ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും; കെ.എസ്.ആര്‍.ടി.സി പണിമുടക്ക് തുടങ്ങി
Kerala News
ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും; കെ.എസ്.ആര്‍.ടി.സി പണിമുടക്ക് തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th November 2021, 7:40 am

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ഇടത് അനുകൂല യൂണിയനും ബി.എം.എസും വെള്ളിയാഴ്ചയും കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.

ശമ്പളപരിഷ്‌കരണത്തില്‍ സമവായം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടത്. സമരത്തില്‍ നിന്ന് പിന്മാറണമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അഭ്യര്‍ഥന മൂന്ന് അംഗീകൃത യൂണിയനുകളും തള്ളിയിരുന്നു.

അതേസമയം, സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ജോലിക്ക് ഹാജരാകാത്തവരുടെ പണിമുടക്ക് ദിവസത്തെ വേതനം ഇവരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും. കെ.എസ്.ആര്‍.ടി.സി പണിമുടക്ക് കാരണം കേരള സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, പ്രവേശന പരീക്ഷകള്‍ ഉള്‍പ്പടെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: KSRTC employees go on strike