New Delhi
കേരളത്തിന് വേണ്ടി ദല്‍ഹിയില്‍ ലെയ്‌സണ്‍ ഓഫീസര്‍; എ. സമ്പത്തോ കെ.എന്‍ ബാലഗോപാലോ വന്നേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 12, 01:57 am
Friday, 12th July 2019, 7:27 am

കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ലഭിക്കുന്നതിന് വേണ്ടിയും പദ്ധതികളുടെ ഏകോപനത്തിനും വേണ്ടി ഡല്‍ഹിയില്‍ പ്രത്യേക രാഷ്ട്രീയ നിയമനം നടന്നേക്കും. കേന്ദ്രത്തിന്റെ വിവിധ ഫണ്ടുകള്‍ നേടിയെടുക്കാനുള്ള സംവിധാനം വേണമെന്നും ഇതില്‍ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ എം.പി എ സമ്പത്തിന്റെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും രാജ്യസഭാംഗവുമായ കെ.എന്‍ ബാലഗോപാലിന്റെയും പേരാണ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. ഇരുവരും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

കേന്ദ്രത്തിന്റെ വിവിധ ഫണ്ടുകള്‍ കൃത്യമായി ലഭിക്കേണ്ടതുണ്ട്. അര്‍ഹതപ്പെട്ടതും അനുവദിച്ചതുമായ ഫണ്ടുകള്‍ നേടിയെടുക്കുന്നതിന് നല്ല തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കണം. അതിന് അത്തരമൊരു പ്രവര്‍ത്തന സംവിധാനം ആവശ്യമാണ്. എന്നാല്‍ ഇതിലേക്ക് ആരെയാണ് നിയമിക്കാന്‍ പോവുന്നത് എന്ന് തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും ബന്ധപ്പെടുത്താന്‍ കേരള ഹൗസില്‍ റെസിഡന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ സംവിധാനങ്ങളുണ്ടല്ലോ എന്ന ചോദ്യം വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്നു. അതുണ്ടെങ്കിലും ഇതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇപ്പോള്‍ ഇങ്ങനൊയാരാലോചനയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.