യൂണിവേഴ്സിറ്റി കോളേജ് അടച്ചുപൂട്ടി മ്യൂസിയമാക്കാനുള്ള കെ.എസ്.യുവിന്റെ ആവശ്യം നടക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നടക്കുന്ന കെ.എസ്.യു സമരത്തെ പരിഹസരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സമരം നടത്തുന്നത് മുന്‍ കെ.എസ്.യുക്കാരാണെന്നും കോളേജ് അടച്ചുപൂട്ടി മ്യൂസിയമാക്കണമെന്നുള്ള കെ.എസ്.യുവിന്റെ ആവശ്യം നടക്കില്ലെന്നും കോടിയേരി പറഞ്ഞു. സെക്രട്ടേറിയറ്റിനുള്ളിലേയ്ക്ക് സമരവുമായി കടന്നത് അഭിഭാഷകയാണെന്നും കോടിയേരി പറഞ്ഞു.
അഭിമന്യു വധത്തിന്റെ പേരില്‍ മഹാരാജാസ് അടച്ചുപൂട്ടി വാഴ വെച്ചോയെന്നും കെ.എസ്.യുവിനെ പരിഹസിച്ചു കോടിയേരി ചോദിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് അധ്യയനത്തിനായി ഇന്നാണ് തുറന്നത്. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും കടത്തിവിട്ടത്. ഇനി മുതല്‍ ഇങ്ങനെയായിരിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.
അതേസമയം 18 വര്‍ഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. യൂണിവേഴ്സിറ്റി കോളേജ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു പ്രഖ്യാപനം.
അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റ്. ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. ക്യാംപസില്‍ കൊടിമരം വയ്ക്കുന്നത് കോളേജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെ.എസ്.യു നേതൃത്വം വ്യക്തമാക്കി.