കേന്ദ്രത്തിന്റേത് മുറിവില്‍ മുളകിടുന്ന നിലപാട്; പാര്‍ലമെന്റിലേത് സുരേഷ് ഗോപിയുടെ നടന വൈഭവം: കെ.എന്‍. ബാലഗോപാല്‍
Kerala News
കേന്ദ്രത്തിന്റേത് മുറിവില്‍ മുളകിടുന്ന നിലപാട്; പാര്‍ലമെന്റിലേത് സുരേഷ് ഗോപിയുടെ നടന വൈഭവം: കെ.എന്‍. ബാലഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th December 2024, 3:25 pm

തിരുവനന്തപുരം: രക്ഷാദൗത്യത്തിന് സംസ്ഥാനത്തോട് പണം ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ സമീപനം മുറിവില്‍ മുളക് തേക്കുന്നതിന് സമാനമാണെന്ന് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ ഒഴികെ എം.പിമാര്‍ കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിച്ചുവെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

കേന്ദ്രം കേരളത്തെ സഹായിക്കുന്നുമില്ല, അപഹസിക്കുക കൂടിയാണ് ചെയ്യുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കളിയാക്കുന്ന തരത്തിലുള്ള സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കണ്ണില്‍ പൊടിയിടുന്ന നീക്കമാണ് എയര്‍ഫോഴ്‌സ് രക്ഷാദൗത്യത്തിന് ചെലവായ തുക തിരികെ ചോദിച്ചതിലൂടെ പുറത്തുവന്നതെന്നും മന്ത്രി പ്രതികരിച്ചു.

കേരളം ഭരിക്കുന്നത് ഇടതുപക്ഷ മുന്നണിയാണ്. പ്രതിപക്ഷത്ത് കോണ്‍ഗ്രസും. ഇവിടെ ബി.ജെ.പിക്ക് പ്രത്യേകം ഒരു റോളില്ലെന്ന് തോന്നിയിട്ടുണ്ടാകാം. എന്നാല്‍ കേരളത്തിന് വലിയ ഒരു ദുഖമുണ്ടാകുമ്പോള്‍ പിന്തുണക്കുന്ന ഒരു സമീപനം ഉണ്ടാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പിയുടെ വോട്ടര്‍മാര്‍ കൂടി ഇവിടെ ഉണ്ടല്ലോ?. എന്നാല്‍ പാര്‍ട്ടിയല്ല ഇപ്പോഴത്തെ പ്രശ്‌നമെന്നും കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ നീക്കത്തെ ന്യായീകരിക്കുന്ന കണക്കുകളാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

നല്ലൊരു നടനായതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ സുരേഷ് ഗോപിയുടെ നടന വൈഭവം കഴിഞ്ഞ ദിവസം കണ്ടല്ലോയെന്നും മന്ത്രി ചോദിച്ചു. കേരളവും തമിഴ്നാടും കേന്ദ്രത്തില്‍ നിന്ന് അവഗണന നേരിടുന്നുവെന്ന് പറഞ്ഞ ഡി.എം.കെ എം.പി കനിമൊഴിക്ക് നേരെ സുരേഷ് ഗോപി കൈ മലര്‍ത്തി കാണിച്ച സംഭവം ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

കനിമൊഴിക്ക് നേരെ അത്തരത്തിലുള്ള ഒരു ആംഗ്യം കാണിക്കേണ്ടതിന്റെ ആവശ്യകത എന്താണ്, വളരെ മോശമാണ് ഇതെല്ലാമെന്നും മന്ത്രി പറഞ്ഞു. എന്ത് രാഷ്ട്രീയമാണ് കേന്ദ്രത്തിന്റെ ഈ നീക്കത്തിന് പിന്നിലെന്ന് മനസിലാകുന്നിലെന്നും അദ്ദേഹം പറഞ്ഞു. രക്ഷാകര്‍ത്താപരമായ ഒരു സമീപനവും പിന്തുണയുമാണ് കേരളം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘നിങ്ങള്‍ കൈമലര്‍ത്തി കാണിച്ചില്ലേ? അതുതന്നെയാണ് കേന്ദ്രം തമിഴ്‌നാടിനോടും കേരളത്തോടും കാണിക്കുന്നത്’; സുരേഷ് ഗോപിക്കെതിരെ കനിമൊഴി

കേരളത്തിലെ മാധ്യമങ്ങള്‍ ശക്തമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങളില്‍ അത്തരത്തിലൊരു സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlight: KN Balagopal said that the central’s approach of asking the state for money for the rescue mission is like rubbing chili on the wound