തമിഴില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് കെ.എസ്. രവികുമാര്‍. രജിനികാന്തിനൊപ്പവും, കമല്‍ ഹാസനൊപ്പവും ചേര്‍ന്ന് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ ആളാണ് രവികുമാര്‍. രജിനിയെ നായകനാക്കി റാണാ എന്നപേരില്‍ ബ്രഹ്‌മാണ്ഡമായ ഒരു ചരിത്ര സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ അത് വിചാരിച്ച രീതിയില്‍ നടന്നില്ലെന്നും രവികുമാര്‍ പറഞ്ഞു.
രവികുമാര്‍ അഭിനയിക്കുന്ന പുതിയ ചിത്രമായ ഹിറ്റ്‌ലിസ്റ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ്‌നൂലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന് വേണ്ടിയുള്ള പോസ്റ്റ് പ്രൊഡക്ഷനും ദീപിക പദുക്കോണിനെ വെച്ച് ഒരു പാട്ടും ഷൂട്ട് ചെയ്ത ശേഷമാണ് രജിനി ആശുപത്രിയിലായതെന്നും ഡിസ്ചാര്‍ജായ ശേഷം ഒരു വര്‍ഷത്തേക്ക് സ്‌ട്രെയിന്‍ ചെയ്യാന്‍ പറ്റാത്തതുകൊണ്ട് കഥ മാറ്റിയെഴുതി കോച്ചടൈയാന്‍ എന്നപേരില്‍ അനിമേഷന്‍ സിനിമയാക്കി ചെയ്‌തെന്നും രവികുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘റാണാ എന്ന കഥ രജിനിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടമായി. ദശാവതാരത്തിന് ശേഷം ഞാനും, എന്തിരന് ശേഷം രജിനിയും ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമ എന്ന നിലയിലായിരുന്നു ആ സിനിമ ചെയ്തത്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ച് പൂജയും നടത്തി ദീപികാ പദുക്കോണിനെ വെച്ച് ഒരു പാട്ടും ഷൂട്ട് ചെയ്തു. ആ സമയത്താണ് അദ്ദേഹത്തെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ഷൂട്ട് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു.
പിന്നീട് അദ്ദേഹത്തെ സിംഗപ്പൂരൊക്കെ കൊണ്ടുപോയി ചികിത്സിച്ചു. ആ സമയം യൂണിറ്റിലെ പലരും പിന്മാറി. ഇനി എപ്പോള്‍ നടക്കാനാണ് എന്ന് പറഞ്ഞ് പലരും മാറി. എനിക്ക് മാത്രം ഈ സിനിമയില്‍ പിന്മാറാന്‍ പറ്റില്ല. കാരണം ഞാനണല്ലോ ഇതിന്റെ ക്യാപ്റ്റന്‍. ഞാനും പിന്മാറിയാലോ എന്ന് ആലോചിച്ചിരുന്നു.
ഡിസ്ചാര്‍ജായ ശേഷം അദ്ദേഹത്തോട് ഒരു വര്‍ഷത്തേക്ക് സ്‌ട്രെയിന്‍ ചെയ്യരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്ത് ചെയ്യുമെന്ന് അറിയാതെ നിന്നപ്പോള്‍ രജിനി പറഞ്ഞു, ‘ഇതിലെ കോച്ചടൈയാന്‍ എന്ന കഥാപാത്രത്തെ വെച്ച് സ്‌ക്രിപ്റ്റ് മാറ്റിയെഴുത്, എന്നിട്ട് അനിമേഷനില്‍ ചെയ്യാം’ എന്ന്. ഞാന്‍ സ്‌ക്രിപ്റ്റ് മാറ്റിയെഴുതി. പക്ഷേ അനിമേഷനെപ്പറ്റി വലിയ പിടിയില്ലാത്തതുകൊണ്ട് സംവിധാനത്തില്‍ നിന്ന് മാറി. ആ പണി സൗന്ദര്യയെ ഏല്പിച്ചു,’ രവികുമാര്‍ പറഞ്ഞു.
Content Highlight: KS Ravikumar saying that he planned to do a movie with Rajni titled as Rana and later it became Kochadaiyaan