ഞാന്‍ നിഷ്പക്ഷന്‍; വ്യവസായി രാഷ്ട്രീയത്തിലിറങ്ങിയാല്‍ രണ്ടും പ്രശ്‌നമാകും: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
Kerala News
ഞാന്‍ നിഷ്പക്ഷന്‍; വ്യവസായി രാഷ്ട്രീയത്തിലിറങ്ങിയാല്‍ രണ്ടും പ്രശ്‌നമാകും: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th February 2023, 5:29 pm

കൊച്ചി: ട്വന്റി 20 എന്ന രാഷ്ട്രീയ സംഘടനയില്‍ നിലവില്‍ ഭാഗമല്ലെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. നല്ല ആശയമാണെന്ന് കരുതിയാണ് നേരത്തെ അതിന്റെ ഭാഗമായതെന്നും എന്നാല്‍ പഞ്ചായത്തുകള്‍ക്കപ്പുറം അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നത് പ്രതീക്ഷിച്ചത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിറ്റിലപ്പിള്ളി.

തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ബി.ജെ.പിക്കോ സി.പി.ഐ.എമ്മിനോ കോണ്‍ഗ്രസിനോ താനെതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ അത് പ്രകടിപ്പിക്കാറുണ്ട്. ഞാന്‍ നിഷ്പക്ഷനാണ്, എനിക്ക് രാഷ്ട്രീയ ചായ്വൊന്നുമില്ല. വ്യവസായികള്‍ ബിസിനസും രാഷ്ട്രീയവും ഒരുമിച്ച് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഒരാള്‍ക്ക് ഒരേ സമയം ഒരു കാര്യത്തില്‍ മാത്രമേ അഭിനിവേശം ഉണ്ടാകൂ എന്നാണ് ഞാന്‍ കരുതുന്നത്. അല്ലെങ്കില്‍, രണ്ടും പ്രയാസത്തിലാകും,’ ചിറ്റിലപ്പിള്ളി പറഞ്ഞു.

കേരളം കൂടുതല്‍ ബിസിനസ് സൗഹൃദമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഒരു ബിസിനസ് സംബന്ധമായ കാര്യങ്ങളുമായി സര്‍ക്കാര്‍ സംവിധാനങ്ങളെ സമീപിക്കുന്നത് ബുദ്ധിമുട്ടായിരുന്നെന്നും, ഇന്നത് മാറിയെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ കാര്യങ്ങള്‍ ക്രമാതീതമായി മെച്ചപ്പെടുന്നുണ്ട്. നേരത്തെ, നിങ്ങള്‍ ഒരു പ്രശ്‌നവുമായി ഒരു മന്ത്രിയെ സമീപിച്ചാല്‍, അയാള്‍ക്കോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ
അത് മനസ്സിലാക്കാന്‍ പോലും കഴിയുമായിരുന്നില്ല.

നിക്ഷേപകരെ ബൂര്‍ഷ്വകളായും, വര്‍ഗ ശത്രുക്കളായിട്ടുമായിരുന്നു ഇവര്‍ കണ്ടിരുന്നത്. പണമുണ്ടാക്കുന്നവരെ എന്തോ കുറ്റവാളികളായി കാണപ്പെട്ടു. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ട്. എന്നാലും ചില ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്,’ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ കാര്യങ്ങള്‍ മികച്ചതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാലും സംസ്ഥാനത്തിനകത്ത് ഉത്പ്പാദനം ഉണ്ടായാല്‍ മാത്രമേ നില മെച്ചപ്പെടുകയുള്ളുവെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.

അതിന് കൂടുതല്‍ നിര്‍മാണ യൂണിറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്നും ലോണുകളെ ആശ്രയിച്ച് സംസ്ഥാനത്തിന് കൂടുതല്‍ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.