ബക്രീദ് ഇളവകുള്‍ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം അപലപനീയം; ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച സുപ്രീംകോടതിയിലെ കേസില്‍ കക്ഷിചേരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സുപ്രീം കോടതിയിലെ കേസില്‍ കക്ഷിചേരുമെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി. വ്യാപാരി വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ എകപക്ഷീയമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി. നസറുദ്ദീന്‍ പറഞ്ഞു.
ബക്രീദ് ഇളവകുള്‍ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്നും വാരാന്ത്യ ലോക്ഡൗണുകള്‍ ഒഴിവാക്കണമെന്ന ആവശ്യം വ്യാപാരികള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യമാണ് പിണാറായി സര്‍ക്കാര്‍ ചെയ്തത്. മുഖ്യമന്ത്രിയില്‍ പരിപൂര്‍ണവിശ്വാസമാണ്. സര്‍ക്കാരിന്റെ തീരുമാനം പൂര്‍ണമായി സ്വാഗതം ചെയ്യുന്നുവെന്നും നസറുദ്ദിന്‍ കൂട്ടിച്ചേര്‍ത്തു.
ബക്രീദിനായി ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം കിട്ടിയിരുന്നു. ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞു.
ടി.പി.ആര്‍. 15 ന് മുകളിലുള്ള ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് കൊടുത്തുവെന്നും ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.ആര്‍. ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മതപരമോ അല്ലാതെയോ ഉള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ജീവിക്കാനുള്ള മൗലികാവകാശത്തെ തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. സ്ഥിതി ഗുരുതരമായാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഈ നയങ്ങളുടെ ഫലമായി, അനിയന്ത്രിതമായ രീതിയില്‍ രോഗം പടര്‍ന്നുപിടിക്കുകയാണെങ്കില്‍, പൊതുജനങ്ങള്‍ക്ക് തങ്ങളെ സമീപിക്കാമെന്നും വിഷയത്തില്‍ തക്കതായ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
ഹരജി നേരത്തെ വന്നിരുന്നെങ്കില്‍ ഇളവ് റദ്ദാക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു.
നേരത്തെ ബക്രീദ് ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു.
മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി മലയാളി പി.കെ.ഡി. നമ്പ്യാര്‍ ആണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് നാളെ വാദം കേള്‍ക്കാനിരിക്കുന്ന ഹരജിയില്‍ ഇന്നുതന്നെ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.