന്നലെവരെ എഴുതിയതും സംസാരിച്ചതും തന്നെയാണ് ഇന്നും പറയുവാനും എഴുതാനുമുള്ളത്.കോണ്‍ഗ്രസ്സിന്റെ നിലപാട് പൂര്‍ണമായും തെറ്റാണെന്ന് രേഖപ്പെടുത്താതെ കാലം കടന്ന് പോവില്ല.ഈ നിലപാടിന്റെ കറ എത്ര കഴുകിയാലും കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് മായുകയുമില്ല.

ബിജെപിയുടെയും , സിപിഐഎമ്മിന്റെയും ദളിത്-പിന്നോക്ക വഞ്ചനയ്ക്ക് കുടപിടിച്ചുകൊടുക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. സവര്‍ണ്ണ സംവരണത്തിന് അനുകൂലമായ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാട് പ്രസ്താവിച്ച മുല്ലപ്പള്ളി രാമചന്ദ്രനോടും സവര്‍ണ്ണ സംവരണത്തെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലെ സവര്‍ണ്ണ സര്‍ക്കാര്‍ നിയമിച്ച ശശിധരന്‍ ‘നായര്‍’ കമ്മീഷനോട് സഹകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ലോ കോളേജിലെ കെ.എസ്.യുവിന് ടി. വിഷയത്തിലുള്ള അമര്‍ഷവും രേഖപ്പെടുത്തുന്നു.

പണ്ടു മുതലെ സാമ്പത്തിക സംവരണത്തിന് അനുകൂലമായ നിലപാടാണ് സിപിഐഎമ്മിന്. 57ല്‍ ഇ.എം ശങ്കരന്‍ നമ്പൂതിര്‍പ്പാട് തന്നെ അത് വ്യക്തമാക്കിയിട്ടുള്ളതാണ്. മനുസമൃതിയിലേക്ക് രാജ്യത്തെ നയിക്കുന്ന സവര്‍ണ്ണവര്‍ഗ്ഗീയ സംഘടനയായ ആര്‍.എസ്.എസ്സിനും മറ്റൊരു നിലപാട് ഉണ്ടാവാന്‍ സാധ്യതയില്ല.

പക്ഷെ, ഭരണഘടനാ നിര്‍മ്മാണസഭയില്‍ ജാതി സംവരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിക്ക് ഇപ്പോള്‍ എങ്ങനെയാണ് അതില്‍ നിന്നും മലക്കം മറിയാനാവുക? സാമൂഹ്യ ജനാധിപത്യത്തിലേക്ക് നയിക്കുന്ന ജാതി സംവരണത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കാനുള്ള ഉദ്ധ്യമങ്ങളില്‍ പങ്കാളിയാവാനുള്ള ധൈര്യം നമ്മുടെ പാര്‍ട്ടിക്ക് എവിടുന്നാണ് ലഭിക്കുന്നത് ?

ജാതി സംവരണത്തിനനുകൂലമായ നിലപാട് ഭരണഘടനയ്ക്കും മുന്നേ പരസ്യമായി തന്നെ തുറന്നുപറഞ്ഞിരുന്ന സി.കേശവനെയും, ആര്‍ ശങ്കറിനെയും പോലുള്ള നേതാക്കളുടെ പൈതൃകം കോണ്‍ഗ്രസ് നശിപ്പിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്.

പ്രതിഷേധിക്കേണ്ടത് ഉള്ളില്‍ നിന്ന് കൂടിയാണ് , എന്റെ പാര്‍ട്ടി സവര്‍ണ സംവരണത്തെ അനുകൂലിക്കുമ്പോള്‍ ഇന്നലെകളില്‍ പറഞ്ഞതൊക്കെയും മറന്ന് നിശ്ശബ്ദതപാലിക്കാന്‍ കഴിയില്ല, കാരണം അതിന് ഞങ്ങള്‍ എസ്.എഫ്.ഐക്കാരൊന്നുമല്ല.

ലോ കോളേജിലെ കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ സവര്‍ണ്ണ സംവരണത്തിലുള്ള നിലപാട് സ്വതന്ത്രവും പുരോഗമനപരവുമാണെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. പാര്‍ട്ടി വേദികളില്‍ സംസാരിച്ചും ചര്‍ച്ച ചെയ്തും തന്നെയാണ് ഞങ്ങള്‍ ഇത്തരമൊരു നിലപാടിലേക്ക് എത്തിയത്.

അതിനാല്‍ തന്നെ ഒരു തരത്തിലുമുള്ള ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കും ലോ കോളേജിലെ കെ.എസ്.യു വഴങ്ങിക്കൊടുക്കില്ല. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയകക്ഷികളും എസ്എന്‍ഡിപി പോലുള്ള സാമുദായിക സംഘടനകളും സവര്‍ണ്ണ സംവരണത്തിനെതിരെ രംഗത്തുവരുന്നതിനെ ഞങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനകള്‍ എതിര്‍പ്പ് അറിയിക്കുമെന്നും, സംവരണ തത്വത്തെ അട്ടിമറിക്കാനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ സമരങ്ങള്‍ ഉണ്ടാവുമെന്നും അതുവഴി ഇതിനെതിരായി ഒരു പൊതുജനവികാരം ഉണരുമെന്നും തന്നെയാണ് ലോ കോളേജിലെ കെ.എസ്.യു പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക സംവരണം തെറ്റ് തന്നെയാണ്, അതിനെ കോണ്‍ഗ്രസ് അനുകൂലിച്ചാല്‍ ഇവിടെ കോണ്‍ഗ്രസ് തെറ്റാവുമെന്നല്ലാതെ സാമ്പത്തിക സംവരണം ഒരിക്കലും ശരിയാവാന്‍ പോകുന്നില്ല. പ്രതിഷേധിക്കുക, പ്രതികരിക്കുക
ലോ കോളേജിന്‍ കെ.എസ്.യു


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KSU Trivandrum Law College Unit Against Congress Economic Reservation