പന്തിന് വേണ്ടി കെ.എല്‍. രാഹുല്‍ മാറിക്കൊടുക്കണം: മുന്‍ ഇന്ത്യന്‍ താരം
Sports News
പന്തിന് വേണ്ടി കെ.എല്‍. രാഹുല്‍ മാറിക്കൊടുക്കണം: മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd September 2022, 5:24 pm

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ഏഷ്യാ കപ്പിലെ ആദ്യ മത്സത്തില്‍ പാകിസ്ഥാനെയും പീന്നിട് ഹോങ്കോങ്ങിനെയും പരാജയപ്പെടുത്തി ഗ്രൂപ്പില്‍ ഒന്നാമതായി സൂപ്പര്‍ ഫോറിലേക്കെത്താനും ഇന്ത്യക്കായി.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിലെ ഹീറോയായ ഹര്‍ദിക് പാണ്ഡ്യ രണ്ടാം മത്സരത്തില്‍ ഇറങ്ങിയിരുന്നില്ല.

ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ റിഷബ് പന്തിനെ കളത്തിലിറക്കിയിരുന്നില്ല, പകരം ദിനേഷ് കാര്‍ത്തിക്കിനായിരുന്നു അവസരം നല്‍കിയത്. അതിനെതിരെ ഒരുപാട് വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. റിഷബ് പന്തിന് അവസരം നല്‍ക്കാത്താതിന് ആരാധകരും മുന്‍ താരങ്ങളായിരുന്ന വസീം ജാഫറും ഗൗതം ഗംഭീറുമെല്ലാം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

 

ഇപ്പോഴിതാ, വരാനിരിക്കുന്ന മത്സരങ്ങളില്‍ റിഷബ് പന്തിനെ ഇന്ത്യ കളിക്കാനിറക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍.പി. സിങ് പറഞ്ഞിരിക്കുന്നത്.

‘കെ.എല്‍. രാഹുലോ ദിനേശ് കാര്‍ത്തിക്കൊ ഇവരില്‍ ഒരാള്‍ പന്തിന് വഴിയൊരുക്കണം. അവന്‍ ഒരു മാച്ച് വിന്നറാണ്. അവന് ഒറ്റക്ക് ഗെയിമുകള്‍ ജയിപ്പിക്കാന്‍ സാധിക്കും,’ ആര്‍.പി. സിങ് പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ കാര്‍ത്തിക് വിക്കറ്റ് കീപ്പ് ചെയ്യാത്തതും തന്നെ അത്ഭുതപ്പെടുത്തിയെന്നും ആര്‍.പി. സിങ് കൂട്ടിച്ചേര്‍ത്തു.

‘രാഹുല്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നില്ല. അവന്റെ ശരീരഭാഷ കാണുമ്പോള്‍ എനിക്ക് അവനൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് തോന്നുന്നു. ഫോമിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം ആവശ്യമാണ്,’ എന്നും അദ്ദേഹം പറയുന്നു.

പാകിസ്ഥാന്‍-ഇന്ത്യ മത്സരത്തില്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു. ഇന്ത്യ-ഹോങ്കോങ് മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ 39 പന്തുകളില്‍ നിന്നും 36 റണ്‍സ് മാത്രമാണ് നേടിയത്.

ടി-20 ഫോര്‍മാറ്റില്‍ കളിക്കേണ്ട രീതിയില്‍ നിന്നും മാറി ടെസ്റ്റ് മത്സരത്തിലെ രീതിയിലായിരുന്നു രാഹുലിന്റെ പ്രകടനം. അത് ആരാധകരില്‍ നിരാശയും ദോഷ്യവുമുണ്ടാക്കിയിട്ടുണ്ട്.

 

content highlight: KL  Rahul must step aside for Rishabh Pant says Former Indian player RP Singh