തൃശൂര്‍: കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നൃത്തം ചെയ്യേണ്ട കലാകാരി അഹിന്ദുവായതിനാല്‍ ചാര്‍ട്ട് ചെയ്ത പരിപാടികള്‍ റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്ര മതില്‍കെട്ടിന് ഉള്ളിലായതിനാലാണ് മന്‍സിയയെ പരിപാടിയില്‍ നിന്നൊഴിവാക്കിയതെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു.
പത്രത്തില്‍ പരസ്യം നല്‍കിയാണ് കലാപരിപാടികള്‍ ക്ഷണിച്ചത്. പത്ര പരസ്യത്തില്‍ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. ക്ഷേത്ര മതിലിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് പരിപാടികള്‍ നടത്തുന്നത്. അവിടെ തന്നെയാണ് കൂത്തമ്പലവും സ്ഥിതിചെയ്യുന്നത്.
നൂറുകണക്കിന് അപേക്ഷകളാണ് ഇത്തവണ വന്നത്. വിദഗ്ധ സമിതിയാണ് അപേക്ഷകരില്‍ നിന്നും കലാകാരന്മാരെ തെരഞ്ഞെടുക്കുന്നത്.
അടുത്ത ഘട്ടമായി കച്ചീട്ടാക്കുന്നതിനായി ദേവസ്വം ഓഫീസ് പരിശോധിച്ചപ്പോഴാണ്, ഈ കലാകാരി ഹിന്ദുവല്ലെന്ന് ബോധ്യപ്പെടുന്നത്. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല. ഈ കലാകാരിക്ക് പരിപാടി അവതരിപ്പിക്കാന്‍ പറ്റാത്തതില്‍ ദുഃഖമുണ്ട്. പക്ഷെ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ഭരണസമിതി ബാധ്യസ്ഥമാണെന്നും പ്രദീപ് മേനോന്‍ പറഞ്ഞു.
നര്‍ത്തകി മന്‍സിയയാണ് കൂടല്‍മാണിക്യ ക്ഷേത്ര സമിതിക്കെതിരെ രംഗത്ത് വന്നത്. ഏപ്രില്‍ 21ലെ ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ ഇക്കാര്യം അറിയിച്ചതെന്ന് മന്‍സിയ ഫെയ്സ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരില്‍ വെച്ചും തനിക്ക് ഇതേ അനുഭവമുണ്ടായിരുന്നെന്നും കലകളും കലാകാരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുകയാണെന്നും മന്‍സിയ കുറിപ്പില്‍ പറയുന്നു.