Kerala News
'കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ റാകി പറക്കുന്നു'; ഇടതുപക്ഷത്തെ ഭയപ്പെടുത്തി തോല്‍പ്പിക്കാനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 12, 08:32 am
Friday, 12th March 2021, 2:02 pm

തിരുവനന്തപുരം: ഇടതുപക്ഷത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവില്ലെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളെല്ലാം ഓരോന്നായി ബി.ജെ.പി കയ്യടക്കിയിരിക്കുന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കൊണ്ടാണ്. കോണ്‍ഗ്രസുകാരെ ചാക്കിലാക്കി ബി.ജെ.പിയിലെത്തിച്ചു. ഇങ്ങനെ മാറാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരു മടിയുമില്ല.

മധ്യപ്രദേശ്, കര്‍ണാടക, ഗോവ, മണിപ്പൂര്‍ അരുണാചല്‍പ്രദേശ്, ഇവിടങ്ങളിലൊക്കെ ജയിച്ചത് കോണ്‍ഗ്രസായിരുന്നു. പക്ഷെ ജയിച്ച കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയായി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ ഇന്‍കംടാക്‌സ് തുടങ്ങിയ എല്ലാ കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച് ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി. അതുപോലെ ഇവിടെ ഇവിടെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് കേന്ദ്ര ഏജന്‍സികള്‍ റാകി പറക്കുന്നത്. എന്നാല്‍ കേരളത്തെ ഭയപ്പെടുത്ത് കീഴ്‌പ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ല എന്നാണ് കോടിയേരി പറഞ്ഞത്.

കേരളത്തില്‍ സമാനതകളില്ലാത്ത വികസനമാണ് നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ 60 വയസ്സുകഴിഞ്ഞ, പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kodiyeri Balakrishnan about central agencies amid Kerala polls