ഐ.പി.എല്ലിലെ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 18 റൺസിന് ലഖ്‌നൗ സൂപ്പർ ജയന്റ്സ് പരാജയപ്പെടുത്തിയിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
Nicky bhai, kya ho aap 🙇 pic.twitter.com/DmTrAoZlYC
— Lucknow Super Giants (@LucknowIPL) May 17, 2024
നിക്കോളാസ് പൂരന്റെയും നായകന്‍ കെ.എല്‍ രാഹുലിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ലഖ്നൗ മികച്ച ടോട്ടല്‍ നേടിയത്. 29 പന്തില്‍ 75 റണ്‍സ് നേടിക്കൊണ്ടായിരുന്നു പൂരന്റെ വെടിക്കെട്ട് ഇന്നിങ്സ്. അഞ്ച് ഫോറുകളും എട്ട് സിക്സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് മൂന്നു വീതം ഫോറുകളും സിക്സുകളും ഉള്‍പ്പെടെ 41 പന്തില്‍ 55 റണ്‍സ് നേടി രാഹുലും നിര്‍ണായകമായി.
KL Rahul vs MI = BEAST MODE ON 🔥👊 pic.twitter.com/MfNgNH4OA2
— Lucknow Super Giants (@LucknowIPL) May 17, 2024
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് കെ.എല്‍ രാഹുല്‍ സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് രാഹുല്‍ സ്വന്തം പേരില്‍ കുറിച്ചത്. മുംബൈയ്‌ക്കെതിരെ 38 സിക്‌സുകളാണ് രാഹുല്‍ നേടിയത്
37 സിക്‌സുകള്‍ നേടിയ മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ് ധോണിയെ മറികടന്നു കൊണ്ടായിരുന്നു ലഖ്നൗ നായകന്റെ മുന്നേറ്റം. മുംബൈയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളില്‍ ഒന്നാമത് ഉള്ളത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്ല്‍ ആണ്. 44 സിക്‌സുകളാണ് ഗെയ്ല്‍ നേടിയത്.
അതേസമയം മുംബൈയ്ക്ക് വേണ്ടി രോഹിത് ശര്‍മ 38 പന്തില്‍ 68 റണ്‍സും നമന്‍ ദീര്‍ 28 പന്തില്‍ 62 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും 18 റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.
സൂപ്പര്‍ ജയന്റ്സിനായി രവി ബിഷ്ണോയ്, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും ക്രുണാല്‍ പാണ്ഡ്യ, മോഹ്‌സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: KL Rahul create a new record in IPL