മുംബൈ: മുന്‍ പഞ്ചാബ് കിംഗ്‌സ് താരം കെ.എല്‍. രാഹുലിന് ഐ.പി.എല്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മറ്റ് ഐ.പി.എല്‍ ഫ്രാഞ്ചൈസികളുമായി നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചതിനെതിരെ രാഹുലിനെതിരെ പഞ്ചാബ് കിംഗ്‌സ് ബി.സി.സി.ഐയ്‌ക്കെതിരെ പരാതി നല്‍കിയതായാണ് സൂചന.
ഇതില്‍ ബി.സി.സി.ഐ അന്വേഷണം നടത്തുന്നതായാണ് സൂചന.
ഐ.പി.എല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ആര്‍.പി.എസ്.ജി ഗ്രൂപ്പിന്റെ ലഖ്‌നൗ ടീമുമായി രാഹുല്‍ നേരിട്ട് സംസാരിച്ചുവെന്നാണ് പഞ്ചാബ് പറയുന്നത്.
‘ഞങ്ങള്‍ക്ക് രാഹുലിനെ നിലനിര്‍ത്തണമായിരുന്നു. പക്ഷെ അദ്ദേഹത്തിന് പോകാനായിരുന്നു താല്‍പര്യം. ലേലത്തിന് മുന്‍പ് അദ്ദേഹം മറ്റ് ഫ്രാഞ്ചൈസിയുമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയായ കാര്യമല്ല,’ പഞ്ചാബ് കിംഗ്‌സ് സഹ ഉടമ നെസ് വാദിയ പറഞ്ഞു.
2020 ല്‍ ആര്‍. അശ്വിനെ ഒഴിവാക്കിയാണ് പഞ്ചാബ്, രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിച്ചത്. എന്നാല്‍ ബാറ്റിംഗ് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും രാഹുലിന് ടീമിനെ പ്ലേ ഓഫിലെത്തിക്കാനായില്ല.
11 കോടി രൂപയാണ് ഐ.പി.എല്ലില്‍ ഇപ്പോള്‍ രാഹുലിന്റെ പ്രതിഫലം. നേരത്തെ മറ്റ് ഫ്രാഞ്ചൈസികളുമായി സംസാരിച്ചതിന് രവീന്ദ്ര ജഡേജക്ക് ബി.സി.സി.ഐ ഒരു വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.