'സുധാകരേട്ടന്‍ പറഞ്ഞ പോലെ ഇന്നയാളുടെ മകനായി ജനിച്ച് 250 സക്വയര്‍ ഫീറ്റില്‍ നിന്ന് 2500ലേക്ക് മാറിയതല്ല'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ. എം ഷാജി
കണ്ണൂര്‍: താന്‍ ജനിച്ചത് വലിയ വീട്ടിലാണെന്നും കെ. സുധാകരന്‍ പറഞ്ഞതു പോലെ ‘ഇന്നയാളുടെ മകനായി’ ജനിച്ച് 250ല്‍ നിന്ന് 2500 സ്‌ക്വയര്‍ ഫീറ്റിലേക്ക് മാറിയതല്ലെന്ന് കെ.എം ഷാജി എം.എല്‍.എ. കോര്‍പറേഷന്‍ നിയമങ്ങള്‍ ലംഘിച്ച് വീട് പണിതെന്ന ആരോപണത്തില്‍ പ്രതികരിക്കവെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ. സുധാകരന്റെ വിവാദ പരാമര്‍ശത്തെ കൂട്ടുപിടിച്ച് കെ. എം ഷാജി സംസാരിച്ചത്.
തന്നെ വിടാതെ പിന്തുടരാനാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശമെന്നും ഷാജി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രാഷ്ട്രീയ തലത്തില്‍ നോക്കുമ്പോള്‍ പിണറായി വിജയനെക്കാളും എത്ര താഴെ നില്‍ക്കുന്ന ആളാണ് ഞാന്‍. ആ എന്നെ വിടാതെ പിന്തുടരാനാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.
ഞാന്‍ ഇതിലും വലിയ വീട്ടിലാണ് ജനിച്ചത്. അല്ലാതെ സുധാകരേട്ടന്‍ പറഞ്ഞപോലെ ഇന്ന ആള്‍ടെ മകനായി ജനിച്ചിട്ട് 250 സ്‌ക്വയര്‍ ഫീറ്റില്‍ നിന്ന് 2500ലേക്കും 5000ത്തിലേക്കും മാറിയതല്ല,’ കെ. എം ഷാജി പറഞ്ഞു.
ഇഞ്ചികൃഷി നടത്തി തന്നെയാണ് പണം സമ്പാദിച്ചത്. കൃഷി എന്നൊക്കെ സി.പി.ഐ.എമ്മുകാര്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്. ഡി.വൈ.എഫ്.ഐക്കാര്‍ക്ക് ഇതൊക്കെ ആദ്യത്തെ വാര്‍ത്തയാണ്. ദല്‍ഹിയില്‍ എന്തോ ഒരു കൃഷിയുടെ സമരം നടക്കുന്നുവെന്നാണ് പറയുന്നത്. അവര്‍ക്ക് അതിനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്.
ഞങ്ങള്‍ വയനാട്ടുകാര്‍ക്കും ഇടുക്കിക്കാര്‍ക്കും ഇതൊക്കെ ജീവരക്തത്തിലുള്ളതാണ്. കൃഷി ചെയ്താണ് സമ്പാദിച്ചതെന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.എ റഹീം വന്നാല്‍ എന്താണ് കൃഷി എന്ന് കാണിച്ച് കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അന്തകവിത്താണെന്നും കെ.എം ഷാജി പറഞ്ഞു. തന്നെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാന്‍ അവര്‍ക്ക് പറ്റുമായിരിക്കും. പക്ഷെ കേസ് തെളിയിക്കേണ്ടത് കോടതിയിലാണ്. അതിനുള്ള കഴിവൊന്നും മുഖ്യമന്ത്രി പിണറായി വിജയനില്ലെന്നും ഷാജി പറഞ്ഞു.
സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ വലിയ അളവിലാണ് വീടിന്റെ നിര്‍മാണമെന്നായിരുന്നു കെ. എം ഷാജിക്കെതിരായ കോഴിക്കോട് കോര്‍പറേഷന്റെ കണ്ടെത്തല്‍. തുടര്‍ന്ന് പ്ലാന്‍ ക്രമപ്പെടുത്തണം എന്നാവശ്യപ്പെട്ട് കെ. എം ഷാജി അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ പിഴവുകളുണ്ടെന്നും അത് തിരുത്തി വീണ്ടും നല്‍കണമെന്നുമാണ് കോര്‍പ്പറേഷന്‍ ഷാജിയോട് പറഞ്ഞിരിക്കുന്നത്.
5200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കോഴിക്കോട്ടെ വീട് അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ ഷാജി നല്‍കിയത്.
എന്നാല്‍ അപേക്ഷയ്ക്ക് ഒപ്പം നല്‍കേണ്ട രേഖകളൊന്നും ഷാജി സമര്‍പ്പിച്ചിരുന്നില്ല. അപേക്ഷയില്‍ നികുതി അടച്ച രേഖകള്‍ ഒപ്പം വെച്ചിരുന്നില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക