പ്രിയ സെബാസ്റ്റ്യന്‍ പോള്‍, പോക്കറ്റടിച്ചതിനോ ചെക്ക് മടങ്ങിയതിനോ അല്ല ദിലീപ് ജയിലില്‍ കിടക്കുന്നത്, സെബാസ്റ്റ്യന്‍ പോളിന് ഷാഹിനയുടെ തുറന്ന കത്ത്
Daily News
പ്രിയ സെബാസ്റ്റ്യന്‍ പോള്‍, പോക്കറ്റടിച്ചതിനോ ചെക്ക് മടങ്ങിയതിനോ അല്ല ദിലീപ് ജയിലില്‍ കിടക്കുന്നത്, സെബാസ്റ്റ്യന്‍ പോളിന് ഷാഹിനയുടെ തുറന്ന കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th September 2017, 6:15 pm

ദിലീപ് കുറ്റവാളിയാണ് എന്ന വാദം എനിക്കില്ല .അയാള്‍ കുറ്റാരോപിതനാണ്. പക്ഷെ അയാള്‍ നിരപരാധിയാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ഈ വ്യഗ്രത ആര്‍ക്കു വേണ്ടിയാണ് ? തെളിവുകളുടെ പിന്‍ബലമില്ലാത്ത വെറും തോന്നലുകള്‍ ഇംഗ്ലീഷില്‍ വിംസ് ആന്‍ഡ് ഫാന്‍സീസ് എന്ന് പറയുന്നത് തട്ടിവിടുന്ന ഏര്‍പ്പാടാണോ താങ്കള്‍ നാളിതു വരെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച ജേര്‍ണലിസം? അതോ ഒരു പ്രായം കഴിഞ്ഞാല്‍ എഡിറ്റോറിയല്‍ എന്ന പേരില്‍ എന്ത് തോന്നലും എഴുതിവിടാമെന്നാണോ ? പല സീനിയര്‍ പത്രപ്രവര്‍ത്തകരും വാര്‍ദ്ധക്യകാലത്ത് വങ്കത്തരങ്ങള്‍ തട്ടിമൂളിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോ.


താങ്കള്‍ എന്നെ പഠിപ്പിച്ചയാളാണ്. ഇതുവരെ സര്‍ എന്നേ വിളിച്ചിട്ടുള്ളൂ. ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍ തോന്നുന്നില്ല. മനസ്സില്‍ ഒന്ന് തോന്നുകയും പുറമേക്ക് മറ്റൊന്ന് പ്രകടിപ്പിക്കുകയും ചെയ്യുന്ന ശീലമില്ലാത്തത് കൊണ്ട് തത്കാലം പേര് വിളിക്കാനേ കഴിയൂ. താങ്കളുടെ ലേഖനം പലരെയും ഞെട്ടിച്ചു. എന്നെയും.

വീണ്ടും വീണ്ടും വായിച്ചപ്പോള്‍ ഞെട്ടല്‍ നിരാശക്കു വഴി മാറി. ഇത് വരെ നമ്മള്‍ കണ്ട സെബാസ്റ്റ്യന്‍ പോളല്ല, ആ ലേഖനത്തില്‍ സംസാരിക്കുന്നത്. നിയമം പഠിച്ച, പ്രാക്ടീസ് ചെയ്യുന്ന ഒരാളുടെ ഭാഷയോ യുക്തിയോ അല്ല ആ എഴുത്തില്‍ ഉള്ളത്. എന്തായാലും ഇങ്ങനെ എഴുതിയ സ്ഥിതിക്ക് താങ്കള്‍ സംവാദത്തിന് തയ്യാറാവും എന്ന് പ്രതീക്ഷിക്കുന്നു . .

നൂറു കണക്കിന് വിചാരണ തടവുകാരും റിമാന്‍ഡ് പ്രതികളും ജയിലില്‍ കിടക്കുമ്പോള്‍ വെറും 60 ദിവസം മാത്രം പിന്നിട്ട ഒരു പ്രത്യേക തടവുകാരന് വേണ്ടി താങ്കള്‍ സംസാരിക്കുന്നതിന്റെ യുക്തി എന്താണ് ? പോക്കറ്റടിച്ചതിനോ ചെക്ക് മടങ്ങിയതിനോ അല്ല അയാള്‍ ജയിലില്‍ കിടക്കുന്നത്.

“മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന , കൊലപാതകം കഴിഞ്ഞാല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമായി കരുതപ്പെടുന്ന ബലാല്‍സംഗം എന്ന കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കിടക്കുന്നത്. ഈ പ്രത്യേക പ്രതിക്ക് വേണ്ടി മാത്രം (ആ കേസില്‍ തന്നെ പതിനാല് പ്രതികളുണ്ടല്ലോ ) ഇങ്ങനെ എഴുതാന്‍ പ്രത്യേകിച്ചെന്തെങ്കിലും കാരണം ഉണ്ടോ ?

രണ്ട്. “സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല” എന്ന ആ പ്രസ്താവന കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാമോ ? ഇതിനു മുന്‍പ് റിപ്പോര്‍ട്ടര്‍ ടിവിയില്‍ നമ്മള്‍ ഒരുമിച്ചു പങ്കെടുത്ത ഒരു ചര്‍ച്ചയില്‍ താങ്കള്‍ ഏതാണ്ട് ഇതിനു സമാനമായ ഒരു കാര്യം പറഞ്ഞിരുന്നു .

 

“റേപ്പ് കൊട്ടേഷന്‍ എന്ന് ആദ്യമായിട്ട് കേള്‍ക്കുകയാണ് .വളരെ വിചിത്രമായി തോന്നുന്നു . ബലാല്‍സംഗം ചെയ്യുന്നത് കാമസംപൂര്‍ത്തി വരുത്താനാണല്ലോ, റേപ്പ് കൊട്ടേഷന്‍ കൊടുക്കുന്നത് കൊണ്ട് ആ ഉദ്ദേശം നടക്കില്ലല്ലോ “” ഇങ്ങനെയാണ് ആ ചര്‍ച്ചയില്‍ താങ്കള്‍ അന്ന് പറഞ്ഞത് . അന്ന് മറുപടി പറയാന്‍ എനിക്ക് സമയം കിട്ടിയില്ല .

സെബാസ്റ്റ്യന്‍ പോള്‍, താങ്കള്‍ എന്താണ് ധരിച്ചു വെച്ചിരിക്കുന്നത് ? ഗുജറാത്തിലെ സാഹിറ ഷെയ്ക്കിനെയും ബില്‍ക്കിസ് ഭാനുവിനെയും അറിയുമോ ? അവര്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത് കാമസംപൂര്‍ത്തിക്കായിരുന്നോ ? ബലാല്‍സംഗം ഒരു ലൈംഗികപ്രക്രിയയാണ് എന്ന തികഞ്ഞ അബദ്ധധാരണയാണ് താങ്കള്‍ വെച്ച് പുലര്‍ത്തുന്നത് എന്നതില്‍ ലജ്ജ തോന്നുന്നു .

നിര്‍ഭയക്കേസിലെ പ്രതിയുടെ ഒരു വീഡിയോ പുറത്തു വന്നത് താങ്കള്‍ കണ്ടിരുന്നോ ? അസമയത്ത് പുറത്തിറങ്ങി നടന്നതിന് പാഠം പഠിപ്പിക്കാനാണ് അത് ചെയ്തതെന്ന് അയാള്‍ പറഞ്ഞത് കേട്ടിരുന്നോ ? മണിപ്പൂരില്‍ പട്ടാളക്കാര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന മനോരമയെ ഓര്‍മ്മയുണ്ടോ ? അതില്‍ നഗ്‌നരായി പ്രതിഷേധിച്ച വീട്ടമ്മമാരുടെ ചിത്രം ഓര്‍മ്മയുണ്ടോ ?

നാളിതു വരെയുള്ള യുദ്ധങ്ങളുടെ, കലാപങ്ങളുടെ ചരിത്രം ഒന്ന് കൂടി വായിച്ചു വരാന്‍ താങ്കളെ ഉപദേശിക്കേണ്ടി വന്നതില്‍ അമ്പരപ്പ് തോന്നുന്നു . ഒരു ദേശത്തെ , വംശത്തെ , സമുദായത്തെ കീഴടക്കാന്‍ , വംശീയവും വര്‍ഗീയവുമായ വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാന്‍ നാളിതു വരെ ഉപയോഗിച്ച് പോന്നിട്ടുള്ള ആയുധമാണ് ബലാല്‍സംഗം എന്ന് താങ്കളെ പഠിപ്പിക്കണോ ? പുരുഷാധിപത്യത്തിന്റെ ആയുധം. സ്ത്രീകളെ അടക്കി നിര്‍ത്താന്‍, അവരോടു പ്രതികാരം ചെയ്യാന്‍ ഉപയോഗിക്കുന്ന ആയുധം. ഇതൊക്കെ താങ്കളെ പറഞ്ഞു മനസ്സിലാക്കേണ്ടി വരുന്നത് ഖേദകരമാണ് .

 

മൂന്ന് പോലീസിനെ വിശ്വസിക്കരുത് എന്ന നിലപാടിനെ അംഗീകരിക്കുന്ന ആളാണ് ഞാന്‍. പക്ഷേ അപ്പോഴും എന്ത് കൊണ്ട് വിശ്വസിക്കുന്നില്ല എന്ന് ഓരോ കേസിലും കാര്യകാരണ സഹിതം സമര്‍ത്ഥിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നു ഞാന്‍ കരുതുന്നു. മദനിയുടെ കേസിലും ജിഷയുടെ കേസിലും ഒക്കെ ഞാന്‍ അതാണ് ചെയ്തത്. ഇവിടെ താങ്കള്‍ പക്ഷേ വെറും പ്രസ്താവനകള്‍ നടത്തുകയാണ്.

ഉദാഹരണത്തിന്, “ദിലീപിനുവേണ്ടി സംഘടനയുണ്ടാക്കുന്നില്ല. പക്ഷേ ദിലീപിനുവേണ്ടി സംസാരിക്കണം. കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിന് ആ സംസാരം ആവശ്യമുണ്ട്. അപ്രകാരം സംസാരിക്കുന്ന സുമനസുകള്‍ക്കൊപ്പം ഞാന്‍ ചേരുന്നു..”

എന്താണ് ഈ പ്രസ്താവന കൊണ്ട് ഉദ്ദേശിച്ചത് ? താങ്കളെപ്പോലെ മുതിര്‍ന്ന ഒരു അഭിഭാഷകന് ചേരുന്ന ഭാഷയാണോ ഇത് ? ഈ വിഷയത്തില്‍ പോലീസ് കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുകയാണ് എന്ന വാദത്തെ സാധൂകരിക്കാന്‍ താങ്കളുടെ കയ്യില്‍ എന്ത് തെളിവാണുള്ളത് ? പോലീസിനെ നിയന്ത്രിക്കണം എന്ന് താങ്കള്‍ക്ക് തോന്നുന്നതെന്തു കൊണ്ടാണ് ?

ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന ഹൈക്കോടതിയുടെ നിരീക്ഷണം താങ്കള്‍ തള്ളിക്കളയുന്നുണ്ടോ ? ഉണ്ടെങ്കില്‍ എന്ത് കൊണ്ട് ? അതിന് താങ്കളെ പ്രേരിപ്പിക്കുന്ന വസ്തുതകള്‍ എന്തൊക്കെയാണ് ? വസ്തുതകളിലും തെളിവുകളിലും ഊന്നി സംസാരിക്കുന്നതല്ലേ, ഒരു അഭിഭാഷകനെന്ന നിലയിലും മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലും താങ്കള്‍ ചെയ്യേണ്ടിയിരുന്നത് ? അല്ലാതെ ക്രിസ്തുവിന്റെ പീഡാനുഭവവുമായി താരതമ്യപ്പെടുത്തി പതം പറഞ്ഞു കരയാന്‍ താങ്കള്‍ സുവിശേഷ പ്രാസംഗികനല്ലല്ലോ ?

 

നാല് ദിലീപിന് ജാമ്യം നിഷേധിച്ചു കൊണ്ട് 24 / 07 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങള്‍ അക്കമിട്ടു പറയുന്നുണ്ട്. അവസാനത്തെ മൂന്ന് പാരഗ്രാഫുകള്‍ (16 , 17 , 18 )താങ്കള്‍ ഒന്ന് കൂടി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കോടതി പറഞ്ഞ ആ കാരണങ്ങള്‍ തള്ളിക്കളയാന്‍ യുക്തിസഹമായ എന്തെങ്കിലും കാരണങ്ങള്‍ താങ്കള്‍ക്കുണ്ടോ ? ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തുകയല്ലേ വേണ്ടത് ?

അഞ്ച്  ലേഖനത്തിന്റെ അവസാനഭാഗത്തേക്ക് വരുമ്പോള്‍ ദിലീപിന് വേണ്ടിയുള്ള വെറും ഒരു കൂലിയെഴുത്തുകാരന്റെ നിലവാരത്തിലേക്ക് താങ്കള്‍ അധഃപതിക്കുകയാണെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ഈ കുറ്റകൃത്യത്തില്‍ ഗൂഢാലോചനയില്ലെന്ന് തീര്‍പ്പു കല്‍പ്പിക്കുകയാണ് താങ്കള്‍ ചെയ്യുന്നത്.

താങ്കള്‍ ഇങ്ങനെ പറയുന്നു; “ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണം. അതിനുള്ള പ്രാപ്തിയും പരിചയവും അയാള്‍ക്കുണ്ട്. “വസ്തുതകളുടെയോ തെളിവുകളുടെയോ എന്തെങ്കിലും പിന്‍ബലമുണ്ടോ ഈ വാദത്തിന് ?

ദിലീപ് ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിക്കളയാന്‍ എന്ത് തെളിവാണ് താങ്കളുടെ പക്കല്‍ ഉള്ളത് ? പ്രോസിക്യൂഷന്റെ വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയത് കള്ളത്തരമാണ് എന്നാണോ താങ്കളുടെ വാദം ?

 

ഈ കേസ് പള്‍സര്‍ സുനിയില്‍ തുടങ്ങി പള്‍സര്‍ സുനിയില്‍ അവസാനിക്കണം എന്നാണല്ലോ താങ്കള്‍ പറയുന്നതിന്റെ പച്ചമലയാളം . ഇത് കൊട്ടേഷനാണ് എന്ന് കാറില്‍ കയറുമ്പോള്‍ തന്നെ മുഖ്യപ്രതി പറഞ്ഞു എന്ന നടിയുടെ മൊഴി പോലീസും നാട്ടുകാരും അവിശ്വസിക്കണം എന്നാണോ താങ്കളുടെ വാദം ? ആര്‍ക്കു വേണ്ടിയാണ് സെബാസ്റ്റ്യന്‍ പോള്‍ സംസാരിക്കുന്നത് ?

