ആരോഗ്യ രംഗത്ത് ക്യൂബയുമായി സഹകരിക്കാനൊരുങ്ങി കേരളം; പഞ്ചകര്‍മ്മ ചികിത്സയില്‍ പ്രാവീണ്യമുള്ള ട്രെയിനര്‍മാരെ ക്യൂബയിലേക്ക് അയക്കും
Kerala News
ആരോഗ്യ രംഗത്ത് ക്യൂബയുമായി സഹകരിക്കാനൊരുങ്ങി കേരളം; പഞ്ചകര്‍മ്മ ചികിത്സയില്‍ പ്രാവീണ്യമുള്ള ട്രെയിനര്‍മാരെ ക്യൂബയിലേക്ക് അയക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th June 2023, 7:50 pm

തിരുവനന്തപുരം: ക്യൂബന്‍ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാര്‍ഗരിറ്റ ക്രൂസ് ഹെര്‍ണാണ്ടസുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവും ക്യൂബയും പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാന്‍ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും വിനിമയവും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ഉഷ്ണമേഖലാ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയെപ്പറ്റി ഗവേഷണവും അതിവേഗ രോഗനിര്‍ണയത്തിനുള്ള ചികിത്സാ സാധ്യതകളും പങ്കുവെക്കുമെന്നും ക്യൂബക്കാര്‍ക്ക് അതിന് വേണ്ട പരിശീലനവും വൈദഗ്ദ്ധ്യവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യം, മെഡിക്കല്‍ ഗവേഷണം, ട്രോപ്പിക്കല്‍ മെഡിസിന്‍, കാന്‍സര്‍ ചികിത്സ, ടെലിമെഡിസിന്‍ മുതലായ മേഖലയില്‍ ക്യൂബയുടെ സഹകരണം കേരളത്തിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ക്യൂബയിലെ പഞ്ചകര്‍മ്മ സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കാന്‍ കേരളത്തിന്റെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പഞ്ചകര്‍മ്മ ചികിത്സയില്‍ പ്രാവീണ്യമുള്ള ട്രെയിനര്‍മാരെ ക്യൂബയിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ചര്‍ച്ചയില്‍ പങ്കെടുത്തു. ക്യൂബന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികള്‍, ക്യൂബന്‍ മെഡിക്കല്‍ സര്‍വീസസ് ട്രേഡിങ്ങ് കമ്പനി പ്രസിഡന്റ് യമില ഡി അര്‍മാസ് അവില, ഐ.പി.കെ (ട്രോപ്പിക്കല്‍ മെഡിസിന്‍) ഡയറക്ടര്‍ യാനിരിസ് ലോപസ് അല്‍മാഗ്വര്‍ തുടങ്ങിയവരും യോഗത്തില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് അറിയിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Kerala will be cooperate with cuba in the field of health