ഹിന്ദി സിനിമകളിലൂടെ കരിയര്‍ തുടങ്ങിയ താരമാണ് ഖുശ്ബു. ബേണിങ് ട്രെയ്ന്‍ എന്ന ഹിന്ദി ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ഖുശ്ബുവിന്റെ തുടക്കം. ജാക്കി ഷെഫോഫ് ചിത്രമായ ജാനോയിലായിരുന്നു ഖുശ്ബു നായികയായി അരങ്ങേറിയത്.
ബോംബെയിലായിരുന്ന ഖുശ്ബു പിന്നീട് പിതാവുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചെന്നൈയിലേക്ക് താമസം മാറിയതും പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും. 14 വയസ് മാത്രമുണ്ടായിരുന്നപ്പോള്‍ മുംബൈ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതിനെ പറ്റി സംസാരിക്കുകയാണ് ഖുശ്ബു. ചെന്നൈയില്‍ വന്നിട്ട് 36 വര്‍ഷമായെന്നും ഇതുവരെ പിതാവിനെ കണ്ടിട്ടില്ലെന്നും സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖുശ്ബു പറഞ്ഞു.
‘ബോംബെയില്‍ വെച്ച് നല്ല സിനിമകളുടെ ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ എന്റെ അച്ഛന് വലിയ ആഗ്രഹങ്ങളായിരുന്നു. ആര് കൂടുതല്‍ പണം തരുന്നു അവരുടെ പടത്തില്‍ അഭിനയിക്കണം എന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്.
എന്നാല്‍ എനിക്ക് പ്രൊജക്ട് നന്നാവണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അച്ഛന്‍ കുറച്ച് തെറ്റായ ചിത്രങ്ങള്‍ സൈന്‍ ചെയ്തതുകൊണ്ട് ഒന്നിന് പിറകെ ഒന്നായി എനിക്ക് പരാജയ ചിത്രങ്ങള്‍ ഉണ്ടായി. അച്ഛനുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്ന് എനിക്ക് 14 വയസാണ് പ്രായം.
ഇപ്പോള്‍ അത് ഓര്‍ക്കുമ്പോള്‍ കുറ്റബോധമൊന്നുമില്ല. അദ്ദേഹമില്ലാതെ ഞങ്ങള്‍ വലിയ സന്തോഷത്തിലായിരുന്നു. ചെന്നൈയില്‍ വന്നിട്ട് 36 വര്‍ഷമായി. ഇതുവരെ അച്ഛനെ കണ്ടിട്ടില്ല,’ ഖുശ്ബു പറഞ്ഞു.
Content Highlight: khushbu talks about issues with father