കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടത്താനിരുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് നടി ഷക്കീലക്ക് അനുമതി നിഷേധിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമെന്ന് മാള്‍ അധികൃതര്‍.
ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ ഷക്കീലക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് മാള്‍ അധികൃതര്‍ പ്രതികരിച്ചത്.
കൂടുതല്‍ സുരക്ഷയൊരുക്കാതെ പരിപാടി നടത്താനാകില്ലെന്ന് സംവിധായകനെ അറിയിച്ചിരുന്നെന്നും ഷക്കീല പരിപാടിക്ക് വരുന്ന കാര്യം അറിഞ്ഞത് അവസാന നിമിഷമാണെന്നും മാള്‍ അധികൃതര്‍ പുറത്തുവിട്ട വിശദീകരണ കുറിപ്പില്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഷക്കീല പങ്കെടുക്കാനിരുന്ന ട്രെയിലര്‍ ലോഞ്ച് പരിപാടിക്ക് ഹൈലൈറ്റ് മാളിന്റെ അധികൃതര്‍ അനുമതി നിഷേധിച്ചതായായിരുന്നു പരാതി. ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനാണ് അനുമതി നിഷേധിച്ചത്.
ഷക്കീല പങ്കെടുക്കുന്നതിനാല്‍ പരിപാടിക്ക് അനുമതി നല്‍കാനാവില്ലെന്ന് മാള്‍ അധികൃതര്‍ പറഞ്ഞതായാണ് ഒമര്‍ ലുലു ആരോപിക്കുന്നത്. പരിപാടി നടത്തുന്നതിന് നേരത്തെ തന്നെ അനുമതി വാങ്ങിയിരുന്നെന്നും എന്നാല്‍ ഷക്കീലയാണ് അതിഥി എന്നറിഞ്ഞതോടെ മാള്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ആളുകൂടുന്നതിനാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നാണ് മാള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണമെന്നും ഒമര്‍ ലുലു പറഞ്ഞു.
സംഭവം വിശദീകരിച്ചുകൊണ്ട് ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ഷക്കീലയും പ്രതികരിച്ചിട്ടുണ്ട്.
ഇത് തന്റെ ആദ്യത്തെ അനുഭവമല്ലെന്നും മുമ്പും ഇതുപോലെയുള്ള സംഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നുമാണ് വീഡിയോയില്‍ ഷക്കീല പറയുന്നത്.
”എനിക്കിത് ആദ്യത്തെ അനുഭവമല്ല. കാലാകാലങ്ങളായി ഇത് നേരിടുന്നുണ്ട്. എല്ലാവരേയും ഞാന്‍ മിസ് ചെയ്യുന്നുണ്ട്. കോഴിക്കോട്ടുള്ള ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചു.
എനിക്കും നല്ല വിഷമമായി. ഈ സംഭവം എന്നെ വേദനിപ്പിക്കുന്നതാണ്. നിങ്ങളാണ് എന്നെ ഈ നിലയിലെത്തിച്ചത്. നിങ്ങള്‍ തന്ന അംഗീകാരം മറ്റ് പലരും തരുന്നില്ല,” ഷക്കീല പറഞ്ഞു.
മുഖ്യാതിഥിയായി ക്ഷണിച്ച ശേഷം ഷക്കീലയെ ഒഴിവാക്കി പരിപാടി നടത്തുന്നത് ശരിയല്ലെന്നും ഇന്ന് കോഴിക്കോട് നടത്താന്‍ ഇരുന്ന ട്രെയ്‌ലര്‍ ലോഞ്ച് ഒഴിവാക്കുകയാണെന്നും ഒമര്‍ ലുലുവും വ്യക്തമാക്കി.
ഷക്കീല പങ്കെടുക്കാനിരിക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതില്‍ സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.