ആറ് ദിലീപ് കുറ്റവാളിയാണ് എന്ന വാദം എനിക്കില്ല .അയാള്‍ കുറ്റാരോപിതനാണ്. പക്ഷെ അയാള്‍ നിരപരാധിയാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ഈ വ്യഗ്രത ആര്‍ക്കു വേണ്ടിയാണ് ? തെളിവുകളുടെ പിന്‍ബലമില്ലാത്ത വെറും തോന്നലുകള്‍ ഇംഗ്ലീഷില്‍ വിംസ് ആന്‍ഡ് ഫാന്‍സീസ് എന്ന് പറയുന്നത് തട്ടിവിടുന്ന ഏര്‍പ്പാടാണോ താങ്കള്‍ നാളിതു വരെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച ജേര്‍ണലിസം? അതോ ഒരു പ്രായം കഴിഞ്ഞാല്‍ എഡിറ്റോറിയല്‍ എന്ന പേരില്‍ എന്ത് തോന്നലും എഴുതിവിടാമെന്നാണോ ? പല സീനിയര്‍ പത്രപ്രവര്‍ത്തകരും വാര്‍ദ്ധക്യകാലത്ത് വങ്കത്തരങ്ങള്‍ തട്ടിമൂളിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോ.

ഏഴ് ഒരു അഭിഭാഷകന്‍ ഒരിക്കലും പറഞ്ഞു കൂടാത്ത കാര്യങ്ങളാണ് ലേഖനത്തിന്റെ അവസാനഭാഗത്ത് താങ്കള്‍ പറയുന്നത് .ഒരു ക്രിമിനല്‍ കുറ്റം തെളിയിക്കാനുള്ള ഉത്തരവാദിത്തം ആ കേസിലെ സാക്ഷിക്കാണ് എന്നത് എത്ര മാത്രം തല തിരിഞ്ഞ വാദമാണ് ! ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് മഞ്ജുവാരിയര്‍ ആണ്.

 

മഞ്ജു പോലീസിനോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതു സമൂഹത്തോട് വെളിപ്പെടുത്തണം എന്ന നിലപാട് അങ്ങേയറ്റത്തെ ധാര്‍ഷ്ട്യമല്ലാതെ മറ്റൊന്നുമല്ല . മഞ്ജു അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നൊക്കെ ചോദിക്കുമ്പോള്‍ താങ്കള്‍ വെറും ഖാപ് പഞ്ചായത്തിന്റെ നിലവാരത്തിലേക്ക് താഴുകയാണ് .

“പ്രതിയുടെ സന്ദിഗ്ധത നിറഞ്ഞ വെളിപ്പെടുത്തലിന്റെയും തത്പരകക്ഷിയുടെ അവ്യക്തമായ ആരോപണത്തിന്റെയും അടിസ്ഥാനത്തില്‍ പന്താടാനുള്ളതാണോ ഒരു വ്യക്തിയുടെ ജീവനും ജീവിതവു” മെന്ന താങ്കളുടെ ചോദ്യം തികഞ്ഞ അശ്ലീലമാണെന്നു പറയാതിരിക്കാന്‍ വയ്യ . പ്രതിയുടെ വെളിപ്പെടുത്തലുകള്‍ പോലീസ് അവഗണിക്കണമായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്?

“തല്പരകക്ഷി ” എന്ന വിശേഷണം കൊണ്ട് താങ്കള്‍ എന്താണ് പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് ? മാത്രമല്ല ,ജീവിതം പന്താടുകയാണ് എന്നൊക്കെ അതിവൈകാരിക പ്രകടനം നടത്താന്‍ മാത്രം ഇവിടെ എന്തുണ്ടായി? ദിലീപ് എന്ന നടനെ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്തതോ ? അറുപത് ദിവസം ജയിലില്‍ കഴിഞ്ഞതോ ? ഇത്തരമൊരു കേസില്‍ അറസ്റ്റ് ചെയ്തു അപ്പോള്‍ തന്നെ ജാമ്യം കൊടുക്കണമായിരുന്നു എന്നാണോ അഭിഭാഷകനായ താങ്കള്‍ പറയുന്നത് ?

ഏതു ബലാല്‍സംഗ ക്കേസിലാണ് പ്രതിക്ക് അങ്ങനെ ജാമ്യം കിട്ടിയിട്ടുള്ളത് ? അതോ ദിലീപിന്റെ കേസ് കോടതി സവിശേഷമായി പരിഗണിക്കണമായിരുന്നു എന്നാണോ ? ആ കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടിയും താങ്കള്‍ ഇത്ര വീറോടെ വാദിക്കുന്നില്ലല്ലോ ?

 

എട്ട് ആക്രമിക്കപ്പെട്ട നടിയോടൊപ്പം അസന്ദിഗ്ധമായി നിലയുറപ്പിച്ച പലരുമുണ്ട്.അവരില്‍ ദീദി ദാമോദരനോട് മാത്രം ഇത്ര വിദ്വേഷം തോന്നാന്‍ പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ ? ദീദിയുടെ അന്തരിച്ച പിതാവിനെ വരെ പരോക്ഷമായി നിന്ദിക്കുന്നത് അങ്ങേയറ്റം തരംതാണ പ്രവര്‍ത്തിയായിപ്പോയി എന്നൊരു വീണ്ടു വിചാരം താങ്കള്‍ക്കിപ്പോള്‍ തോന്നുന്നുണ്ടോ ? ഇതൊക്ക താങ്കള്‍ മറ്റാര്‍ക്കോ വേണ്ടി എഴുതുന്നതാണ് എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയുമോ ?

ഒന്‍പത് തടവുകാരുടെ മനുഷ്യാവകാശമെന്ന മട്ടില്‍ താങ്കള്‍ ദിലീപിന് വേണ്ടി മുന്നോട്ടു വെക്കുന്ന ജാമ്യ ഹര്‍ജിയുടെ ഉദ്ദേശം മറയില്ലാതെ വെളിപ്പെടുത്തിയതിനു നന്ദി. അത്രയെങ്കിലും സത്യസന്ധത കാട്ടിയതിന് അഭിനന്ദനങ്ങള്‍. ഇനി ജാമ്യാപേക്ഷ കോടതിയില്‍ വരുമ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കരുത്. മനസ്സിലായി . പക്ഷേ ഒന്ന് ചോദിച്ചോട്ടെ മിസ്റ്റര്‍ സെബാസ്റ്റ്യന്‍ പോള്‍, ജാമ്യം നല്‍കാതിരിക്കാന്‍ കോടതി നിരീക്ഷിച്ച കാരണങ്ങള്‍ അത് പോലെ നില നില്‍ക്കുകയാണല്ലോ .ആ സാഹചര്യത്തില്‍ മാറ്റം വന്നിട്ടില്ലല്ലോ.

പ്രതി സിനിമാവ്യവസായത്തില്‍ വന്‍ സ്വാധീനമുള്ള പ്രബലവ്യകതിയായതിനാല്‍ ജാമ്യം നല്‍കി പുറത്തു വിടുന്നത് കേസിനെ ദോഷകരമായി ബാധിക്കും എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചു കൊണ്ടാണല്ലോ കോടതി ജാമ്യം നിഷേധിച്ചത്. പ്രതി പുറത്തിറങ്ങുന്നത് ആക്രമിക്കപ്പെട്ട സ്ത്രീയുടെ ജീവന് ഭീഷണിയാണ് എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട് . ഈ നിരീക്ഷണങ്ങളെ താങ്കള്‍ തള്ളിക്കളയുന്നുണ്ടോ ? ഉണ്ടെങ്കില്‍ എന്ത് വസ്തുതകളുടെ പിന്‍ബലമാണ് താങ്കള്‍ക്കുള്ളത് ?

 

പത്ത് അവസാനത്തെ ആ പ്രാക്കുണ്ടല്ലോ ,അത് ഗംഭീരമായി എന്ന് പറയാതിരിക്കാന്‍ വയ്യ . “കുറ്റക്കാരനെന്നു കണ്ടാല്‍ ദീദിക്കും കൂട്ടര്‍ക്കും മതിയാവോളം ദിലീപിനെ നമുക്ക് ശിക്ഷിക്കാമല്ലോ” എന്ന ആ വിരാമവാക്യമുണ്ടല്ലോ. അത് തകര്‍ത്തു . സമാനതകളില്ലാത്ത ഭരണകൂട ഭീകരത നേരിട്ട .മദനിയെയും സക്കറിയയെയുമൊക്ക കൂട്ട് പിടിച്ചു താങ്കള്‍ പൊലിപ്പിച്ചെടുത്ത മനുഷ്യാവകാശത്തിന്റെ വര്‍ണക്കടലാസ് മുഴുവന്‍ അവസാനം വെറും ചാരമായിപ്പോയി.

താങ്കളുടെ പ്രശ്‌നം, ദിലീപാണ്, ദിലീപ് മാത്രമാണ് എന്നത് മറ നീക്കി പുറത്തു വരുന്നു ആ അവസാന വാചകത്തില്‍ . കുറ്റക്കാരനെന്ന് കണ്ടാല്‍ ” ദീദിക്കും കൂട്ടര്‍ക്കും ” മതിയാവുന്ന ശിക്ഷ കൊടുക്കുന്ന ഒരു നിയമസംവിധാനമല്ല രാജ്യത്തുള്ളത് . മദനിയും സക്കറിയയും, നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന മറ്റനേകം തടവുകാരുമൊന്നുമല്ല താങ്കളെ അലോസരപ്പെടുത്തുന്നത് എന്ന് വ്യക്തം. ദിലീപാണ്.

ദീദിയും കൂട്ടരുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഹേതു . ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന ഒരു പെണ്‍കുട്ടിയെ നടുറോഡില്‍ കൊല്ലാക്കൊല ചെയ്തത് ദീദിയുടെയും കൂട്ടരുടെയും മാത്രം ഉല്‍ക്കണ്ഠയാണ്. വേദനയാണ് ! അവള്‍ക്കു നീതി കിട്ടേണ്ടത് ദീദിയുടെയും കൂട്ടരുടെയും മാത്രം ആവശ്യവുമാണ് !

 

തടവുകാരുടെ മനുഷ്യാവകാശം എന്ന മന്ത്രസ്ഥായിയില്‍ തുടങ്ങി, ദിലീപിനെ വെറുതെ വിടൂ എന്ന ആക്രോശത്തില്‍ വന്നവസാനിക്കുന്ന താങ്കളുടെ ഈ മുഖപ്രസംഗം മാധ്യമചരിത്രത്തില്‍ ഇടം പിടിക്കും എന്ന കാര്യത്തില്‍ സംശയമില്ല . ഒരു മാധ്യമപ്രവര്‍ത്തകന്‍ എങ്ങനെയാവരുത് എന്ന് മാധ്യമ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി അതവിടെ തന്നെ ഉണ്ടാവണം .

മനുഷ്യാവകാശത്തെ കുറിച്ചും മാധ്യമധര്‍മത്തെ കുറിച്ചുമൊക്ക പറയാനായി ഒരേ വേദിയില്‍ നമ്മളിനി ഒരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ. ഇന്നലെ വരെ എനിക്കറിയാമായിരുന്ന സെബാസ്റ്റ്യന്‍ പോളിന് അദ്ദേഹം ഇന്നലെ വരെ ജീവിച്ച ജീവിതത്തിന് ആദരാജ്ഞലികള്‍ .

പ്രിയ സെബാസ്റ്റ്യന്‍ പോള്‍, മനുഷ്യാവകാശത്തെ കുറിച്ചും മാധ്യമധര്‍മത്തെ കുറിച്ചുമൊക്ക പറയാനായി ഒരേ വേദിയില്‍ നമ്മളിനി ഒരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ.