മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് അവസാനിക്കും. 19 ദിവസം നീണ്ട പര്യടനമാണ് ഇന്ന് പൂര്‍ത്തിയാക്കുന്നത്. ഇന്ന് രാവിലെ നിലമ്പൂര്‍ ചുങ്കത്തറയില്‍ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര ഉച്ചയോടെ വഴിക്കടവ് മണിമൂളിയില്‍ സമാപിക്കും.
വലിയ ജനപങ്കാളിത്തമാണ് 19 ദിവസവും യാത്രക്ക് കേരളത്തിലുടനീളം ലഭിച്ചത്. ചില രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും യാത്ര കേരളത്തില്‍ വിജയമായെന്നാണ് കെ.പി.സി.സിയും വിലയിരുത്തുന്നത്. പരിപാടിയുടെ സംഘാടനത്തിലും കൃത്യനിഷ്ഠതയിലും യാത്ര വലിയ വിജയമായിരുന്നെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
ദിവസം 25-30 കിലോമീറ്റര്‍ വെച്ച് 19 ദിവസമായി ഏതാണ്ട് 450- 500 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയും സംഘവും കേരളത്തില്‍ നടന്നുതീര്‍ത്തത്.
I could walk a thousand miles for a moment like this.❤️ pic.twitter.com/c7ybGjAMew
— Rahul Gandhi (@RahulGandhi) September 28, 2022
കേരളത്തില്‍ രാഷ്ട്രീയപരമായി എല്‍.ഡി.എഫ് സര്‍ക്കാരിനെയോ സി.പി.ഐ.എമ്മിനെയോ വിമര്‍ശിക്കാന്‍ മുതിരാതെ കേന്ദ്ര സര്‍ക്കാരിനെയും അവരുടെ നയങ്ങളേയും കേന്ദ്രീകരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍. അതിനിടയിലും യാത്രയുടെ പേരില്‍ കോണ്‍ഗ്രസ്- സി.പി.ഐ.എം കേന്ദ്രങ്ങളില്‍ നിന്ന് ചേരി തിരിഞ്ഞ ചില സോഷ്യല്‍ മീഡിയ വിവാദത്തിനും യാത്ര സാക്ഷിയായി.