തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കവര്‍ച്ചാ കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്കും അന്വേഷണം. കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കും.
കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ഇന്നലെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയില്‍ ധര്‍മ്മരാജനെ തങ്ങള്‍ക്ക് പരിചയമുണ്ടെന്ന് കെ. സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും മൊഴിനല്‍കി.
കെ. സുരേന്ദ്രനും ധര്‍മ്മരാജനെ പരിചയമുണ്ടെന്നാണ് ഇവരുടെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്. ഇരുവരേയും ഏകദേശം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു.
ധര്‍മരാജന്‍ വലിയതോതിലുള്ള കുഴല്‍പ്പണ ഇടപാടിലെ കണ്ണിയാണ് എന്ന വിവരം നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതോടെയാണ് പണമിടപാടുമായി ബന്ധപ്പെട്ട് ധര്‍മരാജനെ ആരൊക്കെ വിളിച്ചു എന്നുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നത്. പുതിയ കണ്ടെത്തലുകള്‍ ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.