കെ.എസ്.യുക്കാര്‍ അറിയാത്ത വിഷയത്തില്‍ ഞങ്ങളെ പ്രതിചേര്‍ക്കരുത്; നീതിയുക്തമായ അന്വേഷണം നടക്കണമെന്ന് കെ.എം. അഭിജിത്ത്
Kerala News
കെ.എസ്.യുക്കാര്‍ അറിയാത്ത വിഷയത്തില്‍ ഞങ്ങളെ പ്രതിചേര്‍ക്കരുത്; നീതിയുക്തമായ അന്വേഷണം നടക്കണമെന്ന് കെ.എം. അഭിജിത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th January 2022, 8:35 pm

കോഴിക്കോട്: ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നീതിയുക്തമായി അന്വേഷണം നടത്തി കൊലപാതകത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ സി.പി.ഐ.എം പൊലീസിന്റെ പണിയെടുക്കരുത്. പൊലീസിന്റെ നിഷ്‌ക്രിയത്വം കേസില്‍ ഉണ്ടായിട്ടുണ്ട്. പൊലീസുകാരന്റെ വണ്ടിയില്‍ കുത്തേറ്റ ചെറുപ്പക്കാരനെ കൊണ്ടുപോയില്ല എന്നത് ഗുരുതര വീഴ്ചയാണെന്നും അഭിജിത്ത് പറഞ്ഞു.

കെ.എസ്.യുക്കാര്‍ അറിയാത്ത വിഷയത്തില്‍ ഞങ്ങളെ പ്രതിചേര്‍ക്കരുത്. ആശയ വ്യത്യാസത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിയുടെ മുകളില്‍ മണ്ണ് വീഴാന്‍ പാടില്ല എന്നാണ് കെ.എസ്.യു പറയുന്നത്. നിഖില്‍ പൈലി പ്രതിയാണെന്ന് തനിക്കറിയില്ല. അങ്ങനെയുണ്ടെങ്കില്‍ കെ.എസ്.യു സംരക്ഷിക്കാന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ അക്രമമഴിച്ചുവിടാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെങ്കില്‍ അതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയാണ്. കെ.പി.സി.സി പ്രസിഡന്റ് ആക്രമം അഴിച്ചുവിടാന്‍ പറഞ്ഞിട്ടുണ്ട് എന്നത് ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്
നിഖില്‍ പൈലി പിടിയിലായിരുന്നു. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണെന്ന് സംശയിക്കുന്നതായി നേരത്തെ പൊലീസ് പറഞ്ഞിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.

എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന്‍ വന്ന ശേഷം പ്രകോപന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.

ധീരജിന്റെ കൊലപാതത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.