പാകിസ്ഥാന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല; ആശങ്ക പ്രകടിപ്പിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍
Sports News
പാകിസ്ഥാന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല; ആശങ്ക പ്രകടിപ്പിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th August 2024, 5:23 pm

പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ് കടുവകള്‍. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് കടുവകള്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്റെ മണ്ണില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

പാകിസ്ഥാന്റെ വമ്പന്‍ തോല്‍വിയെ തുടര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം കെവിന്‍ പീറ്റേഴസണ്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ സംസാരിച്ച് രംഗത്ത് വന്നിരുന്നു. പാകിസ്ഥാന്റെ ക്രിക്കറ്റിന് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തോടെയാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.

‘പാകിസ്ഥാന്‍ ക്രിക്കറ്റിന് എന്താണ് സംഭവിച്ചത്? ഞാന്‍ പി.എസ്.എല്ലില്‍ (പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗ് കളിക്കുന്ന സമയത്ത് അവരുടെ ലീഗിന്റെ സ്റ്റാന്റേഡ് അതിഗംഭീരമായിരുന്നു. പാകിസ്ഥാന്‍ താരങ്ങള്‍ മികവ് പുലര്‍ത്തിയിരുന്നു, അവരുടെ യുവ നിര മാജിക്കല്‍ പ്രകടനമാണ് നടത്തിയത്,’ കെവിന്‍ എക്‌സില്‍ കുറിച്ചു.

ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 565 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്‍കിയത്.

വെറും 146 റണ്‍സിനാണ് പാകിസ്ഥാനെ ബംഗ്ലാ ബൗളര്‍മാര്‍ തറ പറ്റിച്ചത്. മെഹ്ദി ഹസന്റെ തകര്‍പ്പന്‍ സ്പിന്നില്‍ നാല് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടപ്പെട്ടത്. ഷൊരീഫുള്‍ ഇസ്‌ലാം, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഷാക്കിബ് അല്‍ ഹസന്‍ മൂന്ന് നിര്‍ണായക വിക്കറ്റുകളും നേടി.

 

Content highlight: Kevin Pietersen Talking about Pakistan Big Lose Against In Bangladesh