ദീര്‍ഘകാലം കൊച്ചി നഗരത്തിലെ അഴുക്കുചാലുകളിലും മാലിന്യക്കൂമ്പാരങ്ങളിലും രാപ്പകല്‍ പണിയെടുത്ത കൊച്ചി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ ഇന്ന് അതേ നഗരസഭയ്ക്ക് മുന്നില്‍ സമരത്തിലാണ്. പെട്ടന്നൊരു സുപ്രഭാതത്തില്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ കൊടും പട്ടിണിയിലായ ഇരുനൂറോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ജീവിക്കാന്‍ ഒരു ഗതിയുമില്ലാതെ സമരം ചെയ്യുന്നത്. തൊഴില്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തുവാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് 2017 നവംബര്‍ മാസത്തിലാണ് ഈ തൊഴിലാളികള്‍ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടത്.
പൊതുസമൂഹത്തിന്റെ അവജ്ഞയും അവഗണയും സഹിച്ച് വൃത്തിഹീനമായ ഈ ജോലി ചെയ്യാന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളാണ്. നഗരത്തിലെ ചേരികളിലും കോളനികളിലുമെല്ലാം താമസിക്കുന്ന, അടിസ്ഥാന വിഭാഗത്തില്‍പ്പെട്ട ഈ തൊഴിലാളികളുടെ ചോരയും വിയര്‍പ്പും കൂടിയാണ് കൊച്ചിയെ ഇന്നത്തെ നിലയിലെത്തിച്ചത്. എന്നിട്ടും പെട്ടന്നൊരു സുപ്രഭാതത്തില്‍ ഇവര്‍ വലിച്ചെറിയപ്പെട്ടു. ജോലിയില്‍ നിന്ന് മാത്രമല്ല, നീതിയില്‍ നിന്ന് കൂടിയാണ് ഇവര്‍ പുറത്താക്കപ്പെട്ടത്.