കുടിശ്ശിക 30 കോടി; കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മരുന്ന് വിതരണം ചെയ്യില്ലെന്ന് ഏജന്‍സികള്‍; ആന്‍ജിയോപ്ലാസ്റ്റിക്കുള്ള മരുന്നുകളും നല്‍കില്ല
Kerala
കുടിശ്ശിക 30 കോടി; കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മരുന്ന് വിതരണം ചെയ്യില്ലെന്ന് ഏജന്‍സികള്‍; ആന്‍ജിയോപ്ലാസ്റ്റിക്കുള്ള മരുന്നുകളും നല്‍കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 8:55 am

കോഴിക്കോട്: പണം നല്‍കാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തിവെക്കുമെന്ന് ഏജന്‍സികള്‍. മുപ്പത് കോടിയോളം രൂപയാണ് കോളെജ് കുടിശ്ശിക ഇനത്തില്‍ ഏജന്‍സികള്‍ക്ക് നല്‍കാനുള്ളത്. ഇതോടെയാണ് ഏജന്‍സികള്‍ മരുന്നു വിതരണം നിര്‍ത്താന്‍ തീരുമാനിച്ചത്.

ഹൃദ്രോഗികളുടെ ആന്‍ജിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റുകള്‍ അടക്കം നല്‍കാനാവില്ല എന്നാണ് വിതരണ ഏജന്‍സികളുടെ നിലപാട്. നിലവില്‍ സ്റ്റെന്റ് വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ന്യൂസ് 18 കേരള റിപ്പോര്‍ട്ട് ചെയ്തു. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് വകയില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള പണം വൈകുന്നത് ആണ് പ്രശ്നത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മരുന്നുകളും ഉപകരണങ്ങളും നല്‍കുന്നത് എഴുപത്തിയഞ്ചോളം ഏജന്‍സികളാണ്. ഇവര്‍ക്ക് നല്‍കാനുള്ള പണം കഴിഞ്ഞ ഡിസംബര്‍ മുതല്‍ കുടിശ്ശികയാണ്. കുടിശ്ശിക മുപ്പത് കോടിയോളമായതോടെയാണ് മരുന്ന് വിതരണം നിര്‍ത്തിവെക്കാന്‍ ഏജന്‍സികള്‍ തീരുമാനിച്ചത്.

കാരുണ്യ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍നിന്ന് അമ്പത് കോടിയോളം രൂപ ലഭിക്കാനുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് വിതരണക്കാര്‍ക്ക് പണം നല്‍കാന്‍ കഴിയും. പ്രശ്ന പരിഹാരത്തിന് ശ്രമിച്ചുവരികയാണെന്ന് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എ സാംബശിവ റാവു പറഞ്ഞു. അതേസമയം, മരുന്ന് വിതരണം നിര്‍ത്തിവെക്കുകയാണെന്ന് കാണിച്ച് ഏജന്‍സികള്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.