ഫോളോ ഓണും പിന്നാലെ ഒരുപക്ഷേ തോല്‍വിയും മുമ്പില്‍ കണ്ട ഇന്ത്യക്ക് സമനിലയിലേക്ക് ശ്വാസം നീട്ടിക്കിട്ടിയ കാഴ്ചയ്ക്കാണ് ബ്രിസ്‌ബെയ്ന്‍ സാക്ഷ്യം വഹിച്ചത്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിലൊന്നുകൂടിയായി ഈ മത്സരം അടയാളപ്പെടുത്തപ്പെട്ടേക്കും
ഇതിന് നാല് ബാറ്റര്‍മാരോടാണ് ഇന്ത്യന്‍ ആരാധകര്‍ കടപ്പെട്ടിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ് ലിയും റിഷബ് പന്തും യശസ്വി ജെയ്സ്വാളും തുടങ്ങി സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ ഇന്ത്യയുടെ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ടോപ് ഓര്‍ഡറില്‍ കെ.എല്‍. രാഹുലും മിഡില്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജയും ചെറുത്തുനിന്നു. ഒപ്പം വാലറ്റത്ത് ബുംറയും ആകാശ് ദീപും ചേര്‍ന്ന് ഓസീസിന്റെ പ്രതീക്ഷകളും തല്ലിക്കെടുത്തി.
സേന രാജ്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പതിവ് രാഹുല്‍ ഇത്തവണയും തെറ്റിച്ചില്ല.
ഇത് ആറാം തവണയാണ് രാഹുല്‍ സേന രാജ്യങ്ങളില്‍ 80+ റണ്‍സ് നേടുന്നത്. 2014ല്‍, രാഹുലിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം മറ്റ് എല്ലാ ഓപ്പണര്‍മാരും ചേര്‍ന്ന് വെറും അഞ്ച് തവണയാണ് സേനയില്‍ 80+ റണ്‍സ് സ്വന്തമാക്കിയത്.
(റണ്‍സ് – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
110 – ഓസ്‌ട്രേലിയ – സിഡ്‌നി – 2015
149- ഇംഗ്ലണ്ട് – ഓവല്‍ – 2018
84 – ഇംഗ്ലണ്ട് – നോട്ടിങ്ഹാം – 2021
129 – ഇംഗ്ലണ്ട് – സലോര്‍ഡ്‌സ് – 2021
123 – സൗത്ത് ആഫ്രിക്ക – സെഞ്ചൂറിയന്‍ – 2021
50 – സൗത്ത് ആഫ്രിക്ക – ജോഹനാസ്‌ബെര്‍ഗ് – 2022
101 – സൗത്ത് ആഫ്രിക്ക – സെഞ്ചൂറിയന്‍ – 2023
77 – ഓസ്‌ട്രേലിയ – പെര്‍ത്ത് – 2024
84 – ഓസ്‌ട്രേലിയ – ബ്രിസ്‌ബെയ്ന്‍ – 2024
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ടീമിന്റെ ഓപ്പണറുടെ റോളിലെത്തിയ രാഹുല്‍ ടീമിന്റെ രക്ഷകനായി മാറുന്ന കാഴ്ചയാണ് പരമ്പരയില്‍ കാണുന്നത്.
നിലവില്‍ 193 റണ്‍സിന് പിന്നിലാണ് ഇന്ത്യ. മത്സരത്തിന്റെ അവസാന ദിവസം ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റും വീഴ്ത്തി, വളരെ പെട്ടെന്ന് റണ്‍സ് ഉയര്‍ത്തി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത്, ഇന്ത്യയുടെ പത്ത് വിക്കറ്റുകളും പിഴുതെറിഞ്ഞാല്‍ ഓസ്ട്രേലിയക്ക് വിജയിക്കാന്‍ സാധിക്കും. എന്നാല്‍ നിലവില്‍ 193 റണ്‍സ് മാത്രമാണ് കുറവുള്ളത് എന്നതിനാലും മറുവശത്ത് ഇന്ത്യ ആയതിനാലും ഓസ്ട്രേലിയ ഇതിന് ശ്രമിക്കാന്‍ സാധ്യതയില്ല.
അതേസമയം, ഗാബയില്‍ പരാജയമൊഴിവാക്കി ശേഷിച്ച മത്സരങ്ങള്‍ വിജയിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. ഇനി രണ്ട് ടെസ്റ്റുകളാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലും ഇന്ത്യക്ക് കളിക്കാനുള്ളത്.
പരമ്പരയിലെ നാലാമത് മത്സരമായ ബോക്‌സിങ് ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണില്‍ നടക്കും. ജനുവരി മൂന്നിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം. സിഡ്‌നിയാണ് വേദി.
Content Highlight: KL Rahul’s brilliant batting performances at SENA countries