ഒടുവില്‍ കബീര്‍ സിങ് വന്ന് സംസാരിച്ചത് വലിയ കാര്യമാണ്; വിമര്‍ശനത്തില്‍ പ്രതിരോധവുമായി കിയാര അദ്വാനി
കബീര്‍ സിങ്ങിനെതിരായ വിമര്‍ശനങ്ങളില്‍ മറുപടി നല്‍കി നടി കിയാര അദ്വാനി. അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ താന്‍ ഇഷ്ടപ്പെട്ട് തന്നെ ചെയ്യുന്നതാണെന്ന് കിയാര പറഞ്ഞു. കബീര്‍ സിങ് അവസാനം സംഭാഷണത്തിന് ശ്രമിക്കുന്നത് വലിയ കാര്യമാണെന്നും ഫെമിനക്ക് നല്‍കിയ അഭിമുഖത്തില്‍ കിയാര പറഞ്ഞു.
‘എനിക്ക് ഇഷ്ടപ്പെടാത്ത ഒരു കഥാപാത്രം ഞാന്‍ ഒരിക്കലും ചെയ്യില്ല. കഥാപാത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ ആ സിനിമ തന്നെ ചെയ്യില്ല. തിയേറ്ററില്‍ എല്ലാ തരത്തിലുമുള്ള ആളുകളും ഉണ്ടെന്ന് കാര്യം നാം മനസിലാക്കണം. അവരെ അവഗണിക്കാനാവില്ല. കബീര്‍ സിങ് അവസാനം ഒരു സംഭാഷണത്തിന് ശ്രമിച്ചില്ലെങ്കില്‍ അതില്‍ വലിയ പ്രശ്‌നമുണ്ട്. എന്നാല്‍ അദ്ദേഹം വന്ന് സംസാരിച്ചു. അത് ഒരു വലിയ കാര്യമാണ്. നന്നാവുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്,’ കിയാര പറഞ്ഞു.
അടുത്തിടെ ഷാഹിദ് കപൂറും കബീര്‍ സിങ്ങിനെ പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നു. കബീര്‍ സിങ്ങിനെ പോലെയുള്ള ആളുകള്‍ സമൂഹത്തിലുണ്ടെന്നും അത്തരമൊരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നതെന്നുമാണ് ഒരു അഭിമുഖത്തില്‍ ഷാഹിദ് പറഞ്ഞത്.
‘പ്രണയിക്കുമ്പോള്‍ നമുക്കെല്ലാം തെറ്റ് പറ്റാറില്ലേ. നമ്മളെല്ലാം പെര്‍ഫെക്റ്റായ മനുഷ്യരാണോ? എല്ലാവരും ഒരു സെക്കന്‍ഡ് ചാന്‍സ് അര്‍ഹിക്കുന്നുണ്ട്. ഇയാള്‍ പെര്‍ഫെക്റ്റാണ്, ഇയാള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് ആരെ പറ്റിയെങ്കിലും നമ്മള്‍ പറയാറുണ്ടോ? പ്രൊമോ കാണുമ്പോള്‍ തന്നെ മനസിലാവും, കബീര്‍ അസ്വസ്ഥനാണ്, പ്രശ്നക്കാരനാണ്, ആങ്കര്‍ മാനേജ്മെന്റ് ഇഷ്യൂസ് ഉണ്ട്, സമൂഹം അയാളെ സ്വീകരിക്കില്ല, അയാള്‍ വിനാശകാരിയാണ്.
സിനിമയുടെ തുടക്കത്തില്‍ തന്നെ ഈ സിനിമ അങ്ങനെയൊരു കഥാപാത്രത്തെ പറ്റിയാണ് പറയുന്നതെന്ന് സ്ഥാപിക്കുന്നുണ്ട്. അയാള്‍ പെര്‍ഫെക്റ്റാണെന്നോ അയാളെ പോലെയാവണമെന്നോ എവിടെയും പറയുന്നില്ല. എന്നാല്‍ ചിലര്‍ ഇതിലെ തെറ്റും ശരിയും നോക്കാന്‍ തുടങ്ങി. എന്നാല്‍ ജീവിതത്തില്‍ പല പ്രശ്നങ്ങളും വരാം. ദേവദാസ് പാറുവിനെ അടിച്ചിട്ടില്ലേ. ആ സിനിമയെ എല്ലാവരും ക്ലാസിക്കായി വാഴ്ത്തുന്നു. അതെന്തുകൊണ്ടാണ്,’ ഷാഹിദ് കപൂര്‍ പറഞ്ഞു.
ടോക്സിക് മസ്‌കുലിനിറ്റിയേയും ടോക്സിക് പ്രണയത്തേയും മഹത്വവല്‍ക്കരിക്കുന്നുവെന്നതായിരുന്നു കബീര്‍ സിങ്ങിനെതിരായി ഉയര്‍ന്ന പ്രധാന വിമര്‍ശനം. നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം ശ്രദ്ധ നേടിയിരുന്നു.
Content Highlight: Kiara Advani defends against criticism on kabir singh