കെ.പി.എ.സി ലളിത സ്ഥാനാര്‍ത്ഥിയാവുന്നതില്‍ സന്തോഷം: സ്ഥാനാര്‍ത്ഥിത്വം ഇടത് പട്ടികയ്ക്ക് മികവുനല്‍കുമെന്ന് പിണറായി
Daily News
കെ.പി.എ.സി ലളിത സ്ഥാനാര്‍ത്ഥിയാവുന്നതില്‍ സന്തോഷം: സ്ഥാനാര്‍ത്ഥിത്വം ഇടത് പട്ടികയ്ക്ക് മികവുനല്‍കുമെന്ന് പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st March 2016, 9:23 am

pinarayikpsc

തിരുവനന്തപുരം: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.പി.എ.സി ലളിത വരുന്നതില്‍ സന്തോഷമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

കെ.പി.എ.സി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വം ഇടത് പട്ടികയ്ക്ക് മികവ് നല്‍കുമെന്നും അന്തിമപട്ടിക വരുന്നതോടെ തര്‍ക്കങ്ങള്‍ എല്ലാം തീരുമെന്നും പിണറായി പറഞ്ഞു.

വടക്കാഞ്ചേരിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥിയായി കെ.പി.എ.സി ലളിതയെ പരിഗണിക്കുന്നതിനെതിരെ വ്യാപകമായി പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ ഇന്നലെ രാവിലെ അമ്പതോളം പേര്‍ കെ.പി.എ.സി ലളിതയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനവും നടത്തിയിരുന്നു.

എന്നാല്‍ വടക്കാഞ്ചേരിയില്‍ തനിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് കെ.പി.എ.സി ലളിത പ്രതികരിച്ചിരുന്നു.

പാര്‍ട്ടി വിചാരിച്ചാല്‍ പ്രതിഷേധങ്ങള്‍ പരിഹരിക്കാനാകും. മത്സരിക്കുന്നതില്‍ ആത്മവിശ്വാസമുണ്ട്. സിനിമകളോടുള്ള പ്രേക്ഷകരുടെ സമ്മിശ്രപ്രതികരണം പോലെയാണ് പ്രതിഷേധങ്ങളുമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

വടക്കാഞ്ചേരിയില്‍ മത്സരിച്ചാല്‍ വിജയിക്കാനാകുമെന്ന വിശ്വാസമുണ്ട്. പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. താനെന്നും കമ്മ്യൂണിസ്റ്റുകാരിയാണെന്നും അവര്‍ പറഞ്ഞിരുന്നു.