Kerala News
നഗരത്തിലെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നത്: കൊച്ചി മേയര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 31, 06:05 am
Wednesday, 31st August 2022, 11:35 am

കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് കൊച്ചി മേയര്‍ അഡ്വക്കേറ്റ് എം. അനില്‍കുമാര്‍. കൊച്ചിയിലെ സാഹചര്യം പ്രത്യേകമായി കണ്ട് സര്‍ക്കാര്‍ ഇടപെടണമെന്നും മേയര്‍ ആവശ്യപെട്ടു. ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു എം. അനില്‍കുമാറിന്റെ പ്രതികരണം.

‘തോടുകളും കാനകളും കോരുമ്പോഴും വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ കൊച്ചിയില്‍ നിര്‍മിച്ചിരിക്കുന്ന മാന്‍ ഹോളുകള്‍ പര്യാപ്തമല്ല. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ കൊണ്ട് മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

2018ലെ പ്രളയത്തില്‍ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടാണ് ഇപ്പോഴും ഉണ്ടായത്. വേലിയേറ്റമുണ്ടായതും തോരാതെ മഴപെയ്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. കാനകളിലെ മാലിന്യം നഗരസഭ മാറ്റിയാലും വീണ്ടും ജനങ്ങള്‍ ഇത് ആവര്‍ത്തിക്കുന്നു,’ എം. അനില്‍കുമാര്‍ പറഞ്ഞു.

കനത്തമഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ വീടുകളിലേക്കും ഫ്‌ലാറ്റുകളിലേക്കും വ്യാപാര സ്ഥാപനങ്ങളുള്‍പ്പെടെയുള്ളവയിലേക്കും മഴവെള്ളം ഇരച്ചുകയറിയിരിക്കുകായാണ്.

കൊച്ചി നഗരത്തിലെ പ്രധാന ജംങ്ഷനുകളും റോഡുകളും ഇടറോഡുകളുമെല്ലാം വെള്ളക്കെട്ടിലായതോടെ ജനം മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു. ഇടപ്പള്ളി ടോള്‍ ജംങ്ഷനിലും മേല്‍പാലത്തിലും ബൈപാസിലും എസ്.എ റോഡിലും എം.ജി റോഡിലുമെല്ലാം വാഹന ഗതാഗതം തടസപ്പെട്ടു. നിലവില്‍ രാവിലെ മുതല്‍ മഴയില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേസമയം, കൊച്ചിയില്‍ വലിയ വെള്ളക്കെട്ടിന് കാരണമാകുന്ന വിധത്തില്‍ കനത്ത മഴ പെയ്തത് ലഘു മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നാണെന്നാണ് വിലയിരുത്തല്‍. ലഘു മേഘ വിസ്ഫോടനമാണ് കൊച്ചിയെ വെള്ളക്കെട്ടിലാക്കിയതെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പെട്ടെന്നുള്ള അതിശക്തമായ മഴയെ കേരളം കരുതിയിരിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.