Film News
ഈ രണ്ടുപേരുടെയും ഹക്കീമിന്റെ ഒരു കൂടിച്ചേരലാണ് നിങ്ങൾ സിനിമയിൽ കണ്ടത്: കെ.ആർ ഗോകുൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 03, 02:29 pm
Wednesday, 3rd April 2024, 7:59 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്.

ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. നോവലിലെ നായകന്‍ നജീബായി എത്തുന്നത് പൃഥ്വിരാജാണ്. പൃഥ്വിരാജിന്റെ കൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ മറ്റൊരു താരമാണ് കെ. ആർ ഗോകുൽ. താരം അവതരിപ്പിച്ച ഹക്കീം എന്ന കഥാപാത്രത്തിന് ഏറെ പ്രാധാന്യമാണ് സിനിമയിലുള്ളത്.

നോവൽ വായിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് കെ.ആർ. ഗോകുൽ. ഒരു പുസ്തകം വായിക്കുമ്പോൾ അതെങ്ങനെ കാണണം എന്നുള്ള സ്വാതന്ത്ര്യം വായനക്കാരനാണെന്ന് ഗോകുൽ പറഞ്ഞു. താൻ നോവൽ വായിച്ച സമയത്ത് ഒരു ഹക്കീമിനെ കണ്ടിട്ടുണ്ടെന്നും ബ്ലെസി വായിച്ചപ്പോഴും ഒരു ഹക്കീമിനെ കണ്ടിട്ടുണ്ടാവുമെന്നും ഗോകുൽ കൂട്ടിച്ചേർത്തു. ഈ രണ്ടുപേരുടെയും ഹക്കീമിന്റെ ഒരു കൂടിച്ചേരലാണ് സിനിമയിൽ കണ്ടതെന്നും ഗോകുൽ റെഡ് എഫ്.എം മലയാളത്തോട് പറഞ്ഞു.

‘ഒരു പുസ്തകം വായിക്കുമ്പോൾ അതെങ്ങനെ കാണണം എന്നുള്ള സ്വാതന്ത്ര്യം വായനക്കാരനാണല്ലോ. ഞാൻ വായിച്ച സമയത്തും ഞാൻ കണ്ട ഒരു ഹക്കീം ഉണ്ട്. അത് എന്റെ മനസിൽ ഉണ്ടായിരുന്നു. ബ്ലെസി സാർ കണ്ട ഹക്കിം ഉണ്ട്. ഈ രണ്ടുപേരുടെയും ഹക്കീമിന്റെ ഒരു കൂടിച്ചേരലാണ് നിങ്ങൾ സിനിമയിൽ കണ്ടത്. ചിലപ്പോൾ ചില സാധനങ്ങൾ എഴുതി വെച്ചാൽ മതി. അതെങ്ങനെ കാണിക്കണം അതിന്റെ മാനറിസം എന്തെന്ന് നമ്മൾ തന്നെ ചെയ്യണം. കുറച്ചു അധികം ഹോം വർക്ക് ആവശ്യമുണ്ട്. അതിനുവേണ്ടി എന്റേതായ രീതിയിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്,’ കെ.ആർ. ഗോകുൽ പറഞ്ഞു.

മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം. തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

 

Content Highlight: KR Gokul shares experience about aadujeevitham novel