ഹര്‍ത്താലില്‍ സാധാരണ സര്‍വീസ് നടത്തില്ല: കെ.എസ്.ആര്‍.ടി.സി
Kerala News
ഹര്‍ത്താലില്‍ സാധാരണ സര്‍വീസ് നടത്തില്ല: കെ.എസ്.ആര്‍.ടി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th September 2021, 4:42 pm

തിരുവനന്തപുരം: ഭാരത് ബന്ദിനോടനുബന്ധിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച സാധാരണ ഗതിയില്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നു കെ.എസ്.ആര്‍.ടി.സി.

യാത്രക്കാരുടെയും ജീവനക്കാരുടെയും കുറവ് പരിഗണിച്ചാണ് തീരുമാനം. അവശ്യ സര്‍വീസുകള്‍ വേണ്ടിവന്നാല്‍ പൊലീസിന്റെ നിര്‍ദേശപ്രകാരവും ഡിമാന്‍ഡ് അനുസരിച്ചും മാത്രം നടത്തുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു.

ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കല്‍ സര്‍വീസുകളായിരിക്കും പൊലീസ് അകമ്പടിയോടെ നടത്തുക. വൈകിട്ട് ആറിനു ശേഷം ദീര്‍ഘദൂര സര്‍വീസുകളടക്കം സ്റ്റേ സര്‍വീസുകളും ഉണ്ടായിരിക്കും.

യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വീസുകള്‍ അയയ്ക്കുന്നതിന് ജീവനക്കാരെയും ബസും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും.

പത്ത് മാസമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KSRTC service reduce Kerala Harthal