ഹാട്രിക്ക് പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഈ സീസണിൽ ആഴ്സണലിന് പിന്നിലായാണ് ക്ലബ്ബിന്റെ കുതിപ്പെങ്കിലും നിലവിൽ ലീഗ് കിരീടം എന്ന ലക്ഷ്യത്തിൽ നിന്നും അധികം ദൂരെയൊന്നുമല്ല സിറ്റി.
എന്നാലിപ്പോൾ സിറ്റിയുടെ അവസാന ഏഴ് കളികളിൽ മൂന്നിലും ബെഞ്ചിലിരിക്കേണ്ടി വന്ന സൂപ്പർ താരം കെവിൻ ഡി ബ്രൂയ്ന്റെ ഭാവിയേപറ്റി ചർച്ച ചെയ്യുകയാണ് സിറ്റി പരിശീലകനായ പെപ്പ് ഗ്വാർഡിയോള.
സിമ്പിലായി കളിക്കാൻ മാത്രമേ താൻ കെവിനോട് ആവശ്യപ്പെട്ടിട്ടുള്ളെന്നും അങ്ങനെ കളിക്കാൻ സാധിച്ചാൽ ബെൽജിയൻ താരത്തിന് തീർച്ചയായും ക്ലബ്ബിന്റെ ആദ്യ ഇലവനിൽ സ്ഥാനമുണ്ടാകുമെന്നുമാണ് പെപ്പ് ഗ്വാർഡിയോള അഭിപ്രായപ്പെട്ടത്. മെട്രോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കെവിനെ പറ്റി ഗ്വാർഡിയോള തുറന്ന് പറഞ്ഞത്.
“ഈ സീസൺ ഞങ്ങൾക്ക് തീരെ എളുപ്പമല്ല. ലോകകപ്പും മറ്റ് ടൂർണമെന്റുകൾ മുഖേനയും മത്സരങ്ങൾ കൂടുതൽ കഠിനമായി മാറിയിട്ടുണ്ട്. കെവിൻ ഡി ബ്രൂയ്നെക്കുറിച്ച് പറയുകയാണെങ്കിൽ ഞാൻ അവനോട് ഒരുപാട് കാലമായി പറയുന്നതാണ് ഈസിയായി കളിക്കൂ എന്നത്. മറ്റാർക്കും സാധിക്കാത്ത രീതിയിൽ ഗോളുകളും അസിസ്റ്റു കളും സ്വന്തമാക്കാൻ സാധിക്കുന്ന താരമാണ് കെവിൻ,’ പെപ്പ് പറഞ്ഞു.
“എന്നാൽ സിമ്പിളായി കളിച്ചാൽ മാത്രമേ നമുക്ക് മികവ് നില നിർത്താൻ സാധിക്കൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പന്ത് കളയാതെ കൈവശം വെക്കുക, പന്ത് സ്വന്തമാക്കുക മുതലായ ചെറുകാര്യങ്ങൾ ശ്രദ്ധിച്ചാൽ ബാക്കിയൊക്കെ തനിയെ സംഭവിക്കും. പെപ്പ് കൂട്ടിച്ചേർത്തു.