Kerala News
കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ അതിക്രൂര റാഗിങ്; കോളേജിന്റെ ഭാഗത്തുനിന്നും വിഴ്ചയുണ്ടായിട്ടില്ല: പ്രിന്‍സിപ്പല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 13, 12:33 pm
Thursday, 13th February 2025, 6:03 pm

കോട്ടയം: കോട്ടയം ഗവ. കോളേജ് ഓഫ് നഴ്സിങ് ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ അതിക്രൂര റാഗിങ് നേരിട്ട സംഭവത്തില്‍ കോളേജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സുലേഖ.

ഇതിന് മുമ്പ് ആരും പരാതിപ്പെട്ടിട്ടില്ലെന്നും പ്രതികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

പരാതി കിട്ടിയ ഉടനെ തന്നെ ആന്റി റാഗിങ് സെല്‍ നടപടി തുടങ്ങിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അതേസമയം സംഭവം നടന്ന ഹോസ്റ്റലില്‍ അസിസ്റ്റന്റ് വാര്‍ഡന്‍ മുഴുവന്‍ സമയവും ഹോസ്റ്റലില്‍ ഇല്ലെന്നും രാത്രികാലങ്ങളില്‍ ഹൗസ് കീപ്പിങ് ഇന്‍ ചാര്‍ജ് ആയ ഒരാള്‍ മാത്രമാണ് ഉണ്ടാവാറുള്ളതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിനരയാവുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതികള്‍ തന്നെ ചിത്രീകരിച്ച വീഡിയോയാണ് പുറത്ത് വന്നത്. മൂന്നാംവര്‍ഷ ജനറല്‍ നഴ്സിങ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. വിദ്യാര്‍ഥികളെ നഗ്‌നരാക്കി ഡിവൈഡര്‍ കൊണ്ട് മുറിവുണ്ടാക്കുകയും നിലവിളിക്കുമ്പോള്‍ വായില്‍ ക്രീം തേച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡംബല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവര്‍ത്തികള്‍ തുടരുന്നതായാണ് വീഡിയോയില്‍ കാണുന്നത്.

കഴിഞ്ഞ നവംബറില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചതുമുതല്‍ പ്രതികള്‍ ഇവരെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയെന്നാണ് വിവരം. ഒന്നാംവര്‍ഷ ജനറല്‍ നഴ്സിങ് ക്ലാസില്‍ ആറ് ആണ്‍കുട്ടികളാണുണ്ടായിരുന്നത്. ഇവരെല്ലാം പ്രതികളുടെ റാഗിങ്ങിനിരയായി.

Conetent Highlight: Kottayam Govt. Brutal ragging in nursing college; There has been no scandal on the part of the college: Principal