കെട്ടിയോളാണ് എന്റെ മാലാഖ - സ്ലീവച്ചന്‍ എന്ന മരുഭൂമിയില്‍, മാലാഖയെന്ന മഴ...
Film Review
കെട്ടിയോളാണ് എന്റെ മാലാഖ - സ്ലീവച്ചന്‍ എന്ന മരുഭൂമിയില്‍, മാലാഖയെന്ന മഴ...
ശംഭു ദേവ്
Saturday, 23rd November 2019, 3:00 pm

ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്ന വരന്റെ വ്യാകുലതയും ഭയവുമെല്ലാം മലയാള സിനിമയില്‍ മുന്‍പും ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ സ്ലീവച്ചന്‍ എന്ന ആസിഫ് അലിയുടെ കഥാപാത്രവും നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ മേല്‍പറഞ്ഞവയാണ്. കെട്ടിയോളാണ് എന്റെ മാലാഖയും കല്യാണം പ്രായം ചെന്ന്, വീട്ടുകാരുടെ നിര്‍ബന്ധ ബുദ്ധിക്ക് വഴങ്ങി കല്യാണം കഴിക്കേണ്ടി വരുന്ന യുവാവിന്റെ കഥയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേള്‍ക്കുമ്പോള്‍ ആവര്‍ത്തനവിരസത തോന്നുമെങ്കിലും ഈ നിസ്സാര ചിന്തയില്‍ നിസാം ബഷീര്‍ എന്ന നവാഗത സംവിധായകന്‍ ഹാസ്യത്തില്‍ മെനഞ്ഞെടുത്ത രസകരമായ സിനിമയാണ് കെട്ടിയോളാണ് എന്റെ മാലാഖ. രാവിലെയായാല്‍ സ്ലീവച്ചന്‍ റബ്ബര്‍ വെട്ടാനിറങ്ങും, അത് ടൗണില്‍ കൊണ്ട്പോയി വില്‍ക്കും, വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഒരു കടയുണ്ട്, കൃഷിയുണ്ട്, അത്യാവശ്യം മദ്യപിക്കും. ഇതൊക്കെയാണ് അയാളുടെ ജീവിതം. അതില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിച്ച്, അസ്സല്‍ നാട്ടിന്‍ പുറത്തുകാരനായ അച്ചായനായാണ് ആസിഫ് അലി അരങ്ങില്‍ നിറഞ്ഞു തുളുമ്പുന്നത്.

അമ്മച്ചിയെ സ്ലീവച്ചന് ഒത്തിരി ഇഷ്ടമാണ്. താന്‍ പുറത്ത് പോകുമ്പോള്‍ അമ്മച്ചിക്ക് കൂട്ടിന് ആരെങ്കിലും വേണം, പൊന്നു പോലെ ശുശ്രൂഷിക്കണം. ഇക്കാര്യം അയാള്‍ക്ക് ചെയ്യാന്‍ സാധ്യമാണെങ്കിലും, ചില പ്രതികൂല സാഹചര്യങ്ങള്‍ ഭവിക്കുന്നത് മുതല്‍ മേല്‍പ്പറഞ്ഞ ആവശ്യത്തിന് വേണ്ടി ഒരു വിവാഹം കഴിക്കാന്‍ അയാള്‍ തീരുമാനിക്കുകയാണ്. അതിന് ശേഷം എന്ത് സംഭവിക്കുന്നു?

സ്ത്രീ എന്നാല്‍ അമ്മച്ചിയും, ചേച്ചിയും മാത്രമായിരുന്ന സ്ലീവച്ചന് ജീവിത പങ്കാളിയുടെ രൂപത്തില്‍ ഒരു പെണ്ണ് കയറി വരുമ്പോള്‍, അയാള്‍ എന്ത് ചെയ്യേണ്ടി വരുമെന്നതാണ് കാണാന്‍ മുന്നോട്ടുള്ള കാഴ്ച. അനാവശ്യ ഡ്രാമയൊന്നുമില്ലാതെ, തമാശകൊണ്ട് മെനഞ്ഞെടുത്ത നാടന്‍ സിനിമ. നാട്ടിന്‍പുറവും,അവിടുത്തെ നാട്ടുകാരും, പ്രാദേശിക ഭാഷയും, പരദൂഷണം പറച്ചിലുമെല്ലാം മുന്‍പും നമ്മള്‍ പല രീതിയില്‍ അനുഭവിച്ചറിഞ്ഞതാണ്. എന്നാല്‍ ഈ സിനിമയില്‍ സംവിധായകന്‍ അതിനെയെല്ലാം വല്ലാത്ത ഫ്രെഷ്‌നെസ്സോടു കൂടിയാണ് അവതരിപ്പിക്കുന്നത്.

അഭിനേതാക്കളുടെ പ്രകടനവും അതിനേറെ പിന്തുണയ്ക്കുന്ന ഘടകമാണ്. അവയില്‍ പുതുമുഖ നടി വീണ നന്ദകുമാറിന്റെ അഭിനയം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ഒരു നവ വധുവിന്റെയെല്ലാ സ്വഭാവ സവിശേഷതയും നിലനിര്‍ത്തുന്ന പ്രകടനമാണ് അവരുടേത്. പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ശോഭിക്കുന്ന പുതു മോടിയും, സ്‌നേഹവും, കരുതലുമെല്ലാം പ്രേക്ഷകന്റെ മനസ്സില്‍ പ്രണയം പടര്‍ത്താന്‍ വീണയുടെ പ്രകടനത്തിന് സാധ്യമാകുന്നുണ്ട്.

ആസിഫ് അലി ‘ഉയരേ’ക്ക് ശേഷം മികച്ച അഭിനയം കൊണ്ട് വിസ്മയിപ്പിക്കുകയാണ്. അസ്സല്‍ നാട്ടിന്‍ പുറത്തുകാരനായി ഓരോ ശരീര ഭാഷകൊണ്ടും, സംഭാഷണ ശൈലി കൊണ്ടും സ്ലീവച്ചന്‍ എന്ന കഥാപാത്രമായി മാറുന്നത് കാണാം. ആസിഫ് അലി എന്ന നടന്‍ പരിപൂര്‍ണ്ണമായി ഒരു കഥാപാത്രത്തിലേക്ക് അലിഞ്ഞു ചേരുന്നത് അപൂര്‍വമായി മാത്രം സാക്ഷ്യം വഹിക്കാനാകുന്ന കാഴ്ച്ചയാണ്. എന്നാല്‍ ഈയിടെയായി അത് വല്ലാതെ മാറുന്നുണ്ട്.

പ്രണയം അറിയാത്ത, ചുംബിക്കുവാന്‍ ഭയപ്പെടുന്ന, മിന്ന് കെട്ടിയ പെണ്ണിനോട് എങ്ങനെ മനസ്സ് തുറക്കണമെന്ന് അറിയാതെ പകച്ച് നില്‍ക്കുന്നുണ്ട് സ്ലീവച്ചന്‍.. ആ കഥാപാത്രം മാത്രമാണ് നാം അവിടെ കാണുന്നത്. ദിശയറിയാത്ത കാട്ടിലേക്ക് കണ്ണ് കെട്ടിവിട്ട കുട്ടിയുടെ അതേ പതര്‍ച്ചയില്‍ കഥാപാത്രം എത്തി നില്‍ക്കുന്നുണ്ട്,ഒപ്പം അദ്ദേഹത്തിലെ നടനും. എന്നാല്‍ ഇതെല്ലാം പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്,രസിപ്പിക്കുന്നുണ്ട്. അതാണ് ഈ ചിത്രത്തിന്റെ വിജയവും.

പ്രേക്ഷകനെ പിടിച്ചിരിത്തുവാന്‍ അജി പീറ്ററിന്റെ തിരക്കഥയ്ക്കും നിസാമിന്റെ ലളിതമായ സംവിധാന ശൈലിക്കും സാധ്യമായി. വിശ്വസനീയമായ രീതിയില്‍ കഥപറയുമ്പോള്‍, കഥാപാത്ര നിര്‍മ്മിതിയിലും ദൃശ്യ ആവിഷ്‌കാരത്തിലും പുലര്‍ത്തിയ നിലവാരം രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ രസിപ്പിക്കുന്നതില്‍ മുന്നിട്ട് നിന്നു. സ്ലീവച്ചന്‍ ഇട്ടിരിക്കുന്ന സാധാ സ്ലിപ്പോണ്‍സ് ചെരുപ്പ് മുതല്‍ പുലര്‍ത്തുന്ന സൂക്ഷ്മത മേല്‍പ്പറഞ്ഞ കഥ പറച്ചിലിലെ വിശ്വസനീയത വര്‍ധിപ്പിക്കുകയും നിലവാരം പുലര്‍ത്തുന്ന സംവിധാന ശൈലിയെ എടുത്ത് പറയുകയും ചെയ്യുന്ന കാര്യമാണ്.

പാളി പോയേക്കാവുന്ന ഒരു പ്ലോട്ടിനെ പ്രേക്ഷകന്റെ അഭിരുചിയോട് ചേര്‍ന്ന് നിന്ന് രസകരമായി പറയുന്നുണ്ട് സംവിധായകന്‍. കഥാ പരിസരം ശ്രീനിവാസന്റെ വടക്കുനോക്കി യന്ത്രം പോലുള്ള ചിത്രത്തിന്റെ ചില വശങ്ങള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. എന്നാല്‍ യുവാവിന്റെ കോംപ്ലെക്‌സോ, ഈഗോയോ ഒന്നുമല്ല ഇവിടെ വിഷയം.

പ്രണയം ദാമ്പത്യത്തിലേക്ക് പിറവിയെടുക്കുന്നവരെയുള്ള സമയം, അതിന് ശേഷം വ്യക്തിപരമായി മാറുന്ന സ്ലീവച്ചന്‍ എന്ന കഥാപാത്രം മാത്രം. വിവാഹവും ലൈംഗീകതയും പ്രധാന വിഷയമാക്കുമ്പോള്‍, അശ്ലീല സംഭാഷണങ്ങളോ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഇല്ലാതെ ഒരു ഫാമിലി ഡ്രാമ പറയുക അത്ര എളുപ്പമല്ല. അവിടെയാണ് കെട്ടിയോളാണ് എന്റെ മാലാഖ കുടുംബ പ്രേക്ഷകര്‍ക്ക് ചേര്‍ന്ന നല്ലൊരു ചലച്ചിത്രമാകുന്നതും.

ഒരു പെണ്ണിനെ പോലും തെറ്റായ രീതിയില്‍ കാണാത്ത സ്ലീവച്ചന്‍ ദാമ്പത്യ ജീവിതത്തില്‍ തനിക്ക് പറ്റിയ തെറ്റില്‍ ഒരിക്കലും ആ നാട്ടിലെ മറ്റൊരു പുരുഷനെ പോലെ അഭിമാനിക്കുന്നില്ല. അയാള്‍ക്ക് ക്ഷമ യാചിക്കാന്‍ പോലുമറിയില്ല. അതാണ് അദ്ദേഹത്തിന്റെ തിരിച്ചറിവും കരുത്തും. മനുഷ്യന്‍ ചില സാഹചര്യങ്ങളില്‍ അറിവില്ലായ്മ കൊണ്ട് മറ്റ് മനുഷ്യരെ മുറിവേല്‍പ്പിക്കാറുണ്ട്. ഇതില്‍ കുറ്റബോധം പേറി നടക്കുന്നവരുണ്ട്, എന്നാല്‍ അതെന്താണെന്ന് പോലുമറിയാതെ തന്റെ കൃത്യങ്ങളെ അലങ്കാരമായി കൊണ്ട് നടക്കുന്നവരുമുണ്ട്. സ്ലീവച്ചന്‍ ഇതില്‍ രണ്ടിനും ഇടയില്‍ പെട്ട് കിടക്കുന്നവനാണ്, ചുറ്റുപാടുകളില്‍ നിന്നയാള്‍ പ്രണയം കണ്ടെത്തുന്നത് വരെ…

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിന് ശേഷം അയാള്‍ പോലുമറിയാതെ അയാള്‍ മാറുന്നുണ്ട്, മാറ്റുന്നുണ്ട്. പെണ്ണിന്റെ മുന്നില്‍ കഴിവ് തെളിയെക്കേണ്ടത് അവള്‍ക്ക് നല്‍കുന്ന സുരക്ഷയിലും, അവള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന സമയങ്ങളിലുമാണെന്ന് നാം മുന്നേയും കേട്ടതാണ്. എന്നിട്ടും നല്ലൊരു ഈണത്തില്‍ ആ വരികള്‍ വീണ്ടും ഹൃദ്യമായി പാടുകയാണ് ഈ ചിത്രം. പ്രേക്ഷകനും ഒപ്പം മൂളിപോകും വിധത്തില്‍.

വറ്റിവരണ്ട സ്ലീവച്ചന്റെ ജീവിതത്തില്‍, മാലാഖയായി അവള്‍ പെയ്തിറങ്ങുന്ന ആ രംഗം. അതില്‍ വില്യം ഫ്രാന്‍സിസ് നല്‍കിയ സംഗീതം കാറ്റ് പോലെ കുളിര്‍മയേകുന്നുണ്ട് പ്രേക്ഷകന്. അവളെ ചേര്‍ത്ത് പിടിച്ച് ഒരു കുടകീഴില്‍ നടന്ന് പോവുന്ന രംഗം, അയാള്‍ക്കുള്ളില്‍ പെയ്ത് തുടങ്ങിയ പ്രണയ മഴയുടെ പ്രതീകമാണത്.

അഭിലാഷ് ശങ്കറിന്റെ സിനിമാറ്റൊഗ്രാഫി അതിലാണ് ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത്. ഇതെല്ലാം നാം മുന്നേയും കണ്ട് മറന്നതാവാം എങ്കില്‍ പോലും വൈകാരികമായി ഒരുണര്‍വ് പകരാന്‍ അവയ്ക്ക് സാധ്യമായിയെന്നത് തന്നെ വലിയ വിജയമാണ്. ഏറെ കാലങ്ങള്‍ക്ക് മുന്നേ വന്നിരുന്ന ജയറാം-സത്യന്‍ അന്തിക്കാട് ചിത്രങ്ങളുണ്ട്, ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമെല്ലാം ചെയ്തിരുന്ന സിനിമകള്‍. അവയിലേക്ക് മടങ്ങിപോയ പോലെയാണ് കെട്ടിയോളാണ് എന്റെ മാലാഖ എന്ന കൊച്ചു വലിയ സിനിമ.

WATCH THIS VIDEO: