കൊച്ചി: പ്രമുഖ വ്യവസായസ്ഥാപനമായ കിറ്റെക്‌സ് ഗ്രൂപ്പ് കേരളം വിടുന്നെന്ന വാര്‍ത്ത വ്യവസായമേഖലയിലെങ്ങും കാര്യമായ ചലനം തന്നെയാണ് ഉണ്ടാക്കിയത്. ഇതിന്റെ ഭാഗമായി വ്യവസായമേഖലയ്ക്കാകെ ദോഷകരമാകുന്ന സര്‍ക്കാരിന്റെ തെറ്റായ സമീപനം തിരുത്തുന്നതിന് സമ്മര്‍ദം ചെലുത്തുമെന്ന് വിവിധ സംഘടനകളുടെ ഭാരവാഹികള്‍ വ്യക്തമാക്കി. []
തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കിറ്റെക്‌സ് മേധാവികളെയും ഇവര്‍ സമീപിക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇതെന്ന് വ്യവസായസംരംഭകരുടെ ആഗോള സംഘടനയായ “ടൈ”യുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ പൂങ്കുടി പറഞ്ഞു.
കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് കിറ്റെക്‌സ്. ഇവരുന്നയിച്ച വിഷയം നിസ്സാരമായി കാണാനാവില്ല. ഇത് ടൈ ഏറ്റെടുക്കും. ഭരണാധികാരികളുടെ പീഡനം സഹിക്കാതെ കേരളത്തില്‍ വ്യവസായസ്ഥാപനം പൂട്ടിപ്പോകേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വ്യവസായമേഖല പൊതുവേ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് കിറ്റെക്‌സ് അധികൃതരുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ഓള്‍ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും വികെസി ഗ്രൂപ്പ് ഉടമയുമായ വി കെ സി മമ്മദ്‌കോയ പറഞ്ഞു.
കിറ്റെക്‌സ് കേരളം വിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനും ജിയോജിത്ത് എംഡിയുമായ സി ജെ ജോര്‍ജ് പറഞ്ഞു. എമര്‍ജിങ് കേരളയിലൂടെ നിക്ഷേപകരെ ക്ഷണിക്കുമ്പോള്‍ ഇവിടെനിന്നുള്ള സ്ഥാപനം വിദേശത്തേക്ക് പറിച്ചുനടപ്പെടുന്നത് നിക്ഷേപകരുടെ മുന്നില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
കേരളം നിക്ഷേപകസൗഹാര്‍ദമാണെന്ന് സര്‍ക്കാരും വാണിജ്യവ്യവസായ സമൂഹവും ആവര്‍ത്തിക്കുമ്പോഴും കിറ്റെക്‌സിനുണ്ടായ അവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് ഇ എസ് ജോസ് പറഞ്ഞു. പീഡനം ഏറിയാല്‍ സംരംഭകര്‍ സ്വസ്ഥതയുള്ള സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.