'വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍'; ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍; സ്വീകരിക്കാനൊരുങ്ങി കെ.പി.സി.സി
Kerala News
'വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍'; ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍; സ്വീകരിക്കാനൊരുങ്ങി കെ.പി.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th September 2022, 11:58 pm

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് വലിയ സ്വീകരണം ഒരുക്കാന്‍ കെ.പി.സി.സി. ഞായറാഴ്ച കേരളത്തില്‍ പ്രവേശിക്കുന്ന പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.

സംസ്ഥാനത്ത് എഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും യാത്ര. ഞായറാഴ്ച രാത്രിയോടെ യാത്ര കേരള അതിര്‍ത്തിയായ പാറശാല ചേരുവരകോണത്തെത്തും.

വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രക്കൊപ്പം അണിചേരും.

ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിലാണ് തുടക്കമായത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനില്‍ നിന്നും പതാക രാഹുല്‍ ഗാന്ധി ഏറ്റുവാങ്ങിയതോടെയാണ് നൂറ്റിയമ്പത് ദിവസം നീളുന്ന യാത്രക്ക് തുടക്കമായത്. ശ്രീ പെരുമ്പത്തൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് രാഹുല്‍ ഗാന്ധി കന്യാകുമാരിയിലെത്തിയത്.

‘ഒരുമിക്കുന്ന ചുവടുകള്‍; ഒന്നാകുന്ന രാജ്യം’ എന്നതാണ് യാത്രയുടെ മുദ്രാവാക്യം. രാവിലെ ഏഴ് മുതല്‍ 10 വരെയും തുടര്‍ന്ന് വൈകീട്ട് നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത്.

എ.ഐ.സി.സി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 148 ദിവസങ്ങളായി 3,571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. ഓരോ സംസ്ഥാനത്തെയും സ്ഥിരം പദയാത്രികരും അതത് സംസ്ഥാനങ്ങളില്‍ അണിചേരും.