'ഇവിടെയുള്ളവരെല്ലാം മികച്ചവര്‍, മെസിയെ ഈ ടീമിന് വേണ്ട'; സൂപ്പര്‍ താരത്തിന്റെ പഴയ പ്രസ്താവന തിരിഞ്ഞുകൊത്തുന്നു
Sports News
'ഇവിടെയുള്ളവരെല്ലാം മികച്ചവര്‍, മെസിയെ ഈ ടീമിന് വേണ്ട'; സൂപ്പര്‍ താരത്തിന്റെ പഴയ പ്രസ്താവന തിരിഞ്ഞുകൊത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th September 2024, 6:51 pm

 

 

സ്റ്റാര്‍ ഗോള്‍ കീപ്പര്‍ മാര്‍ക് ആന്ദ്രേ ടെര്‍ സ്റ്റെഗന് പരിക്കേറ്റത് ബാഴ്‌സലോണക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഏഴ് മുതല്‍ ഒമ്പത് മാസം വരെ താരത്തിന് വിശ്രമം ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാഹചര്യത്തില്‍ പരിചയസമ്പന്നനായ മറ്റൊരു ഗോള്‍ കീപ്പറെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സ. മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും കോസ്റ്റാറിക്കന്‍ ഇന്റര്‍നാഷണലുമായ കെയ്‌ലര്‍ നവാസിന്റെ പേരും ബാഴ്‌സ ഇക്കൂട്ടത്തിലേക്ക് പരിഗണിക്കുന്നുണ്ട്.

 

എന്നാല്‍ കെയ്‌ലര്‍ നവാസിനെ ടീമിലെത്തിക്കുന്നതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ താരത്തിന്റെ പഴയ പ്രസ്താവന വീണ്ടും ചര്‍ച്ചയാവുകയാണ്. 2017ല്‍ റയല്‍ മാഡ്രിഡിന്റെ ഗോള്‍വല കാക്കവെ മെസിയെ കുറിച്ചുള്ള താരത്തിന്റെ പ്രസ്താവനയാണ് വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്.

2017ലെ ഒരു അഭിമുഖത്തില്‍ മെസിയെ റയല്‍ മാഡ്രിഡിലെത്തിക്കുന്നതുമായുള്ള ചോദ്യത്തിന് നവാസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘മെസി ഒരു മികച്ച താരമാണെന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ ഇവിടെ കളിക്കുന്നവരും വളരെ മികച്ചവര്‍ തന്നെയാണ്. ഇതുകൊണ്ടുതന്നെ മെസിയെ കൊണ്ടുവരേണ്ടതില്ല,’ എന്നാണ് നവാസിനെ ഉദ്ധരിച്ച് ഗിവ് മി സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാഴ്‌സലോണയില്‍ എം.എസ്.എന്‍ (മെസി, സുവാരസ്, നെയ്മര്‍) ത്രയം കത്തിനില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. റയലിലാകട്ടെ ബെന്‍സമും ബെയ്‌ലും റൊണാള്‍ഡോയുമായി ബി.ബി.സി ട്രയോയും ഈ കാലയളവില്‍ സ്പാനിഷ് ലീഗില്‍ തരംഗം തീര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് എതിരാളികളുടെ തട്ടകത്തില്‍ നിന്നും മെസിയെ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലെത്തിക്കേണ്ടതില്ല എന്ന് നവാസ് അഭിപ്രായപ്പെട്ടത്.

 

അതേസമയം, ലാ ലീഗയില്‍ വിയ്യാറയലിനെതിരെ നടന്ന മത്സരത്തിലാണ് ടെര്‍ സ്റ്റെഗന് പരിക്കേല്‍ക്കുന്നത്. മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ടെര്‍ സ്റ്റെഗന്‍ പരിക്കേറ്റ് വീണത്. കോര്‍ണറില്‍ നിന്നുള്ള പന്ത് പിടിക്കാനായി ഉയര്‍ന്നുചാടിയ കറ്റാലന്‍ ഗോള്‍ കീപ്പര്‍ നിലത്തുവീഴുകയായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റ താരത്തെ സ്‌ട്രെക്ചറിലാണ് മൈതാനത്തിന് വെളിയിലേക്ക് കൊണ്ടുപോയത്.

മത്സരത്തില്‍ ബാഴ്‌സ ഒന്നിനെതിരെ അഞ്ച് ഗോളിന് വിജയം സ്വന്തമാക്കിയിരുന്നു. പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ബ്രസീലിയന്‍ സൂപ്പര്‍ താരം റഫീന്യയും ഇരട്ട ഗോള്‍ നേടി തിളങ്ങി. പാബ്ലോ ടോറയാണ് കറ്റാലന്‍മാര്‍ക്കായി വലകുലുക്കിയ മറ്റൊരു താരം.

മറുഭാഗത്ത് ആയോസെ പെരെസിലൂടെയാണ് വിയ്യാറയല്‍ തങ്ങളുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.

ഈ തകര്‍പ്പന്‍ വിജയത്തോടെ ലാ ലീഗയില്‍ കളിച്ച ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ട് 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. സെപ്റ്റംബര്‍ 26ന് ഗെറ്റാഫെക്കെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.

 

Content highlight: Keylar Navas’ old statement about Lionel Messi resurface