Daily News
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം; ഡി.വൈ.എസ്.പി നജ്മല്‍ ഹസന് ചുമതല, അന്വേഷണം സ്വാഗതം ചെയ്ത് മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Aug 27, 09:58 am
Saturday, 27th August 2016, 3:28 pm

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ തുടരന്വേഷണ ചുമതലയില്‍നിന്ന് ആര്‍. സുകേശനെ ഒഴിവാക്കി. അന്വേഷണത്തിനു താല്‍പ്പര്യമില്ലെന്ന് സുകേശന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു.

സുകേശനു പകരം പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി നജ്മല്‍ ഹസനാകും ബാര്‍ക്കോഴ കേസില്‍ തുടരന്വേഷണം നടത്തുക. കേസില്‍ അന്വേഷണം പൂര്‍ണമായിട്ടില്ലെന്നും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

ഇതിനിടെ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കെ.എം. മാണി പറഞ്ഞു. അതേസമയം കേസിനു പിന്നില്‍ ഗൂഢാലോചനയാണെന്ന നിലപാട് മാണി ആവര്‍ത്തിച്ചു.

എന്റെ രഷ്ട്രീയ നിലപാടുകളോടുള്ള അസഹിഷ്ണുതയാണ് കേസിനു പിന്നില്‍. ഏത് അന്വേഷണവും നടക്കട്ടെ. ആരോടും വിരോധമില്ല മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം കേസ് അന്വേഷിച്ച് വിജിലന്‍സ് എസ്.പി. ആര്‍ സുകേശനെതിരെ മാണി രൂക്ഷ വിമര്‍ശമുന്നയിച്ചു. കുറ്റക്കാരനെന്ന് ആദ്യം റിപ്പോര്‍ട്ടു നല്‍കിയ ഉദ്യോഗസ്ഥന്‍ തന്നെ പുന:രന്വേഷണം ആവശ്യപ്പെടുന്നത് ശരിയല്ലെന്നു പറഞ്ഞ മാണി, സുകേശന്‍ മന:സ്സാക്ഷിയില്ലാത്ത ആളാണെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം മാണിക്കെതിരെ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസ് അട്ടിമറിച്ചെന്നും അതിനാല്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എസ്.പി സുകേശന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ബാര്‍ കോഴക്കേസ് അട്ടിമറിച്ചത് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയില്‍ എസ്.പി  സുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

കേസ് ഡയറിയില്‍ മാണിക്ക് അനുകൂലമായി ചില മാറ്റങ്ങള്‍ വരുത്താന്‍ ശങ്കര്‍ റെഡ്ഡി തന്നെ നിര്‍ബന്ധിച്ചു. ബാര്‍ കേസില്‍ മാണിക്കെതിരെ കുറ്റപത്രം വേണമെന്ന വിജിലന്‍സിന്റെ രണ്ടാം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ശങ്കര്‍ റെഡ്ഡി തള്ളിയെന്നും സുകേശന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ബാര്‍ കോഴക്കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ട് എസ്.പി സുകേശന്‍ ശങ്കര്‍ റെഡ്ഡിക്കു സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടു പരിശോധിച്ച ശങ്കര്‍ റെഡ്ഡി കേസ് ഡയറിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചു.