തിരുവനന്തപുരം: മാന്യമായ പ്രതിപക്ഷ പ്രവര്‍ത്തനമാണ് വി.ഡി സതീശനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. സതീശന്‍ മാന്യനായ രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വര്‍ഗീയത ചെറുക്കാന്‍ വി.ഡി സതീശനോ കോണഗ്രസിനോ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
‘അത് സാധിക്കണമെങ്കില്‍ ഇന്നത്തെ യു.ഡി.എഫ് പിരിച്ചുവിടണം. ഇന്നത്തെ യു.ഡി.എഫില്‍ നിന്നുകൊണ്ട് ശക്തമായ വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല. കാരണം ജമാഅത്തെ ഇസ്ലാമിയെ കൂടെ നിര്‍ത്തിയിട്ടെങ്ങനെയാണ് വര്‍ഗീയവിരുദ്ധ സമീപനം സ്വീകരിക്കാന്‍ സാധിക്കുന്നത്,’ കോടിയേരി പറഞ്ഞു.
ആ നിലപാടാണ് അവരെ ഏറ്റവും കൂടുതല്‍ അപകടത്തിലെത്തിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി ലീഗിനെ നയിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
‘ആര്‍.എസ്.എസിനെതിരായിട്ട് ശക്തമായ സമീപനം അവര്‍ സ്വീകരിക്കുന്നില്ല. പലപ്പോഴും ചാഞ്ചാടുന്ന സമീപനം സ്വീകരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിനെതിരെ പലപ്പോഴും മൗനം പാലിക്കുന്നു. കേന്ദ്രത്തിനെതിരായി മറ്റ് സംസ്ഥാനങ്ങളിലൊക്കെ സമരം ചെയ്യും. ഇവിടെ ആ സമരം എല്‍.ഡി.എഫ് സര്‍ക്കാരിനെതിരായി തിരിച്ചുവിടും’, കോടിയേരി പറഞ്ഞു.
വോട്ടിന് വേണ്ടിയല്ലതെ ആര്‍.എസ്.എസിനും ജമാ അത്തെ ഇസ്ലാമിയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സാധിച്ചാല്‍ മാത്രമെ സതീശന്‍ പ്രതീക്ഷിക്കുന്ന പോലുള്ള രാഷ്ട്രീയവുമായി മുന്നോട്ടുപോകാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇനി മുതല്‍ കേരളത്തില്‍ യു.ഡി.എഫിന്റെ പ്രഥമ പരിഗണന വര്‍ഗീയതയോട് സന്ധിയില്ലാത്ത സമരം ചെയ്യുക എന്നായിരിക്കുമെന്ന് സതീശന്‍ പറഞ്ഞിരുന്നു. സംഘപരിവാറടക്കമുള്ള വിധ്വംസക ശക്തികള്‍ക്കെതിരെ പോരാടുമെന്നും വര്‍ഗീയതയെ കേരളത്തില്‍ നിന്നും തുടച്ചുനീക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2016ല്‍ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികള്‍ എന്നെ തോല്‍പ്പിക്കാനായി വന്നപ്പോള്‍ ഞാന്‍ ഉയര്‍ത്തിയ മുദ്രാവാക്യം തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നുള്ളതല്ല, കേരളത്തില്‍ വര്‍ഗീയത കുഴിച്ചുമൂടുക എന്നതാണ് എന്റെ പ്രഥമ പരിഗണനയെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇനി മുതല്‍ കേരളത്തില്‍ യു.ഡി.എഫിന്റെ പ്രഥമ പരിഗണന വര്‍ഗീയതയെ കുഴിച്ചുമൂടുക എന്നതായിരിക്കും.
എല്ലാ ഘടകക്ഷികളുടെയും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും അനുവാദത്തോടെ പറയുന്നു ഇനി മുതല്‍ കേരളത്തില്‍ യു.ഡി.എഫിന്റെ ഒന്നാമത്തെ പരിഗണന കേരളത്തില്‍ വര്‍ഗീതയോട് സന്ധിയില്ലാത്ത സമരം നടത്തുക എന്നതാണ്. വര്‍ഗീയതയെ കേരളത്തില്‍ നിന്നും പറിച്ചെറിയും,’ വി.ഡി സതീശന്‍ പറഞ്ഞു.
സംഘപരിവാര്‍ ശക്തികള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കി വര്‍ഗീയത സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ന്യൂനപക്ഷവര്‍ഗീതയതെയും എതിര്‍ക്കുമെന്നും വര്‍ഗീതയ ഉണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അതിനെ മുന്‍പന്തിയില്‍ നിന്നും എതിര്‍ക്കുക യു.ഡി.എഫ് ആയിരിക്കുമെന്നും സതീശന്‍ പറഞ്ഞു.
‘കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും മതേതര വിശ്വാസികളാണ്. മതേതരത്വത്തിന്റെ വഴിത്താരകളില്‍ നിന്നും അവരെ തെറ്റായ വഴികളിലേക്ക് കൊണ്ടുപോകാന്‍ രാഷ്ട്രീയപാര്‍ട്ടികളോ മതനേതാക്കളോ ആട്ടിന്‍തോലണിഞ്ഞ ഏത് ചെന്നായ ശ്രമിച്ചാലും ചോദ്യം ചെയ്യാന്‍ ഞങ്ങളുണ്ടാവും.
ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സംഘപരിവാര്‍ അടക്കമുള്ള വിധ്വംസക ശക്തികളുമായി ഏറ്റുമുട്ടുമ്പോള്‍ കേരളത്തില്‍ അവക്കെതിരെ പോരാടാന്‍ മുന്‍പന്തിയില്‍ തന്നെ യു.ഡി.എഫുണ്ടാകും,’ സതീശന്‍ പറഞ്ഞു.
മതേതര കാഴ്ചപ്പാടുകളില്‍ യു.ഡി.എഫ് വെള്ളം ചേര്‍ക്കുകയോ വിട്ടുവീഴ്ച നടത്തുകയോ ചെയ്യില്ലെന്നും ആ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വര്‍ഗീയതക്കെതിരെ യു.ഡി.എഫ് മുന്‍പന്തിയില്‍ നിന്ന് പോരാടുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ശനിയാഴ്ച രാവിലെയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.
ഹൈക്കമാന്റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ ഖാര്‍ഗെ തീരുമാനം അറിയിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക