2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. 2007ല്‍ എം.സ്. ധോണിക്ക് ശേഷം 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടുന്നത്.
ഇതോടെ ഇന്ത്യയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് മാറാനിരിക്കുകയാണ്. ഇതോടെ പുതിയ ഹെഡ് കോച്ചായി മുന്‍ ഇന്ത്യന്‍ താരവും ഐ.പി.എല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററുമായ ഗൗതം ഗംഭീറിനെ തെരഞ്ഞെടുക്കാനാണ് കൂടുതല്‍ സാധ്യത.
പുതിയ ഹെഡ് കോച്ചിനെ ബി.സി.സി.ഐ ഉടന്‍തന്നെ പ്രഖ്യാപിക്കാന്‍ ഇരിക്കുകയാണ്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സാധ്യതയുള്ള ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പുതിയ കോച്ച് ആയി എത്തിയാല്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.
ഇതോടെ ഇന്ത്യന്‍ കോച്ച് സ്ഥാനത്തുനിന്ന് വിരമിക്കുന്ന രാഹുല്‍ ദ്രാവിഡിനെ കൊല്‍ക്കത്ത ടീമിന്റെ ഉപദേശക സ്ഥാനത്ത് എത്തിക്കാന്‍ ടീമിന്റെ സഹ ഉടമ ഷാറൂഖ് ഖാന്‍ സമീപിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ന്യൂസ് 18, ബംഗ്ലാ റിപ്പോര്‍ട്ട് എന്നീ മാധ്യമങ്ങളുടെ വാര്‍ത്ത അനുസരിച്ച് 2025 ഐ.പി.എല്‍ സീസണില്‍ രാഹുല്‍ ദ്രാവിഡിനെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ പല ഫ്രാഞ്ചൈസികളും താല്പര്യപ്പെടുന്നുണ്ട്.